പറഞ്ഞ സമയം കിറുകൃത്യം; അതിനപ്പുറം ചോദ്യങ്ങള് വിലക്കി മുഖ്യമന്ത്രി
Mail This Article
കോഴിക്കോട് ∙ താൻ നിശ്ചയിച്ച സമയത്തിനപ്പുറത്തേക്ക് ഒരു ചോദ്യത്തിനും പ്രവേശനമില്ലെന്ന പ്രഖ്യാപിത നിലപാട് ആവർത്തിക്കുന്നതായിരുന്നു ഇന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ പത്രസമ്മളനം. 9.30ന് ആരംഭിക്കുമെന്ന് മുൻകൂട്ടി അറിയിച്ച പത്രസമ്മേളനത്തിന് സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിൽ മാധ്യമപ്പട നേരത്തെ സജ്ജമായിരുന്നു. കൃത്യം 9.30ന് വേദിയിലേക്കെത്തിയ മുഖ്യമന്ത്രി തന്റെ മൈക്കിനു മുന്നിൽ നിരത്തിയ ചാനൽ മൈക്കുകൾ കണ്ട് ഒരഭിപ്രായം മുന്നോട്ടുവച്ചു; തന്റെ നേരെ മുന്നിലുള്ള മൈക്കുകൾ ഇരുഭാഗത്തേക്കുമായി മാറ്റിയാൽ സൗകര്യപ്രദമാകുമെന്ന്. ഒന്നുരണ്ട് മാധ്യമപ്രവർത്തകർ എഴുന്നേറ്റുവന്ന് മൈക്കുകൾ ഇരുഭാഗത്തേക്കുമായി വകഞ്ഞുമാറ്റി മുഖ്യമന്ത്രി പറഞ്ഞുതുടങ്ങിയപ്പോൾ സമയം 9.32.
ഡൽഹിയിലെ ഇന്ത്യാ റാലിയെക്കുറിച്ചും രാഹുലിന്റെ വയനാടൻ മത്സരത്തെക്കുറിച്ചും ശക്തമായ വിമർശനമുന്നയിച്ചു തനിക്കു പറയാനുള്ളതെല്ലാം പറഞ്ഞുനിർത്തുമ്പോൾ സമയം 9.45. ഇനി മാധ്യമപ്രവർത്തകർക്കു ചോദ്യം ചോദിക്കാമെന്നും പക്ഷെ കൃത്യം 10ന് തനിക്കു അടുത്ത പരിപാടിക്കു പോകാനുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു. ആദ്യ ചോദ്യം വന്നയുടൻ അദ്ദേഹത്തിനു കുടിക്കാൻ വെള്ളമെത്തി. നിങ്ങളുടെ ചോദ്യം കൊണ്ട് വെള്ളം കുടിച്ചതല്ല കേട്ടോ എന്നു ഓർമിപ്പിക്കാൻ അദ്ദേഹം മറന്നില്ല. തുടർന്ന് രണ്ടോ മൂന്നോ ചോദ്യങ്ങൾക്കു മറുപടി നൽകിയപ്പോഴേക്കും സമയം 10.02. ചോദ്യങ്ങളിലൊന്ന് കാസർകോട്ടെ റിയാസ് മൗലവി വധക്കേസിലെ വിധിയെക്കുറിച്ചായിരുന്നു. ആ ചോദ്യം അദ്ദേഹം പ്രതീക്ഷിച്ചിരുന്നതുപോലെ അതിനുള്ള ഉത്തരം തയാറാക്കി കൊണ്ടുവന്നിരുന്നു.
അതു വായിക്കാൻ അവശേഷിച്ച സമയത്തിലെ സിംഹഭാഗവും അദ്ദേഹം പ്രയോജനപ്പെടുത്തി. റിയാസ് വധക്കേസ് വിധിയെക്കെുറിച്ച് വിശദമായ മറുപടി മുഖ്യമന്ത്രി പറഞ്ഞതോടെ ചോദ്യങ്ങളുടെ പെരുമഴയായിരുന്നു. അതിനാവട്ടെ ഒരൊറ്റ മറുപടിയും; ഇനിയൊരു ചോദ്യത്തിനും ഞാൻ മറുപടി പറയില്ല. നേരത്തെ വ്യക്തമാക്കിയ കാര്യമാണ്. ഇനി ഞാൻ മറുപടി പറഞ്ഞില്ലെന്നു വരുത്തിതീർക്കാനാണെങ്കിൽ നിങ്ങൾക്കു ചോദ്യങ്ങൾ ചോദിച്ചുകൊണ്ടേയിരിക്കാം’. അതും പറഞ്ഞ് പുഞ്ചിരിയോടെ അദ്ദേഹം എഴുന്നേറ്റു മുക്കത്തെ പൊതുയോഗത്തിൽ പങ്കെടുക്കാൻ പുറപ്പെട്ടു. അപ്പോൾ സമയം 10.03.