‘ഒരു സീറ്റിൽ 400 സ്ഥാനാർഥികൾ മത്സരിച്ചാൽ ബാലറ്റ് പേപ്പറിലൂടെയാകും തിരഞ്ഞെടുപ്പ്, ഞാൻ അതിനുള്ള തയാറെടുപ്പിലാണ്’
Mail This Article
ഭോപാൽ∙ ഒരു സീറ്റിൽ 400 സ്ഥാനാർഥികൾ മത്സരിച്ചാൽ ബാലറ്റ് പേപ്പറിലൂടെയാകും വോട്ടെടുപ്പെന്നും താൻ അതിനുള്ള തയാറെടുപ്പിലാണെന്നും മുതിർന്ന കോൺഗ്രസ് നേതാവും ലോക്സഭാ തിരഞ്ഞെടുപ്പിൽ മധ്യപ്രദേശിലെ രാജ്ഡഗിലെ സ്ഥാനാർഥിയുമായ ദിഗ് വിജയ് സിങ്. രാജ്ഗഡിലെ കച്നാരിയ ഗ്രാമത്തിൽ നടന്ന ഒരു സമ്മേളനത്തിലാണ് തിരഞ്ഞെടുപ്പ് ബാലറ്റ് പേപ്പറിലാക്കാൻ ഒരു വഴിയുണ്ടെന്നു പറഞ്ഞ് ദിഗ് വിജയ് സിങ് ഇക്കാര്യം പറഞ്ഞത്. ഇലക്‌ട്രോണിക് വോട്ടിങ്ങ് മെഷീനുകളുടെ അറിയപ്പെടുന്ന വിമർശകനാണ് മധ്യപ്രദേശിലെ മുൻ മുഖ്യമന്ത്രി കൂടിയായ ദിഗ് വിജയ് സിങ്.
തിരഞ്ഞെടുപ്പില്‍ മത്സരിക്കാനായി കെട്ടിവയ്‌ക്കേണ്ട തുകയുടെ വിവരങ്ങളും ദിഗ്‌വിജയ് സിങ് പറഞ്ഞു. ‘സംവരണ വിഭാഗത്തിൽ ഉൾപ്പെടാത്തവർക്ക് 25,000 രൂപയാണ് നാമനിർദ്ദേശ പത്രികയ്ക്കൊപ്പം കെട്ടിവയ്ക്കാനായി നൽകേണ്ടത്. എസ്‌സി/എസ്ടി വിഭാഗത്തിൽപ്പെട്ടവർ 12,500 രൂപ നൽകണം. ജനങ്ങൾ ഈ സർക്കാരിൽ മടുത്തു എന്നതിനാൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിക്കും’ – ദിഗ് വിജയ് സിങ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ഇന്ത്യാ സഖ്യത്തിൽ നിന്നും രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കൾ ഇതിനോടകം ഇവിഎമ്മിനെ എതിർത്ത് പലതവണ രംഗത്തെത്തിയിരുന്നു. എന്നാൽ ഇവിഎമ്മിനെ അവിശ്വസിക്കേണ്ട കാര്യമില്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ ആവർത്തിക്കുന്നത്. നടക്കാത്ത ആഗ്രഹങ്ങളുടെ പേരിൽ തിരഞ്ഞെടുപ്പ് കമ്മിഷനെ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നായിരുന്നു ഇവിഎമ്മുമായി ബന്ധപ്പെട്ട ചോദ്യത്തിനു തിരഞ്ഞെടുപ്പ് കമ്മിഷന്റെ മറുപടി.