കസ്റ്റഡിയിലിരിക്കെ ഭരണനിർദേശങ്ങളും ഉത്തരവുകളും; ഇ.ഡിയോട് വിശദീകരണം തേടി ഡൽഹി ഹൈക്കോടതി
Mail This Article
ന്യൂഡൽഹി ∙ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ, കസ്റ്റഡിയിലിരിക്കെ മന്ത്രിമാർക്കു ഭരണനിർദേശങ്ങളും ഉത്തരവുകളും നൽകിയതിൽ ഡൽഹി ഹൈക്കോടതി എൻഫോഴ്സ്മെന്റിന്റെ വിശദീകരണം തേടി. ഇക്കാര്യത്തിൽ ആവശ്യമായ നിർദേശം നൽകാൻ മദ്യനയ അഴിമതിക്കേസിൽ വാദം കേൾക്കുന്ന പ്രത്യേക ജഡ്ജിക്കും നിർദേശം നൽകി. കസ്റ്റഡിയിൽനിന്നു കേജ്‌രിവാൾ ഉത്തരവുകളിറക്കുന്നതു തടയണമെന്നാവശ്യപ്പെട്ടു നൽകിയ പൊതുതാൽപര്യ ഹർജി ഹൈക്കോടതി തള്ളി.
കസ്റ്റഡിയിലിരിക്കുമ്പോൾ ഭരണപരമായ ഉത്തരവുകളിറക്കാൻ കേജ്‌രിവാളിനു പ്രത്യേക സൗകര്യങ്ങളൊന്നും ചെയ്തു കൊടുത്തിരുന്നില്ലെന്ന് ഇഡിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഹർജി നിലനിൽക്കുന്നതല്ലെന്നായിരുന്നു കേജ‌്‌രിവാളിന്റെ അഭിഭാഷകന്റെ വാദം. കസ്റ്റഡിയിൽ കേജ്‌രിവാളിനു ടൈപ്പിസ്റ്റിനെ അനുവദിക്കരുതെന്നും കംപ്യൂട്ടറോ പ്രിന്ററോ നൽകരുതെന്നും ആവശ്യപ്പെട്ടാണ് സുർജിത് സിങ് യാദവ് ഹർജി നൽകിയത്.
ഇ.ഡി അറസ്റ്റ് ചെയ്തതിനു തൊട്ടടുത്ത ദിവസം മുതൽ കുടിവെള്ളം, ആരോഗ്യം തുടങ്ങിയ കാര്യങ്ങളിൽ കേജ്‌രിവാൾ നൽകിയ ഉത്തരവുകൾ എന്ന പേരിൽ മന്ത്രിമാരായ അതിഷിയും സൗരഭ് ഭരദ്വാജും കടലാസുകൾ പ്രദർശിപ്പിച്ചിരുന്നു. ആദ്യ തവണ ഉത്തരവ് കിട്ടിയപ്പോൾ ഡൽഹിയിലെ ജനങ്ങളോടുള്ള മുഖ്യമന്ത്രിയുടെ പ്രതിബന്ധത കണ്ടു തന്റെ കണ്ണുകൾ നിറഞ്ഞൊഴുകി എന്നാണു മന്ത്രി അതിഷി പറഞ്ഞത്.
എന്നാൽ, കസ്റ്റഡിയിൽനിന്നു കേജ്‌രിവാൾ നൽകിയ ഉത്തരവുകൾ എന്ന പേരിൽ ആം ആദ്മി മന്ത്രിമാർ പ്രചരിപ്പിക്കുന്ന കത്തുകൾ തട്ടിപ്പാണെന്നും ഇതിന്റെ യാഥാർഥ്യം പരിശോധിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടിരുന്നു. ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള ആം ആദ്മി പാർട്ടിയുടെ നാടകമാണിതെന്ന് ഡൽഹി ബിജെപി അധ്യക്ഷൻ വീരേന്ദർ സച്ച്‌ദേവ പറഞ്ഞു.