വൈഎസ്ആറിന്റെ മണ്ഡലത്തിൽ മകൾ ശർമിള സ്ഥാനാർഥി; ആന്ധ്രയിൽ തിരിച്ചെത്തുമോ കോൺഗ്രസ്
Mail This Article
ന്യൂഡൽഹി∙ ആന്ധ്രപ്രദേശിലെ കടപ്പ ലോക്സഭ മണ്ഡലത്തിൽ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ വൈ.എസ്. ശർമിള മത്സരിക്കും. ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രിയും ശർമിളയുടെ പിതാവുമായ അന്തരിച്ച വൈ.എസ്. രാജശേഖര റെഡ്ഡി 1989 മുതൽ 1999 വരെ പ്രതിനിധീകരിച്ച മണ്ഡലമാണിത്. ഒരുകാലത്തു കോൺഗ്രസിന്റെ ഉറച്ച കോട്ടയായിരുന്ന ആന്ധയിൽ കഴിഞ്ഞ തിരഞ്ഞെടുപ്പോടെ നാമാവശേഷമായ പാർട്ടിയെ പുനരുജ്ജീവിപ്പിക്കുന്ന പ്രവർത്തനങ്ങളിലാണ് അടുത്തിടെ പാർട്ടിയിലെത്തിയ ശർമിള.
ശർമിളയുടെ ബന്ധുവും വൈഎസ്ആർ കോൺഗ്രസ് പാർട്ടി അംഗവുമായ അവിനാഷ് റെഡ്ഡിയാണ് നിലവിൽ കടപ്പ മണ്ഡലം പ്രതിനിധീകരിക്കുന്നത്.
സഹോദരനും ആന്ധ്ര മുഖ്യമന്ത്രിയുമായ ജഗൻ മോഹൻ റെഡ്ഡിയുമായി പിണങ്ങിയാണ് ശർമിള വൈഎസ്ആർ കോൺഗ്രസ് വിട്ടതും കോൺഗ്രസിലെത്തിയതും. പാർട്ടിയിലെത്തി ദിവസങ്ങൾക്കുള്ളിൽ തന്നെ ഹൈക്കമാൻഡ് അവരെ സംസ്ഥാന അധ്യക്ഷയാക്കുകയായിരുന്നു. ഇന്ന് പുറത്തുവിട്ട 17 പേരുടെ പട്ടികയിലാണ് ശർമിളയുടെ പേരുൾപ്പെട്ടത്. ഒഡീഷയിൽനിന്നുള്ള എട്ട്, ആന്ധ്ര പ്രദേശിൽനിന്നുള്ള അഞ്ച്, ബിഹാറിലെ മൂന്ന്, ബംഗാളിലെ ഒന്ന് സീറ്റുകളിലേക്കുള്ള പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്.