യുഎൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം ലഭിക്കും; കഠിനാധ്വാനം ചെയ്യേണ്ടി വരുമെന്ന് എസ്.ജയശങ്കർ
Mail This Article
അഹമ്മദാബാദ്∙ ഐക്യരാഷ്ട്രസംഘടനയുടെ (യുഎൻ) രക്ഷാസമിതിയിൽ ഇന്ത്യയ്ക്കു സ്ഥിരാംഗത്വം ലഭിക്കുമെന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ പറഞ്ഞു. ഇന്ത്യയ്ക്ക് ഈ സ്ഥാനം ലഭിക്കണമെന്നു ലോകമെമ്പാടും ഒരു തോന്നൽ ഉള്ളതിനാൽ രാജ്യം അതിനായി ഇത്തവണ കൂടുതൽ കഠിനാധ്വാനം ചെയ്യേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഗുജറാത്തിലെ രാജ്‌കോട്ടിൽ നടന്ന ഒരു സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘‘ഏകദേശം 80 വർഷം മുൻപാണ് ഐക്യരാഷ്ട്രസംഘടന രൂപീകരിച്ചത്. ചൈന, ഫ്രാൻസ്, റഷ്യ, യുകെ, യുഎസ് എന്നീ അഞ്ച് രാജ്യങ്ങൾ അതിന്റെ രക്ഷാസമിതിയിൽ സ്ഥിരാംഗങ്ങളായി. ആ സമയത്ത് ലോകത്ത് 50 സ്വതന്ത്ര രാജ്യങ്ങളാണുണ്ടായിരുന്നത്. എന്നാൽ ഇപ്പോഴുള്ള രാജ്യങ്ങളുടെ എണ്ണം 193 ആയി. എന്നാൽ ഈ അഞ്ച് രാജ്യങ്ങളും അവരുടെ നിയന്ത്രണം നിലനിർത്തി. ഒരു മാറ്റത്തിനു അവരോടു സമ്മതം ആവശ്യപ്പെടുന്നത് വിചിത്രമാണ്. ചിലർ സത്യസന്ധമായി നിലപാടു പറയുമ്പോൾ മറ്റുചിലർ പിന്നിൽനിന്ന് എന്തെങ്കിലും ചെയ്യുകയാണ്. ഇതു വർഷങ്ങളായി തുടരുകയാണ്. എന്നാൽ ഇപ്പോൾ ഈ സ്ഥിതി മാറണമെന്നും ഇന്ത്യയ്ക്കു സ്ഥിരമായ ഒരു അംഗത്വം ലഭിക്കണമെന്നും ലോകമെമ്പാടും ഒരു വികാരമുണ്ട്. ഓരോ വർഷവും ഈ വികാരം വർധിക്കുന്നതു ഞാൻ കാണുന്നു. നമുക്ക് തീർച്ചയായും അതു ലഭിക്കും. എന്നാൽ കഠിനാധ്വാനം കൂടാതെയൊന്നും നേടാനാവില്ല’’ – ജയശങ്കർ പറഞ്ഞു.
ഇന്ത്യ, ജപ്പാൻ, ജർമനി, ഈജിപ്ത് എന്നീ രാജ്യങ്ങൾ ഐക്യരാഷ്ട്രസംഘടനയ്ക്കു മുമ്പാകെ ഒരു നിർദേശം മുന്നോട്ടു വച്ചിട്ടുണ്ടെന്നും ഇതു ഗുണകരമാകുമെന്നാണു കരുതുന്നതെന്നും ജയശങ്കർ പറഞ്ഞു. എന്നാൽ നമ്മൾ സമ്മർദ്ദം വർധിപ്പിക്കണം. ഐക്യരാഷ്ട്രസംഘടന ദുർബലമായെന്ന ഒരു വികാരം ലോകത്തുണ്ട്. യുക്രെയ്ൻ യുദ്ധം നടന്നപ്പോൾ ഐക്യരാഷ്ട്രസംഘടനയിൽ ഒരു സ്തംഭനാവസ്ഥ ഉണ്ടായിരുന്നു എന്ന വികാരമുണ്ടായിരുന്നു. ഈ വികാരം വർധിക്കുന്നതിന് അനുസരിച്ച് സ്ഥിരമായ സീറ്റ് ലഭിക്കാനുള്ള സാധ്യത വർധിക്കുമെന്നു താൻ കരുതുന്നുവെന്നും ജയശങ്കർ പറഞ്ഞു.