റിയാസ് മൗലവി വധക്കേസ്: പ്രതികളെ വെറുതെവിട്ട വിധിക്കെതിരെ അപ്പീൽ നൽകാൻ സർക്കാർ അനുമതി
Mail This Article
തിരുവനന്തപുരം∙ കാസർകോട് പഴയ ചൂരിയിലെ മദ്രസ അധ്യാപകൻ കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവി വധക്കേസിൽ മൂന്നു പ്രതികളെയും വെറുതെവിട്ട നടപടിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകാൻ സർക്കാർ അനുമതി നൽകി. പ്രതികളായ കാസർകോട് കേളുഗുഡ്ഡെ സ്വദേശികളായ അജേഷ് എന്ന അപ്പു (27), നിതിൻകുമാർ എന്ന നിതിൻ (26), കേളുഗുഡ്ഡെ ഗംഗെ നഗറിലെ അഖിലേഷ് എന്ന അഖിലു (32) എന്നിവരെ വിട്ടയച്ച കാസർകോട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി വിധിക്കെതിരെയാണു സർക്കാർ അപ്പീൽ നൽകുക.
കൊലപാതകം സംബന്ധിച്ചു പ്രതികളുടെ പങ്ക് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്നു വിലയിരുത്തിയാണു പ്രതികളെ കോടതി വെറുതേവിട്ടത്. പ്രതികൾക്കു മുസ്‌ലിം സമുദായത്തോടുള്ള വെറുപ്പാണു കൊലപാതകത്തിനു പിന്നിലെന്ന വാദവും ഇവർ ആർഎസ്എസ് പ്രവർത്തകരാണെന്ന വാദവും തെളിയിക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്നു കോടതി വിലയിരുത്തി.
2017 മാർച്ച് 20ന് അർധരാത്രിയോടെ ചൂരിയി മുഹ്‌യുദ്ദീൻ പള്ളിയോടു ചേർന്ന മുറിയിൽ ഉറങ്ങുകയായിരുന്ന മുഹമ്മദ് റിയാസ് മൗലവിയെ കത്തി കൊണ്ടു കുത്തി കൊലപ്പെടുത്തിയെന്ന കേസിൽ 3 പേരെയാണു പൊലീസ് പിടികൂടിയത്. കഴിഞ്ഞ 7 വർഷമായി ഇവർ ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്നു. സംഭവ സമയത്ത് കണ്ണൂർ ക്രൈംബ്രാഞ്ച് എസ്പി ആയിരുന്ന എ.ശ്രീനിവാസിന്റെ മേൽനോട്ടത്തിൽ അന്നു കോസ്റ്റൽ സിഐ ആയിരുന്ന പി.കെ.സുധാകരന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് 3 ദിവസത്തിനകം പ്രതികളെ പിടികൂടിയത്. 90 ദിവസത്തിനകം കോടതിയിൽ കുറ്റപത്രം സമർപ്പിച്ച കേസിൽ 2019ൽ വിചാരണ ആരംഭിച്ചു. 2022ൽ പൂർത്തിയായി. ഇതിനകം 8 ജഡ്ജിമാരുടെ മുൻപാകെ കേസ് പരിഗണനയ്ക്ക് എത്തി. വിചാരണയിൽ 97 സാക്ഷികളെ വിസ്തരിച്ചു. 215 രേഖകളും 45 തൊണ്ടി മുതലുകളും കോടതി അടയാളപ്പെടുത്തി. അന്തിമവാദം പൂർത്തിയായ കേസിൽ വിധി പറയുന്നത് പലതവണ മാറ്റിവച്ചിരുന്നു.