ADVERTISEMENT

തിരുവനന്തപുരം∙ കേരള തീരത്ത് കടലേറ്റം രൂക്ഷമായ സാഹചര്യത്തിൽ ഇതു സംബന്ധിച്ച് ശാസ്ത്രീയ വിശദീകരണവുമായി ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS). തെക്കൻ അറ്റ്ലാന്റിക് സമുദ്രത്തിൽ മാർച്ച് 23ന് ഇന്ത്യൻ തീരത്തുനിന്ന് 10,000 കിലോമീറ്റർ അകലെ ന്യൂനമർദം രൂപപ്പെടുകയും, മാർച്ച് 25ഓടെ ഈ ന്യൂനമർദം ഇന്ത്യൻ മഹാസമുദ്രത്തിന്റെ തെക്ക് ഭാഗത്തേക്ക് നീങ്ങുകയും ചെയ്തിരുന്നു. ഇതിന്റെ ഫലമായി തെക്കൻ ഇന്ത്യൻ മഹാസമുദ്രത്തിൽ (11 മീ) വളരെ ഉയർന്ന തിരമാലകൾ സൃഷ്ടിക്കുകയും, ആ തിരമാലകൾ പിന്നീട് ഇന്ത്യൻ തീരത്തേക്ക് എത്തുകയുമായിരുന്നെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം ഗ്രൂപ്പ് തലവൻ ‍ഡോ.പി.ബാലകൃഷ്ണൻ നായർ വ്യക്തമാക്കി.

കേരളതീരത്തും ലക്ഷദ്വീപിലും മാർച്ച് 31ന് രാവിലെയാണ് ഉയർന്ന തിരമാലകൾ ആദ്യമായി അനുഭവപ്പെട്ടത്. അടുത്ത രണ്ട് ദിവസത്തേക്ക്, ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്ത് ഈ പ്രവണത കാണാനും മെല്ലെ ഇവ ദുർബലമാകാനുമുളള സാധ്യതയാണുള്ളത്. ഇന്ത്യയുടെ കിഴക്കൻ തീരങ്ങളിലും (ആന്ധ്രപ്രദേശ്, ഒഡീഷ, ബംഗാൾ) ആൻഡമാൻ നിക്കോബാർ ദ്വീപുകളിലും സ്വെൽ സർജ് അലേർട്ട് ഇന്നു വരെ തുടരാനും സാധ്യതയുണ്ട് എന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കേരളത്തിന്റെ തീരപ്രദേശങ്ങളിൽ മാർച്ച് 31 ഉച്ച മുതൽ കണ്ട കടൽ കയറുന്ന പ്രതിഭാസം ‘കള്ളക്കടൽ’/swell surge ആണെന്ന് ദേശിയ സമുദ്രസ്ഥിതി ഗവേഷണ കേന്ദ്രം സ്ഥിരീകരിച്ചു.

കടലേറ്റ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് വീണ്ടും ജാഗ്രതാ നിർദേശം നൽകി. ഇന്ന് രാത്രി 11.30 വരെ അരമീറ്റർ മുതൽ 1.6 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായി ഒഴിവാക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്.

കള്ളക്കടൽ

ഇന്ത്യൻ മഹാസമുദ്രത്തിലെ തെക്കുഭാഗത്തായി (Southern Indian Ocean) ചില പ്രത്യേക സമയങ്ങളിൽ ഉണ്ടാവുന്ന ശക്തമായ കാറ്റിന്റെ ഫലമായി ഉയർന്ന തിരകൾ ഉണ്ടാവുകയും അവ വടക്കോട്ട് സഞ്ചരിച്ചു ഇന്ത്യയുടെ തെക്കൻ തീരങ്ങളിൽ എത്തുകയും ചെയ്യും. ഈ തിരകൾ പ്രത്യേകിച്ച് ലക്ഷണങ്ങൾ ഉണ്ടാവാതെ പെട്ടന്ന് തന്നെ ഉണ്ടാവുകയാണ് പതിവ്. ലക്ഷണങ്ങൾ കാണിക്കാതെ തിരകൾ പെട്ടന്ന് വരുന്നതുകൊണ്ടാണ് ഇവയെ ‘കള്ളക്കടൽ’ എന്ന് വിളിക്കുന്നത്‌. ഈ തിരകൾ മൂലം തീരപ്രദേശങ്ങളിൽ കടൽ ഉൾവലിയാനും/കയറാനും കാരണമാവുന്നു. കള്ളക്കടൽ സംബന്ധിച്ച കൂടുതൽ വിവരങ്ങളും അപ്ഡേറ്റുകളും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം വെബ്‌സൈറ്റിൽ ലഭ്യമാണ് (www.incois.gov.in/portal/osf/osf.jsp)

English Summary:

Swell surge phenomenon behind sudden high-energy swells, says INCOIS

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com