വിസ്താരയിൽ പൈലറ്റ് പ്രതിസന്ധി രൂക്ഷം: നിരവധി സർവീസുകൾ റദ്ദാക്കി; റിപ്പോർട്ട് തേടി കേന്ദ്രം
Mail This Article
ന്യൂഡൽഹി ∙ സര്‍വീസുകൾ നടത്താൻ ആവശ്യമായ പൈലറ്റുമാരെ ലഭ്യമാകാത്ത സാഹചര്യത്തിൽ വിസ്താര എയർലൈൻസ് ചൊവ്വാഴ്ച രാവിലെ മാത്രം 38 വിമാന സർവീസുകൾ റദ്ദാക്കി. മുംബൈ, ഡൽഹി, ബെംഗളൂരു ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽനിന്നുള്ള സർവീസുകളടക്കം മുടങ്ങി. കഴിഞ്ഞ ദിവസം 50 സർവീസുകൾ റദ്ദാക്കുകയും 160 വിമാനങ്ങൾ വൈകുകയും ചെയ്തിരുന്നു. പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ അറുപതോളം സർവീസുകൾ ഇന്ന് റദ്ദാക്കിയേക്കുമെന്നും സൂചനയുണ്ട്.
-
Also Read
ജൂൺ വരെ കടുത്ത ചൂട്; ഉഷ്ണതരംഗ സാധ്യത
വിമാനം റദ്ദാക്കുന്നതും വൈകുന്നതും സംബന്ധിച്ച് വിസ്താരയോട് കേന്ദ്ര വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ റിപ്പോർട്ട് തേടി. യാത്രക്കാർക്കുണ്ടാകുന്ന അസൗകര്യം പരിഹരിക്കാൻ വിസ്താര സ്വീകരിക്കുന്ന നടപടികളുടെ വിശദാംശങ്ങളും മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.
ദീര്‍ഘമായ ജോലിസമയമാണ് പൈലറ്റുമാര്‍ ഡ്യൂട്ടി ചെയ്യാന്‍ വിസമ്മതിക്കുന്നതിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നത്. നിരവധി യാത്രക്കാര്‍ വിസ്താരയുടെ പ്രശ്നം സാമൂഹിക മാധ്യമങ്ങളില്‍ ഉന്നയിക്കുകയും അധികൃതര്‍ക്ക് പരാതി നല്‍കുകയും ചെയ്തു. കമ്പനിയുടെ ഭാഗത്തുനിന്ന് കൃത്യമായ ആശയവിനിമയം ഉണ്ടാകുന്നില്ലെന്ന് യാത്രക്കാർ പരാതിപ്പെട്ടു. വിമാനത്താവളത്തിൽ മണിക്കൂറുകൾ നഷ്ടപ്പെടുന്നതായും ജീവനക്കാരിൽനിന്ന് മോശം പെരുമാറ്റമാണ് ഉണ്ടാകുന്നതെന്നും ചിലർ പ്രതികരിച്ചു. മതിയായ ജോലിക്കാരുടെ അഭാവം ഉൾപ്പെടെയുള്ള കാരണങ്ങളാലാണ് സർവീസുകൾ റദ്ദായതെന്ന വിശദീകരണവുമായി വിസ്താര രംഗത്തു വന്നിരുന്നു.
'കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഞങ്ങളുടെ നിരവധി സര്‍വീസുകള്‍ റദ്ദാക്കപ്പെടുകയോ വൈകുകയോ ചെയ്തു. വിമാന ജീവനക്കാരുടെ അഭാവം ഉള്‍പ്പെടെ ഞങ്ങളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട വിവിധ കാരണങ്ങളാലാണ് ഇത് സംഭവിച്ചത്. ഇതുകാരണം യാത്രക്കാർക്കുണ്ടായ അസൗകര്യം മനസിലാക്കുന്നു. ബുദ്ധിമുട്ട് പരിഹരിക്കാനായി ഞങ്ങളുടെ സംഘം പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്.' -വിസ്താരയുടെ വക്താവ് പറഞ്ഞു. താൽകാലികമായി സര്‍വീസുകളുടെ എണ്ണം കുറയ്ക്കുകയാണെന്നും പകരമായി യാത്രക്കാര്‍ക്ക് മറ്റു വിമാനങ്ങളില്‍ യാത്ര വാഗ്ദാനം ചെയ്യുകയോ അല്ലെങ്കില്‍ പണം തിരികെ നല്‍കുകയോ ചെയ്യുമെന്നും അവര്‍ അറിയിച്ചു.