കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ബിജുവിന് നാടിന്റെ അന്ത്യാഞ്ജലി; വികാരനിർഭര നിമിഷങ്ങൾ
Mail This Article
തുലാപ്പള്ളി (പത്തനംതിട്ട) ∙ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട പുളിക്കുന്നത്ത് മലയിൽ കുടിലിൽ ബിജുവിന് നാടിന്റെ അന്ത്യാഞ്ജലി. വീട്ടിലെ പൊതുദര്‍ശനത്തിനു ശേഷം മൃതദേഹം പള്ളിയിലേക്കു കൊണ്ടുപോയി. ബിജുവിന്റെ ഭാര്യയും മക്കളും അന്തിമോപചാരമർപ്പിച്ചു. ഉച്ചയ്ക്ക് 12 വരെ പള്ളിയിൽ പൊതുദർശനം നടക്കും. ഓട്ടോ ഡ്രൈവറായിരുന്ന ബിജുവിനെ ഏപ്രിൽ 1ന് പുലർച്ചെ ഒരുമണിയോടെ വീടിനു സമീപത്തു വച്ചാണ് കാട്ടാന ആക്രമിച്ചത്.
വീടിന്റെ മുറ്റത്തെ കൃഷി നശിപ്പിക്കുന്ന ശബ്ദം കേട്ടാണ് ആനയെ ഓടിക്കാന്‍ ബിജു ഇറങ്ങിയതെന്ന് ബന്ധുക്കൾ പറയുന്നു. പിന്നീട് വീട്ടിൽനിന്നും 50 മീറ്റര്‍ അകലെയായി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ബിജുവിന്റെ മരണത്തിൽ നാട്ടുകാർ വലിയ പ്രതിഷേധവുമായി രംഗത്തു വന്നിരുന്നു. നഷ്ടപരിഹാരമായി 10 ലക്ഷം രൂപ കഴിഞ്ഞ ദിവസം കുടുംബത്തിനു കൈമാറി. 50 ലക്ഷം രൂപ നൽകണമെന്നും വന്യമൃഗ ശല്യം കുറയ്ക്കാനുള്ള നടപടി ഉടൻ വേണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.