ADVERTISEMENT

കൽപറ്റ ∙ വയനാട് മണ്ഡലത്തിലെ ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് താൻ പ്രതിജ്ഞാബദ്ധനാണെന്ന പ്രഖ്യാപനവുമായി രാഹുൽ ഗാന്ധി വയനാട്ടിൽ. വയനാട് നേരിടുന്ന ചെറുതും വലുതുമായ പ്രശ്നങ്ങൾ പാർലമെന്റിന് അകത്തും പുറത്തും ഉന്നയിക്കാൻ താൻ ഇവിടുത്തെ ജനങ്ങൾക്കൊപ്പമുണ്ടാകുമെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി. അഞ്ച് വർഷം മുൻപ് പുതിയൊരാളായി വയനാട്ടിലെത്തിയ തന്നെ വളരെപ്പെട്ടെന്നുതന്നെ കുടുംബാംഗമായി മാറ്റിയ വയനാട്ടിലെ ജനതയ്ക്ക് രാഹുൽ നന്ദി അറിയിച്ചു.

വയനാട്ടിൽ വീണ്ടും മത്സരിക്കുന്ന രാഹുൽ, നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ എത്തിയപ്പോഴാണ് ഇക്കാര്യങ്ങൾ പറഞ്ഞത്. വൻ ജനാവലിയുടെ അകമ്പടിയോടെ നേതാക്കൾക്കൊപ്പം റോഡ് ഷോയുമായി എത്തിയാണ് രാഹുൽ നാമനിർദേശ പത്രിക സമർപ്പിച്ചത്. ജില്ലാ കലക്ടർ കൂടിയായ വരണാധികാരി ഡോ. രേണു രാജിനു മുൻപാകെയാണ് രാഹുൽ പത്രിക സമർപ്പിച്ചത്.

‘‘അഞ്ചു വർഷം മുൻപ് ഞാൻ ഇവിടെ വരുമ്പോൾ പുതിയൊരു ആളായിരുന്നു. ഞാനിവിടെ സ്ഥാനാർഥിയായി വന്നു, നിങ്ങൾ എന്നെ എംപിയായി തിരഞ്ഞെടുത്തു. വളരെപ്പെട്ടെന്നു തന്നെ എന്നെ നിങ്ങളുടെ കുടുംബത്തിന്റെ ഭാഗമാക്കി മാറ്റി. ഞാൻ ഇവിടെ നടത്തുന്നത് വെറുമൊരു രാഷ്്ട്രീയ പ്രസംഗമല്ല. നിങ്ങൾ യുഡിഎഫിന്റെ പ്രവർത്തകരാകട്ടെ, എൽഡിഎഫിന്റെ പ്രവർത്തകരാകട്ടെ, കക്ഷിരാഷ്ട്രീയത്തിന് അതീതമായി എനിക്ക് നിങ്ങളോട് സ്നേഹമുണ്ട്. നമ്മൾ സഹോദരങ്ങളേപ്പോലെ പ്രവർത്തിക്കുകയാണ്. രാഷ്ട്രീയ നിലപാടുകളിൽ വ്യത്യാസങ്ങളുണ്ടെങ്കിലും പൊതു വിഷയങ്ങളിൽ നാം ഒരുമിച്ചു പോകേണ്ടവരാണ്. പാർലമെന്റിൽ നിങ്ങളുടെ പ്രതിനിധിയായി ഇരിക്കുന്നത് ഒരു ബഹുമതിയായി ഞാൻ കാണുന്നു.

chandy-oommen-mla-road-show
റോഡ് ഷോയ്‌ക്കായി എത്തിയ ചാണ്ടി ഉമ്മൻ എംഎൽഎ പ്രവർത്തകർക്കൊപ്പം (ചിത്രം: മനോരമ)
റോഡ് ഷോയ്‌ക്കായി എത്തിയ യുഡിഎഫ് പ്രവർത്തകരുടെ ആവേശം. ചിത്രം: എം.ടി. വിധുരാജ് ∙ മനോരമ
റോഡ് ഷോയ്‌ക്കായി എത്തിയ യുഡിഎഫ് പ്രവർത്തകരുടെ ആവേശം. ചിത്രം: എം.ടി. വിധുരാജ് ∙ മനോരമ

‘‘കഴിഞ്ഞ അഞ്ച് വർഷം നിങ്ങളെ കേട്ടുകൊണ്ട്, നിങ്ങളോടു സംസാരിച്ചുകൊണ്ട്, നിങ്ങളിലൂടെ സഞ്ചരിച്ചുകൊണ്ട് ഒരുപാടു കാര്യങ്ങൾ ‍ഞാൻ പഠിച്ചിട്ടുണ്ട്. അതുകൊണ്ട്, വയനാട്ടിൽ എന്റെ കുടുംബാംഗങ്ങളായിട്ടുള്ള ഓരോ  സഹോദരീസഹോദരൻമാരോടും എന്റെ ഹൃദയത്തിൽ നിന്നുള്ള നന്ദി അറിയിക്കുന്നു. കഴിഞ്ഞ അഞ്ച് വർഷക്കാലം എന്റെ പാർലമെന്ററി ജീവിതം ധന്യമാക്കിയതിനും ഹൃദയം നിറഞ്ഞ നന്ദി. വയനാട്ടിലെ ജനങ്ങൾ നേരിടുന്ന ചില പ്രധാന പ്രശ്നങ്ങൾ പരിഹരിക്കാൻ ഞാൻ പ്രതിജ്ഞാബദ്ധനാണ് എന്ന കാര്യം ഇവിടെ ഓർമിപ്പിക്കുന്നു.

wayanad-road-show
റോഡ് ഷോയ്‌ക്കായി കൽപറ്റയിൽ എത്തിയ പ്രവർത്തകർ. ചിത്രം: എം.ടി. വിധുരാജ് ∙ മനോരമ
rahul-gandhi-at-wayanad
വയനാട്ടിലെത്തിയ രാഹുൽ ഗാന്ധി പ്രവർത്തകർക്കൊപ്പം. ചിത്രം: മനോരമ

‘‘വയനാട് നേരിടുന്ന ചെറുതും വലുതുമായ പ്രശ്നങ്ങൾ പാർലമെന്റിന് അകത്തും പുറത്തും ഉന്നയിക്കാൻ ഞാൻ നിങ്ങൾക്കൊപ്പമുണ്ടാകും എന്ന കാര്യം അടിവരയിട്ടു പറയട്ടെ.’’ – രാഹുൽ ഗാന്ധി പറഞ്ഞു. ഇംഗ്ലിഷിലുള്ള രാഹുലിന്റെ പ്രസംഗം കെ.സി. വേണുഗോപാലാണ് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത്.

∙ പ്രവർത്തകരെ ഇളക്കിമറിച്ച് റോഡ് ഷോ

വയനാട് മണ്ഡലത്തിൽ യുഡിഎഫ് പ്രവർത്തകരെ ഇളക്കിമറിച്ച് റോഡ് ഷോ നടത്തിയാണ് രാഹുൽ ഗാന്ധി നാമനിർദേശ പത്രിക സമർപ്പിക്കാൻ എത്തിയത്. എഐസിസി ജനറൽ സെക്രട്ടറി കൂടിയായ സഹോദരി പ്രിയങ്ക ഗാന്ധിയും രാഹുലിനൊപ്പമുണ്ടായിരുന്നു. ഇരുവരും തുറന്ന വാഹനത്തിൽ പ്രവർത്തകരുടെ അകമ്പടിയോടെയാണ് കൽപറ്റയിലെത്തിയത്.

rahul-gandhi-road-show-1
റോഡ് ഷോയിൽനിന്ന്. ചിത്രം: മനോരമ

രാഹുലിനും പ്രിയങ്കയ്ക്കും പുറമേ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കെപിസിസി ആക്ടിങ് പ്രസിഡന്റ് എം.എം. ഹസൻ, മുസ്‍ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, കെപിസിസി പ്രചാരണ സമിതി അധ്യക്ഷൻ രമേശ് ചെന്നിത്തല, യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡന്റ് ബി.വി. ശ്രീനിവാസ്, യുവനേതാവ് കനയ്യ കുമാർ, കേരള കോൺഗ്രസ് നേതാവ് മോൻസ് ജോസഫ്, കൽപറ്റ എംഎൽഎ ടി. സിദ്ദിഖ് തുടങ്ങിയവർ രാഹുലിനൊപ്പം തുറന്ന വാഹനത്തിലുണ്ടായിരുന്നു.

നേരത്തേ, ഹെലികോപ്റ്ററിലാണ് മൂപ്പൈനാട് തലക്കൽ ഗ്രൗണ്ടിലേക്ക് രാഹുലും പ്രിയങ്കയും എത്തിയത്. ഹെലിപാഡിനു സമീപം തടിച്ചുകൂടിയ പ്രവർത്തകരെ അഭിവാദ്യം ചെയ്ത ശേഷമാണ് രാഹുൽ റോഡ് ഷോയ്ക്കായി പോയത്. പത്രികാസമർപ്പണത്തിനു മുന്നോടിയായി മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽനിന്നുള്ള ആയിരക്കണക്കിനു യുഡിഎഫ് പ്രവർത്തകർ റോഡ് ഷോയ്‌ക്കെത്തി. വയനാടിനു പുറമേ മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നിന്നുള്ള പ്രവർത്തകരും കൽപറ്റയിൽ എത്തിയിരുന്നു.

English Summary:

Rahul Gandhi and Priyanka Gandhi's Grand Arrival for Nomination Event

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com