‘നീതിക്കായി ഏതറ്റം വരെ പോകുന്നതിനും ഒപ്പമുണ്ട്’: സിദ്ധാർഥന്റെ കുടുംബത്തിന് പിന്തുണയുമായി രാഹുൽ ഗാന്ധി
Mail This Article
കല്‍പ്പറ്റ∙ ഹോസ്റ്റലിൽ ക്രൂരമർദനമേറ്റതിനു പിന്നാലെ മരിച്ച പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥി ജെ.എസ്. സിദ്ധാർഥന്റെ കുടുംബത്തിന് എല്ലാവിധ പിന്തുണയും ഉറപ്പു നല്‍കി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിനുശേഷം കല്‍പ്പറ്റയില്‍ വച്ച് രാഹുല്‍ ഗാന്ധിയെ സിദ്ധാര്‍ഥന്റെ പിതാവ് ജയപ്രകാശ് കണ്ടു. കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഉള്‍പ്പെടെ രാഹുൽ ഗാന്ധി ചോദിച്ചറിഞ്ഞു.
പൂക്കോട് വെറ്ററിനറി സര്‍വകലാശാല ക്യാംപസില്‍ വച്ച് മർദനത്തിനിരയായ സിദ്ധാര്‍ഥന്റെ മരണത്തിന് ഉത്തരവാദികളായവരെ മുഴുവന്‍ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതുവരെ ഒപ്പമുണ്ടാകുമെന്നും ഇക്കാര്യത്തില്‍ ഏതറ്റം വരെ പോകാനും കൂടെയുണ്ടാകുമെന്നും ജയപ്രകാശിനു രാഹുല്‍ ഗാന്ധി ഉറപ്പു നല്‍കി. എഐസിസി ജനറല്‍ സെക്രട്ടറിമാരായ പ്രിയങ്ക ഗാന്ധി, കെ.സി.വേണുഗോപാല്‍, എംഎല്‍എമാരായ ടി.സിദ്ധിഖ്, എ.പി. അനില്‍കുമാര്‍ എന്നിവരും രാഹുല്‍ ഗാന്ധിക്കൊപ്പമുണ്ടായിരുന്നു.
അതേസമയം, പൂക്കോട് വെറ്ററിനറി സർവകലാശാല ജയപ്രകാശ് സന്ദർശിച്ചു. മകനെ നഗ്നവിചാരണ നടത്തിയ ഹോസ്റ്റൽ കാണാനാണു വന്നതെന്ന് ജയപ്രകാശ് പറഞ്ഞു. അന്വേഷണം അട്ടിമറിക്കാൻ നീക്കം നടക്കുന്നതായും രാഹുൽ ഗാന്ധിക്ക് നിവേദനം നൽകിയതായും ജയപ്രകാശ് പറഞ്ഞു.