ADVERTISEMENT

തിരുവനന്തപുരം ∙ സാത്താൻ സേവ സംഘം ഒരുക്കിയ കെണിയിൽ ആര്യ വീഴുകയായിരുന്നോ? അപകടം മനസിലാക്കി ആര്യയെ സംഘത്തിൽ നിന്നു മോചിപ്പിക്കാനുള്ള വീട്ടുകാരുടെ ശ്രമം പാളിയതാണോ മരണത്തിലേക്ക് എത്തിച്ചത്. അരുണാചൽ പ്രദേശിൽ ദമ്പതികളും യുവതിയും മരിച്ച സംഭവവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വിവരങ്ങൾ സാത്താൻസേവയുമായി ബന്ധപ്പെട്ട റാക്കറ്റുകൾ നാട്ടിലാകെ വലവിരിച്ചിട്ടുണ്ടോ എന്ന സംശയത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. പിതാവ് അനിൽകുമാർ പൊതുപ്രവർത്തകനാണെങ്കിലും ആര്യ നാട്ടുകാർക്ക് സുപരിചിതയായിരുന്നില്ല. അന്തർമുഖയായിരുന്ന ആര്യയുടെ ഒതുങ്ങിക്കൂടുന്ന സ്വഭാവമായിരിക്കാം ഒരുപക്ഷെ സാത്താൻസേവയിലേക്ക് എത്തിക്കാൻ സംഘത്തെ സഹായിച്ചതെന്നാണ് കരുതുന്നത്.

ഒടുവിൽ ആര്യ വിവാഹത്തിന് തയ്യാറായി 

നവീനും ദേവിയും ആര്യയെ കുടുക്കിയതാണെന്നാണ് ബന്ധുക്കളുടെ ബലമായ സംശയം. ആര്യക്ക് ദേവിയും നവീനുമായി ബന്ധമുള്ളതും ഇവർക്ക് സാത്താൻ സേവയുണ്ടെന്നും വീട്ടുകാർക്ക് അറിയാമായിരുന്നു. ഇതു മനസിലാക്കിയ ആര്യയുടെ വീട്ടുകാർ സ്കൂളിൽ നിന്നും അവധിയെടുപ്പിച്ച് ആര്യയെ കൗൺസിലിങ്ങിനു കൊണ്ടുപോയി. ആര്യയെന്ന അധ്യാപികയെ കുറിച്ച് ലക്കോള അധികൃതർക്കും മികച്ച അഭിപ്രായമാണുള്ളത്. കൗൺസിലിങ്ങിനു ശേഷം ദേവിയുമായും നവീനുമായും ആര്യ അടുപ്പം സൂക്ഷിച്ചിരുന്നില്ല. ഇതിനിടെ തമിഴ്നാട് അതിർത്തിക്ക് സമീപമുള്ള അമ്മ വീട്ടിലേക്കും ആര്യയെ കൊണ്ടുപോയി. അവിടെവച്ച് മനസ് മാറുന്നതോടെയാണ് ആര്യ കല്യാണത്തിന് സമ്മതിക്കുന്നത്. അതുവരെ കല്യാണം വേണ്ടെന്ന നിലപാടായിരുന്നു ആര്യയ്ക്ക്.  

ഇതിനിടെ ആര്യ എങ്ങനെ വീണ്ടും നവീന്റെ വലയിലായി എന്നതാണ് ബന്ധുക്കൾക്ക് മനസിലാകാത്തത്. ആര്യയുടെ കല്യാണം ഉറപ്പിച്ചതോടെ കൂട്ടത്തിൽ നിന്നും ഒരാൾ പോകുന്നുവെന്ന് മനസിലാക്കിയ നവീനും ദേവിയും തങ്ങളുടെ ദൗത്യം വേഗത്തിൽ നിറവേറ്റാനുള്ള നീക്കം തുടങ്ങിയതായാകാം എന്നാണ് ഇവരുടെ ഭാഷ്യം. നാലു മാസം മുൻപ് ആര്യയുടെ അച്ഛന്റെ വീട്ടുകാരുടെ കുടുംബസംഗമത്തിൽ ആര്യ പങ്കെടുത്തിരുന്നു. സന്തോഷവതിയായിരുന്നു ആര്യ. വിവാഹത്തിനുള്ള ഒരുക്കങ്ങളുടെ അവസാന ഘട്ടത്തിലായിരുന്നു വീട്ടുകാർ. കല്യാണത്തിനായുള്ള ഒരുക്കങ്ങളിൽ വീട്ടുകാർക്കൊപ്പം സജീവമായി ആര്യയുമുണ്ടായിരുന്നു. കല്യാണക്ഷണം അവസാനഘട്ടത്തിലായിരുന്നു. ആര്യയുടെ അച്ഛൻ അനിൽകുമാറിന്റെ ചില ബന്ധുക്കളെ മാത്രമാണ് കല്യാണം വിളിക്കാൻ ശേഷിച്ചിരുന്നത്. കല്യാണത്തിന് ആവശ്യമായ സ്വർണവും സാരിയുമെല്ലാം വീട്ടുകാർ എടുത്തിരുന്നു. ആര്യയുടെ ഇഷ്ടാനുസരണമാണ് എല്ലാം നടത്തിയതെന്നും ബന്ധുക്കൾ മനോരമ ഓൺലൈനോട് പറഞ്ഞു. മാർച്ച് 27ന് കാണാതാവുന്നതിനു മുൻപു വരെയും സന്തോഷവതിയായിരുന്നുവെന്ന് ബന്ധുക്കൾ ഓർമിക്കുന്നു. 

സിറോയിൽ ആഭിചാരം നടത്തുന്നവരുടെ കൺവൻഷൻ 

ആര്യ, ദേവി, നവീൻ എന്നിവരുടെ ഇമെയിൽ ചാറ്റുകൾ പൊലീസ് കണ്ടെത്തി. 2021 മുതലുള്ള ഇമെയിൽ ചാറ്റുകളാണ് കണ്ടെത്തിയിരിക്കുന്നത്. ചാറ്റിന്റെ ഉള്ളടക്കം ഇപ്പോൾ പുറത്തുപറയാനാകില്ലെന്നും കൂടുതൽ അന്വേഷണം ആവശ്യമാണെന്നുമാണ് പൊലീസ് പറയുന്നത്. നാലു വർഷമായി ഇവർക്ക് പരസ്പരം പരിചയമുണ്ട്. അതേസമയം, ഇവർ മരണത്തിന് തിരഞ്ഞെടുത്ത അരുണാചൽ പ്രദേശിലെ സിറോയിൽ ആഭിചാരം നടത്തുന്നവരുടെ കൺവെൻഷൻ നടന്നിരുന്നുവെന്നും ഇവർ അതിൽ പങ്കാളികളായി എന്നും വിവരമുണ്ട്. ഈസ്റ്റർ ദിവസം രാത്രി മരണത്തിനായി മനഃപൂർവം തിരഞ്ഞെടുത്തതാണ്. ഹോട്ടലിലെത്തി ആദ്യ മൂന്നുദിവസങ്ങളിൽ ആര്യയും നവീനും ആര്യയും പുറത്തുപോയിരുന്നതായി ഹോട്ടൽ ജീവനക്കാർ പറയുന്നുണ്ട്. ഇത് കൺവെൻഷനിൽ പങ്കെടുക്കാൻ പോയതാകാമെന്നാണ് പൊലീസ് സംശയം.

English Summary:

Was Arya falling into the trap set by the Satan Worship gangs?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT