ADVERTISEMENT

കോഴിക്കോട്∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ പീഡിപ്പിക്കപ്പെട്ട യുവതിക്ക് അനുകൂല നിലപാട് എടുത്തതിന്റെ പേരിൽ സ്ഥലം മാറ്റപ്പെട്ട സീനിയർ നഴ്സിങ് ഓഫിസർ പി.ബി.അനിതയ്ക്ക് കോഴിക്കോട് നിയമനം നൽകി. ഇതുസംബന്ധിച്ച സർക്കാർ ഉത്തരവ് പുറത്തിറങ്ങി. നിര്‍ദേശമുണ്ടായിട്ടും അനിതയ്ക്കു നിയമനം നല്‍കാതിരുന്ന സര്‍ക്കാര്‍ നടപടി വന്‍വിവാദമായിരുന്നു. അനിതയുടെ നിയമനത്തിനെതിരെ സര്‍ക്കാര്‍ റിവ്യൂ ഹര്‍ജി നല്‍കുകയും ചെയ്തു.  അനിതയുടെയും അവരെ പിന്തുണച്ചുള്ള അതിജീവിതയുടെയും സമരം വലിയ ശ്രദ്ധനേടിയതിനു പിന്നാലെയാണ് അനിതയ്ക്ക് കോഴിക്കോട് മെഡി.കോളജിൽ തന്നെ നിയമനം നൽകിയത്. അനിതയുടെ കോടതിയലക്ഷ്യ ഹർജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കുന്നുണ്ട്. സമരം അവസാനിപ്പിക്കുമെന്നും സര്‍ക്കാര്‍ നടപടികളില്‍ പൂര്‍ണതൃപ്തിയില്ലെന്നും അനിത പറഞ്ഞു.

അനിതയെ ഏപ്രിൽ ഒന്നിന് കോഴിക്കോട് മെഡിക്കൽ കോളജിൽ തിരികെ പ്രവേശിപ്പിക്കണമെന്നു ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ‌ കോടതി ഉത്തരവ് നടപ്പാക്കിയില്ല. തുടർന്ന് മെ‍ഡിക്കൽ കോളജിൽ അനിത സമരം തുടങ്ങി. അനിതയ്ക്ക് പിന്തുണയുമായെത്തിയ അതിജീവിത കണ്ണുകെട്ടി പ്രതിഷേധിച്ചിരുന്നു. കണ്ണുതുറന്ന് കാണാത്ത ആരോഗ്യമന്ത്രിക്ക് എതിരെയാണ് കണ്ണുകെട്ടി പ്രതിഷേധമെന്നായിരുന്നു അതിജീവിത പറഞ്ഞത്. പ്രതിപക്ഷനേതാവ് വി.ഡി.സതീശനും കോഴിക്കോട്ടെ  ബിജെപി സ്ഥാനാർഥി എം.ടി.രമേശും അനിതയെ സന്ദർശിച്ച് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. സർക്കാർ വേട്ടക്കാർക്കും പീഡനവീരന്മാർക്കുമൊപ്പമാണെന്ന് തെളിയിക്കുന്നതാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ അനിതയ്ക്കു നേരിടുന്ന അനുഭവങ്ങൾ തെളിയിക്കുന്നതെന്നായിരുന്നു സതീശൻ പറഞ്ഞത്. ആരോഗ്യ മന്ത്രി നടത്തിയിരിക്കുന്നത് സത്യപ്രതിജ്ഞാ ലംഘനമാണ്. മുഖ്യമന്ത്രി അവരുടെ വേണ്ടാതീനത്തിന് സർവ പിന്തുണയും കൊടുത്തു കൂടെ നിൽക്കുന്നു. ഈ മന്ത്രിയും ഒരു സ്ത്രീയല്ലേ ? –പ്രതിപക്ഷ നേതാവ് ചോദിച്ചു. 

മെഡിക്കൽ കോളജ് ഐസിയുവിൽ 2023 മാർച്ച് 18നു ശസ്ത്രക്രിയ കഴിഞ്ഞ് അർധ ബോധാവസ്ഥയിലായിരിക്കെയാണു ജീവനക്കാരൻ യുവതിയെ പീഡിപ്പിച്ചത്. പരാതി നൽകിയ യുവതിയെ മൊഴി മാറ്റിക്കാൻ 6 വനിതാ ജീവനക്കാർ ഭീഷണിപ്പെടുത്തിയ സംഭവം അധികൃതർക്ക് അനിത റിപ്പോർട്ട് ചെയ്തു. തുടർന്ന് 6 പേരെയും സസ്പെൻഡ് ചെയ്തു. പ്രത്യേക അന്വേഷണ സമിതിക്കും പൊലീസിനും മുൻപിൽ ഭീഷണി സ്ഥിരീകരിച്ചു മൊഴി നൽകിയ അനിതയെയും ചീഫ് നഴ്സിങ് ഓഫിസർ, നഴ്സിങ് സൂപ്രണ്ട് എന്നിവരെയും സ്ഥലം മാറ്റി. അനിത ഒഴികെയുള്ളവർക്ക് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽനിന്ന് സ്റ്റേ ലഭിക്കുകയും അവർ തിരികെ ജോലിയിൽ കയറുകയും ചെയ്തു. അനിതയ്ക്കു നിയമനം നൽകാൻ കോഴിക്കോട്ട് ഒഴിവില്ല എന്നായിരുന്നു സർക്കാർ വാദം. മറ്റൊരാൾക്ക് അതിനകം കോഴിക്കോട്ട് നിയമനം നൽകി. തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. അനിതയെ കുറ്റവിമുക്തയാക്കിയ കോടതി, സർവീസ് റെക്കോർഡിൽ ഇക്കാര്യങ്ങൾ രേഖപ്പെടുത്തരുതെന്നും നിർദേശിച്ചു. 5 ജീവനക്കാരുടെ പേരെഴുതി നൽകിയതിനു യൂണിയൻ നേതാവ് അനിതയെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതെക്കുറിച്ച് അനിത പ്രിൻസിപ്പലിന് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com