ADVERTISEMENT

കോട്ടയം∙ കേരളത്തിൽ അന്തിമ സ്ഥാനാർഥി പട്ടിക പുറത്തുവന്നതോടെ തിരഞ്ഞെടുപ്പ് ചിത്രം കൂടുതൽ വ്യക്തമായി. കേരളം പോളിങ് ബൂത്തിലെത്താൻ ഇനി 18 ദിവസങ്ങൾ മാത്രം ബാക്കി. നാമനിർദേശ പത്രിക പിൻവലിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചപ്പോൾ പത്രിക പിൻവലിച്ചത് 10 പേർ. ഇതോടെ 20 മണ്ഡലങ്ങളിലായി 194 സ്ഥാനാർഥികളാണു കേരളത്തിന്റെ പോരാട്ടകളത്തിൽ ജനവിധി തേടിയിറങ്ങുന്നത്. 14 സ്ഥാനാർഥികളുമായി കോട്ടയം എണ്ണത്തിൽ മുന്നിൽ നിൽക്കുമ്പോൾ അഞ്ച് സ്ഥാനാർഥികളുമായി ആലത്തൂരാണു പിന്നിൽ. 

2009 മുതലുള്ള തിരഞ്ഞെടുപ്പ് ചിത്രം പരിശോധിച്ചാൽ ഇത്തവണയാണു കേരളത്തിൽ സ്ഥാനാർഥികളുടെ എണ്ണം 200ൽ കുറയുന്നത്. 2009ൽ ആകെ 217 സ്ഥാനാർഥികളാണു മത്സരരംഗത്ത് ഉണ്ടായിരുന്നതെങ്കിൽ 2014ൽ അത് 269 ആയി ഉയർന്നു. 2019ൽ 217 സ്ഥാനാർഥികളാണു ജനവിധി തേടിയത്.  കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 202 പുരുഷന്മാരും 24 സ്ത്രീകളും മത്സരരംഗത്ത് ഉണ്ടായിരുന്നെങ്കിൽ ഇത്തവണ പുരുഷന്മാരുടെ എണ്ണം 169 ആയി കുറയുകയും സ്ത്രീകളുടെ എണ്ണം ഒരക്കം കൂട്ടി 25 ആകുകയും ചെയ്തു. 2019ൽ എറണാകുളത്തുനിന്ന് ഒരു ട്രാൻസ്ജെൻഡർ സ്ഥാനാർഥിയും രംഗത്തുണ്ടായിരുന്നു.

തിരുവനന്തപുരം മണ്ഡലത്തിൽ 2019ൽ 17 പേരാണ് ജനവിധി തേടിയതെങ്കിൽ ഇത്തവണ അത് 12 ആയി കുറഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 19 സ്ഥാനാർഥികൾ മത്സരരംഗത്തുണ്ടായിരുന്ന ആറ്റിങ്ങലിൽ ഇത്തവണ പകുതി പോലും ഇല്ല. സ്വതന്ത്രർ അടക്കം ഏഴു പേർ മാത്രം.

2019ൽ 7 സ്ഥാനാർഥികളാണ് ഉണ്ടായിരുന്നതെങ്കിൽ ഇത്തവണ ഏറ്റവും കൂടുതൽ സ്ഥാനാർഥികളുള്ള മണ്ഡലം കോട്ടയമാണ് (14). കൊല്ലത്തും പാലക്കാടും കഴിഞ്ഞ തവണത്തേക്കാൾ സ്ഥാനാർഥികളുടെ എണ്ണം കൂടിയപ്പോൾ 2019ൽ 20 സ്ഥാനാർഥികളുണ്ടായിരുന്ന വയനാട് ഇത്തവണ 9 പേർ മാത്രം. 2019ൽ ഏറ്റവും കൂടുതൽ സ്ഥാനാർഥികളും വയനാട്ടിലായിരുന്നു.

പതിവുപോലെ വനിതാ സ്ഥാനാർഥികൾ ഇത്തവണയും എണ്ണത്തിൽ കുറവാണ്. കണ്ണൂർ, മലപ്പുറം, തൃശൂർ, കോട്ടയം, മാവേലിക്കര, പത്തനംതിട്ട മണ്ഡലങ്ങളിൽ ഒരു വനിതാ സ്ഥാനാർഥി പോലുമില്ല. കഴിഞ്ഞ തവണ വനിതാ സ്ഥാനാർഥികൾ ഇല്ലാതിരുന്ന വടകരയിൽ ഇത്തവണ സിപിഎമ്മിന്റെ കരുത്തുറ്റ സ്ഥാനാർഥി കെ.കെ.ശൈലജ ഉൾപ്പെടെ നാലു വനിതാ സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. ഇത്തവണ ഏറ്റവും കൂടുതൽ വനിതാ സ്ഥാനാർഥികളുള്ളതും വടകരയിലാണ്. രണ്ടാമത് കാസർകോടാണ്– മൂന്നു പേർ.

(With inputs from Manorama Editorial Research)

English Summary:

Comparison of Kerala final candidate list-infographics

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com