‘പേരിൽ’ തർക്കം; ഒടുവിൽ ‘കെ.സുധാകരന്’ മാത്രം
Mail This Article
കണ്ണൂർ∙ ലോക്സഭ തിരഞ്ഞെടുപ്പിൽ വോട്ടിങ് യന്ത്രത്തിലും പോസ്റ്റൽ ബാലറ്റിലും യുഡിഎഫ് സ്ഥാനാർഥി കെ.സുധാകരന്റെ പേരിനൊപ്പം അച്ഛന്റെ പേരുകൂടി ചേർക്കാനുള്ള നീക്കത്തെത്തുടർന്ന് തർക്കം. കെ.സുധാകരൻ എന്ന പേരിൽ രണ്ട് സ്വതന്ത്ര സ്ഥാനാർഥികൾ കൂടി മത്സര രംഗത്തു വന്നതോടെ എല്ലാവരുടെയും പേരിനു ശേഷം അവരുടെ അച്ഛന്റെ പേരുകൂടി ചേർക്കാൻ വരണാധികാരി തീരുമാനിക്കുകയായിരുന്നു.
യുഡിഎഫ് സ്ഥാനാർഥിയായ കെ.സുധാകരന്റെ പേര് കെ.സുധാകരൻ s/o രാമുണ്ണി വി എന്നാക്കാനായിരുന്നു തീരുമാനം. എന്നാൽ അറിയപ്പെടുന്ന പേര് മാറ്റാനുള്ള ശ്രമം സുധാകരൻ അംഗീകരിച്ചില്ല. മുഖ്യതിരഞ്ഞെടുപ്പ് ഓഫിസർ സഞ്ജയ് കൗളിനെ ഉൾപ്പെടെ വിളിച്ച് യുഡിഎഫ് നേതൃത്വം പരാതിപ്പെട്ടതോടെ കെ.സുധാകരന്റെ പേര് മാറ്റമില്ലാതെ നിലനിർത്താൻ തീരുമാനിച്ചു.
സ്വതന്ത്രരായ കെ.സുധാകരന്മാരുടെ പേരുകൾ വോട്ടിങ് യന്ത്രത്തിന്റെ അവസാനത്തെ രണ്ടു പേരുകളായാണ് വോട്ടിങ് യന്ത്രത്തിൽ ഉൾപ്പെടുത്തുക. കെ.സുധാകരൻ s/o കൃഷ്ണന്റെ ചിഹ്നം വളകളും കെ.സുധാകരൻ s/o പി.ഗോപാലന്റെ ചിഹ്നം ഗ്ലാസ് ടംബ്ലറുമാണ്.
മറ്റൊരു എം.വി.ജയരാജനും ഒരു ജയരാജും ജയരാജ് ഇ.പിയും മത്സരിക്കുന്ന സാഹചര്യം മുന്നിൽക്കണ്ട് എൽഡിഎഫ് സ്ഥാനാർഥിയായ എം.വി.ജയരാജൻ തന്റെ പേരിനൊപ്പം അഡ്വ. എന്ന് കൂട്ടിച്ചേർക്കാൻ ആവശ്യപ്പെട്ടത് വരണാധികാരി അംഗീകരിച്ചു. ഇതോടെ എം.വി.ജയരാജന്റെ പേര് അഡ്വ. എം.വി.ജയരാജൻ എന്നാണ് വോട്ടിങ് യന്ത്രത്തിൽ രേഖപ്പെടുത്തുക. അപരന്മാരിൽ ജയരാജ് ഇ.പി.യുടെ പേര് അഞ്ചാമതായും ജയരാജൻ എം.വി.യുടെ പേര് അച്ഛന്റെ പേരുകൂടി ചേർത്ത് ജയരാജൻ എം.വി. s/o വേലായുധൻ എന്ന തരത്തിൽ ആറാമതായും ഉൾപ്പെടുത്തും. എയർക്കണ്ടീഷനർ ആണ് ജയരാജ്.ഇ.പിക്ക് അനുവദിച്ചിരിക്കുന്ന ചിഹ്നം. ജയരാജൻ.എം.വി. s/o വേലായുധന്റേത് അലമാരയും.