ADVERTISEMENT

ബെംഗളൂരു∙ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പങ്കെടുത്ത തിരഞ്ഞെടുപ്പ് റാലിക്കിടെ വൻ സുരക്ഷ വീഴ്‌ച. ബെംഗളൂരു സെൻട്രൽ, സൗത്ത് ലോക്‌സഭ മണ്ഡലങ്ങളിലെ സ്ഥാനാർഥികൾക്കായി പ്രചാരണത്തിനെത്തിയതായിരുന്നു മുഖ്യമന്ത്രി. ഇതിനിടെ അരയിൽ തോക്കുമായെത്തിയ ഒരാൾ അദ്ദേഹത്തെ ഹാരമണിയിക്കുകയായിരുന്നു. സംഭവത്തിൽ സിദ്ധാപൂർ സ്വദേശി റിയാസ് അഹമ്മദ് എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. വിൽസൺ ഗാർഡനു സമീപം തുറന്ന വാഹനത്തിലായിരുന്നു സിദ്ധരാമയ്യയുടെ പ്രചാരണം.

സിദ്ധാപൂരിലെ കോൺഗ്രസ് പ്രവർത്തകനായ റിയാസ് അഹമ്മദ് പ്രചാരണ വാഹനത്തിൽ കയറിയാണ് മുഖ്യമന്ത്രി സിദ്ധരാമയ്യയെ ഹാരമണിയിച്ചത്. ഈ സമയം ഇയാളുടെ അരയിൽ തോക്കുണ്ടായിരുന്നു. സംഭവത്തിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. പരിശോധന നടത്തിയ ശേഷമേ ഇസഡ് ലെവൽ സുരക്ഷയുള്ള മുഖ്യമന്ത്രിമാരുടെ അടുത്തേക്ക് ആളുകളെ കടത്തി വിടാറുള്ളൂ. എന്നാൽ, ഈ സുരക്ഷ മാനദണ്ഡങ്ങളൊക്കെ ലംഘിച്ചുകൊണ്ടാണ് തോക്കുമായി എത്തിയ ഒരാൾ മുഖ്യമന്ത്രിയെ ഹാരമണിയിച്ചത്. തുടർന്ന് സുരക്ഷ വീഴ്‌ചയുണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം വിമർശനവുമായി രംഗത്തെത്തി.

അതേസമയം, റിയാസിനു ലൈസൻസുള്ള തോക്കുണ്ടെന്ന് സൗത്ത് ഡിവിഷൻ ഡിസിപി ലോകേഷ് ഭരമപ്പ അറിയിച്ചു. ലോക്‌സഭ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനു ശേഷം ലൈസൻസുള്ള ആയുധങ്ങൾ ലോക്കൽ പൊലീസ് സ്റ്റേഷനിൽ നിക്ഷേപിക്കണമെന്ന് നേരത്തെ നിർദേശം നൽകിയിരുന്നു. 2019ൽ താൻ ആക്രമിക്കപ്പെട്ടിരുന്നുവെന്നും വീണ്ടും ആക്രമണം ഉണ്ടാകുമോയെന്ന് ഭയന്നാണ് തോക്ക് ഉപയോഗിച്ചതെന്നുമാണ് റിയാസ് അഹമ്മദിന്റെ വിശദീകരണം. 

English Summary:

Gun on his belt, man gets close to garland Siddaramaiah at rally

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com