കൺസ്യൂമർഫെഡ് റമസാൻ–വിഷു ചന്തകൾ പെരുമാറ്റ ചട്ടത്തിന്റെ ലംഘനം: കേന്ദ്രതിരഞ്ഞെടുപ്പ് കമ്മിഷൻ
Mail This Article
കൊച്ചി∙ സംസ്ഥാനത്ത് സർക്കാർ സബ്സിഡിയോടെ കൺസ്യൂമർഫെഡ് ആരംഭിക്കാനിരുന്ന റമസാൻ–വിഷു ചന്തകൾ പെരുമാറ്റ ചട്ടത്തിന്റെ ലംഘനമാകും എന്നതിനാലാണ് അവയ്ക്ക് അനുമതി നിഷേധിച്ചതെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ. ഹൈക്കോടതിയിലാണ് കമ്മിഷന്‍ നിലപാട് അറിയിച്ചത്. ഈ മാസം 8 മുതൽ 14 വരെ സംസ്ഥാനത്തുടനീളം 250 റമസാൻ–വിഷു ചന്തകള്‍ ആരംഭിക്കാനിരിക്കെ കമ്മിഷൻ ഇതിന് തടയിടുകയായിരുന്നു. ഏപ്രിൽ 26ന് തിരഞ്ഞെടുപ്പു നടക്കാനിരിക്കെ, സബ്സിഡി നിരക്കിൽ സാധനങ്ങൾ നൽകുന്നത് വോട്ടര്‍മാരെ സ്വാധീനിക്കും എന്നാണ് നിരോധനത്തിനു കാരണമായി കമ്മിഷൻ പറഞ്ഞിരിക്കുന്നത്. കമ്മിഷന്റെ നിലപാടിനെതിരെ കൺസ്യൂമർഫെഡ് ഹൈക്കോടതിയിൽ നൽകിയ ഹർജിക്കുള്ള മറുപടി സത്യവാങ്മൂലത്തിലാണ് കമ്മിഷൻ നിലപാടറിയിച്ചത്. കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.
ജനങ്ങള്‍ക്ക് ഉപകാരപ്രദമാകുന്ന നടപടികൾ തിരഞ്ഞെടുപ്പിന്റെ സമയത്തല്ല, അതിനും നേരത്തെയാണ് സ്വീകരിക്കേണ്ടതെന്ന് മുൻകാല സുപ്രീംകോടതി വിധികൾ ചൂണ്ടിക്കാട്ടി കമ്മിഷൻ പറയുന്നു. അധികാരത്തിലിരിക്കുന്ന പാർട്ടി സർക്കാർ സംവിധാനങ്ങൾ തങ്ങളുടെ നേട്ടങ്ങൾക്കായി ദുരുപയോഗിച്ചേക്കാം എന്ന് ആരോപണങ്ങളുയരാം. എല്ലാ പാര്‍ട്ടികൾക്കും തുല്യരായി മത്സരിക്കാവുന്ന വിധത്തിൽ കാര്യങ്ങൾ മാറേണ്ടതുണ്ട്. അവിടെ ഒരു രാഷ്ട്രീയ പാർട്ടിക്കും അനർഹമായ മുൻതൂക്കം ലഭിക്കാൻ പാടില്ല. ഭരിക്കുന്ന പാർട്ടിക്ക് അധികാരം ഉണ്ട് എന്നതിനാൽ അത് തിരഞ്ഞെടുപ്പ് നേട്ടത്തിനു വേണ്ടി ഉപയോഗിക്കാൻ പാടില്ല എന്നാണ് പെരുമാറ്റച്ചട്ടം വ്യക്തമാക്കുന്നത്.
സംസ്ഥാനത്ത് ഏപ്രിൽ 8 മുതൽ 14 വരെ 250 റമസാൻ–വിഷു ചന്തകൾ തുറക്കാനായിരുന്നു കൺസ്യൂമർഫെഡിന്റെ തീരുമാനം. ഇതിനായി 5 കോടി രൂപ സർക്കാർ സബ്സിഡിയും അനുവദിച്ചിരുന്നു. ഇതു ചൂണ്ടിക്കാട്ടിയാണ് തിരഞ്ഞെടുപ്പു കമ്മീഷൻ ചന്തകൾക്ക് അനുമതി നിഷേധിച്ചത്. ഏപ്രിൽ26ന് തിരഞ്ഞെടുപ്പിനെ നേരിടേണ്ട സംസ്ഥാനത്ത് ഇത്തരത്തിൽ സബ്സിഡി നിരക്കിൽ സാധനങ്ങൾ നല്‍കുന്നത് വോട്ടർമാരെ സ്വാധീനിക്കാൻ സാധ്യതയുള്ളതാണ്. അതുകൊണ്ട് തിരഞ്ഞെടുപ്പു കഴിയുന്നതു വരെ ഇത്തരത്തിലുള്ള പദ്ധതികൾ മാറ്റി വയ്ക്കാനാണ് മുഖ്യതിരഞ്ഞെടുപ്പ് ഓഫിസർ നിര്‍ദേശിച്ചതെന്നും സത്യവാങ്മൂലത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ പറഞ്ഞു
സംസ്ഥാനത്ത് എല്ലാ വർഷവും റമസാന്‍–വിഷു ചന്തകൾ നടക്കാറുണ്ട്. അതുകൊണ്ടു തന്നെ ഇത്തവണയും അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു അധികൃതർ. കൺസ്യൂമർഫെഡ് റമസാൻ–വിഷു ചന്തകൾ തുറക്കുന്നതു സംബന്ധിച്ച വിവരങ്ങള്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് ൈകമാറുകയും ചെയ്തിരുന്നു. എന്നാൽ ഇത് പെരുമാറ്റ ചട്ടത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി നെയ്യാറ്റിൻകര സ്വദേശി ജി.ഗോവിന്ദ് നായരും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർക്ക് പരാതി നൽകി. തുടർന്ന് ഈ പരാതികൾ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനു സമർപ്പിച്ചപ്പോഴാണ് ചന്തകൾക്ക് അനുമതി നിഷേധിച്ചുകൊണ്ടുള്ള തീരുമാനം വന്നത്.