ADVERTISEMENT

കോൺഗ്രസിനും ഇടതുപക്ഷത്തിനും തുല്യ പ്രതീക്ഷയേകുന്ന മണ്ണാണ് ആലപ്പുഴ. ഇരു പാർട്ടികളുടേയും ഒട്ടനേകം നേതാക്കൾക്ക് ജന്മം നൽകിയ മണ്ണ്. ഇരു കൂട്ടർക്കും സമാനമായ വേരോട്ടമുള്ള ഇടം. രാഷ്ട്രീയവും സാഹിത്യവും സിനിമയും ഉൾപ്പെടെ കേരളം കണ്ട ഉജ്ജ്വലരായ ഒട്ടേറെ പേർക്ക് ജന്മം നൽകിയ നാട്. ആലപ്പുഴക്കാരുടെ ഭാഷയിൽ ഇത്തവണ മത്സരം ടൈറ്റാണ്. യുഡിഎഫും എൽഡിഎഫും ഒപ്പത്തിനൊപ്പമെന്നാണ് നാട്ടുകാരുടെ അഭിപ്രായം. ശക്തമായ പ്രചരണവുമായി എൻഡിഎയും രംഗത്തുണ്ട്.

2019ലെ തിരഞ്ഞെടുപ്പിൽ 20ൽ 19 സീറ്റും യുഡിഎഫ് നേടിയപ്പോഴും ഇടതുപക്ഷത്തിനൊപ്പം ഉറച്ചു നിന്ന മണ്ഡലമാണ് ആലപ്പുഴ. അതുകൊണ്ടു തന്നെ മണ്ഡലം പിടിക്കാൻ ഇത്തവണ യുഡിഎഫ് രംഗത്തിറക്കിയിരിക്കുന്നത് കോൺഗ്രസിന്റെ ദേശീയ നേതാവ് കൂടിയായ കെ.സി. വേണുഗോപാലിനെയാണ്. രണ്ടു വട്ടം ആലപ്പുഴയിൽ വിജയിച്ച ചരിത്രമുണ്ട് കണ്ണൂരുകാരനായ കെസിക്ക്. 

ദേശീയ രാഷ്ട്രീയത്തിൽ ബിജെപി ജനാധിപത്യത്തെ കുഴിച്ചു മൂടുകയാണെന്നും നീതി എല്ലാവർക്കും തുല്യമായിരിക്കണമെന്നും യുഡിഎഫ് സാരഥി കെ.സി. വേണുഗോപാൽ പറയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും ഒരുപോലെയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മോദി പത്രസമ്മേളനം നടത്താറില്ല, പിണറായിയുടേത് ഏകപക്ഷീയ വാർത്താ സമ്മേളനങ്ങളാണ്. രാജ്യം വലിയ വെല്ലുവിളികൾ നേരിടുകയാണെന്ന് ചൂണ്ടിക്കാട്ടിയ വേണുഗോപാല്‍ ജനങ്ങളിലേക്ക് ഇറങ്ങണമെന്നും പ്രവർത്തകരെ ആഹ്വാനം ചെയ്തു.

വലിയ ആത്മവിശ്വാസത്തിലാണ് എൽഡിഎഫ് സ്ഥാനാർഥി എ.എം.ആരിഫ്. സാക്ഷാൽ കെ.ആർ.ഗൗരിയമ്മയെ അട്ടിമറിച്ച് തുടങ്ങിയതാണ് ആരിഫിന്റെ സജീവ രാഷ്ട്രീയ പ്രവർത്തനം. കനൽ ഒരു തരി മതി എന്ന് ഇടതുപക്ഷം സമൂഹമാധ്യമങ്ങളിൽ വിശേഷിപ്പിക്കുന്നതും ആരിഫിനെ തന്നെ. 

രാജ്യത്തെ ജനാധിപത്യത്തെ സംവിധാനം ഭീഷണി നേരിടുന്നുവെന്നും താൻ മണ്ഡലത്തിൽ കൊണ്ടുവന്നിട്ടുള്ള വികസന പ്രവർത്തനങ്ങളും ചൂണ്ടിക്കാണിച്ച് പ്രസംഗം. ഒപ്പം കെ.സി.വേണുഗോപാൽ രാജസ്ഥാനിൽ നിന്നുള്ള എംപിയാണെന്നും ആലപ്പുഴയിൽ വിജയിച്ചാൽ രാജസ്ഥാനിൽ ഒരു ബിജെപി അംഗം കൂടി രാജ്യസഭയിലെത്തുമെന്നും പ്രസംഗത്തിൽ വിമർശനം.

എൻഡിഎയും ഇത്തവണ ശക്തമായ പോരാട്ടത്തിനാണ് ആലപ്പുഴയിൽ കോപ്പുകൂട്ടുന്നത്. സംസ്ഥാനമൊട്ടാകെ അറിയപ്പെടുന്ന ബിജെപി നേതാവ് ശോഭ സുരേന്ദ്രനെയാണ് ഇത്തവണ കെസിക്കും ആരിഫിനുമെതിരെ എൻഡിഎ രംഗത്തിറക്കിയിരിക്കുന്നത്.  മോദിക്കെതിരെ വർഗീയവാദികളെയും അഴിമതിക്കാരെയും കൂട്ടുപിടിച്ച് കെ.സി.വേണുഗോപാൽ മത്സരിക്കുന്നു എന്നാണ് ശോഭയുടെ വിമർശനം. മോദിയെ എതിർക്കുന്ന ആൾ വേണോ മോദിക്കൊപ്പം ഇരിക്കാൻ പറ്റുന്ന ആൾ വേണോ ലോക്സഭയിൽ എന്ന് ജനം ചിന്തിക്കും. ആലപ്പുഴയിൽ വന്ന വികസന പ്രവർത്തനങ്ങൾ കേന്ദ്രത്തിന്റെ ഭാഗത്തു നിന്നുണ്ടായതെന്നും ശോഭയുടെ അവകാശവാദം. 

English Summary:

Vote on wheels at Alappuzha constituency

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com