ADVERTISEMENT

പത്തനംതിട്ട∙ വിവാദ ദല്ലാൾ ടി.പി. നന്ദകുമാറുമായി ചേർന്ന് ഗൂഢാലോചന നടത്തിയെന്ന എൻഡിഎ സ്ഥാനാർഥി അനിൽ ആന്റണിയുടെ ആരോപണത്തോടു പ്രതികരിച്ച് കോൺഗ്രസ് നേതാവും യുഡിഎഫ് സ്ഥാനാർഥിയുമായ ആന്റോ ആന്റണി രംഗത്ത്. വിവാദത്തിൽപ്പെടുമ്പോൾ ആരുടെയെങ്കിലും പേരിൽ ചാരി രക്ഷപ്പെടാനുള്ള ശ്രമമാണ് അനിൽ ആന്റണിയുടേതെന്ന് ആന്റോ ആന്റണി പ്രതികരിച്ചു. ഇത്രയും വിവരദോഷം പറയുന്ന ഒരു വ്യക്തിക്കു മറുപടി പറയാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആന്റോ ആന്റണി ദല്ലാള്‍ നന്ദകുമാറുമായി ഗൂഢാലോചന നടത്തിയാണ് തനിക്കെതിരായ ആരോപണം ഉന്നയിച്ചതെന്നായിരുന്നു അനില്‍ ആന്‍റണിയുടെ ആരോപണം. ആന്റോ ആന്റണിയും കുടുംബവും നിരവധി സഹകരണ ബാങ്കുകൾ കൊള്ളയടിച്ചെന്നും അനിൽ ആരോപിച്ചിരുന്നു.

‘‘എനിക്ക് എന്തായാലും ഈ ഗൂഢാലോചന അറിയില്ല. ഈ ആരോപണം ഉന്നയിച്ചയാളെ ജീവിതത്തിൽ കണ്ടിട്ട‌ുമില്ല. എന്തെങ്കിലുമൊക്കെ വിവാദത്തിൽപ്പെടുമ്പോൾ ആരുടെയെങ്കിലും പേരിൽ ചാരി രക്ഷപ്പെടാനുള്ള ശ്രമമെന്നല്ലാതെ, ഇത്രയും വിവരദോഷം പറയുന്ന ഒരു വ്യക്തിക്കു മറുപടി പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എനിക്കു വേറെ ജോലിയുണ്ട്. ഇതിനു മറുപടി പറയാനൊന്നും എനിക്കു നേരമില്ല.

‘‘തിരഞ്ഞെടുപ്പിനു മുന്നോടിയായി ഞാൻ സമർപ്പിച്ച സത്യവാങ്‌മൂലം അവിടെ ഉണ്ടല്ലോ. എനിക്കെതിരെ നാലു സമരത്തിൽ പങ്കെടുത്തതിന്റെ കേസുകൾ മാത്രമേയുള്ളൂ. അതല്ലാതെ എനിക്കെതിരെ കേസൊന്നുമില്ല. അതല്ലെങ്കിൽ അനിൽ ആന്റണിയുടെ പാർട്ടിയല്ലേ 10 വർഷമായി കേന്ദ്രം ഭരിക്കുന്നത്. ഇടതു മുന്നണിയല്ലേ ഏഴര വർഷമായി സംസ്ഥാനം ഭരിക്കുന്നത്. ഇവരെല്ലാം കൂടി അന്വേഷിക്കട്ടെ. ഇതുവരെ എന്തെങ്കിലും കേസുണ്ടോ എന്റെ പേരിൽ? ഇല്ലാത്ത കള്ളക്കഥയും പറഞ്ഞു നടക്കുന്നത് എന്തിനാണ്?’’ – ആന്റോ ആന്റണി ചോദിച്ചു.

നേരത്തേ, ദല്ലാൾ നന്ദകുമാറുമായി ബന്ധപ്പെട്ട വിവാദത്തിൽ കടുത്ത ഭാഷയിലായിരുന്നു അനിൽ ആന്റണിയുടെ പ്രതികരണം. ‘‘ചെറുപ്പം മുതൽ കോൺഗ്രസ് രാഷ്ട്രീയം കാണുന്നയാളാണ് ഞാൻ. കുതികാൽ വെട്ടിന്റെ കേന്ദ്രമാണ് കോൺഗ്രസ്, കെ.കരുണാകരൻ, എ.കെ.ആന്റണി, ഉമ്മൻചാണ്ടി എന്നിവരെ ചതിച്ച ഒരാളാണ് കുര്യൻ സാർ. അദ്ദേഹത്തിന്റെ കേസ് സെറ്റിൽ ചെയ്തത് ദല്ലാൾ നന്ദകുമാറാണ്. കുര്യൻ സാറിന്റെ ആളാണെന്ന് പറഞ്ഞാണ് നന്ദകുമാർ പരിചയപ്പെട്ടത്. ഫോണിൽ വിളിച്ചു തരികയും ചെയ്തു. നന്ദകുമാറിന്റെ ആവശ്യങ്ങൾ ചെയ്ത് കൊടുക്കാൻ പറ്റില്ലെന്നു പറഞ്ഞ് ഒഴിവാക്കിയിരുന്നു. ജഡ്ജിയെ സ്ഥലംമാറ്റുക ഉൾപ്പെടെയുള്ള ആവശ്യങ്ങളുമായാണ് നന്ദകുമാർ സമീപിച്ചത്.

‘‘ഇന്നലെ എ.കെ. ആന്റണിയുടെ വാർത്താ സമ്മേളനം നടത്തിയതുകൊണ്ടു ഫലമുണ്ടായില്ല. അതിനാലാണ് പുതിയ ആരോപണവുമായി രംഗത്ത് വരുന്നത്. കുര്യൻ സാറിന്റെ ശിഷ്യൻ ആന്റോ ആന്റണിയുടെ സഹോദരൻ മേലുകാവ് സഹകരണ ബാങ്കിൽ 12 കോടി രൂപ തട്ടിച്ചിട്ടുണ്ട്. ആന്റോയും കുടുംബവുമാണ് 4 ബാങ്കുകളിൽ തട്ടിപ്പ് നടത്തിയതിന് അന്വേഷണം നേരിടുന്നത്. പി.ജെ.കുര്യനും നന്ദകുമാറും ചേർന്നു നടത്തുന്ന നാടകമാണ് ഇപ്പോൾ കാണുന്നത്.’’ – ഇതായിരുന്നു അനിൽ ആന്റണിയുടെ പ്രതികരണം.

English Summary:

Anto Antony Denies Collusion with Controversial Broker Nandakumar, Challenges Anil Antony's Accusations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com