ADVERTISEMENT

കൊല്ലം ∙ കൊല്ലത്തെ യുഡിഎഫ് സ്ഥാനാർഥിയുടെ പൂജാമുറിയിൽ നരേന്ദ്ര മോദിയുടെ ചിത്രമുണ്ടാകുമെന്ന മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ പരാമർശത്തിൽ പ്രതികരണവുമായി ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ. ഗണേഷ് കുമാറിന്റെ ശ്രദ്ധ കിടപ്പുമുറിയിൽ നിന്ന് പൂജാ മുറിയിലേക്ക് മാറിയത് നല്ല കാര്യമാണെന്നും നിരവധി കുടുംബങ്ങള്‍ക്ക് സമാധാനമുണ്ടാകുമെന്നും ഷിബു ബേബി ജോൺ പരിഹസിച്ചു. താൻ വർഗീയ വാദിയാണെന്നുള്ള പരാമർശം മറുപടി അർഹിക്കുന്നില്ലെന്നും കേരളത്തിൽ മത്സരം യുഡിഎഫും എൽഡിഎഫും തമ്മിലാണെന്നും അദ്ദേഹം പറഞ്ഞു.

‘‘കിടപ്പുമുറിയിൽ നിന്ന് ഗണേഷിന്റെ ശ്രദ്ധ പൂജാമുറിയിലേക്ക് മാറി എന്നത് ഒരു നല്ല കാര്യമാണ്. ഒത്തിരി കുടുംബങ്ങള്‍ക്ക് സമാധാനമുണ്ടാകും. ഞാൻ വർഗീയവാദിയാണെന്നുള്ള പരാമർശം മറുപടി അർഹിക്കുന്നില്ല. ഞാൻ എന്താണെന്നുള്ളത് ഈ നാട്ടിലെ ജനങ്ങൾക്ക് അറിയാം. എന്റെ പൈതൃകത്തിൽനിന്നു ഇതുവരെ വ്യതിചലിച്ച് പോയിട്ടില്ല. പൂരപ്പാട്ടിന് കൊണ്ടുപോകുന്നവർ അവരുടെ പണി ചെയ്യുമല്ലോ. ഗണേഷ് കുമാർ അയാളുടെ പണി ചെയ്തു, മുഖ്യമന്ത്രി അത് ആസ്വദിച്ചു. അത്രമാത്രമേ പറയാനുള്ളൂ.

‘‘ഗണേഷ് കുമാർ ഞങ്ങൾക്കൊപ്പം ഉണ്ടായിരുന്ന കാലത്തെ കഥകൾ പറഞ്ഞാൽ അത് നനച്ചാലും കുളിച്ചാലും തീരില്ല. അതുകൊണ്ട് അതിലേക്ക് പോകുന്നില്ല. കൊല്ലം പാർലമെന്റ് മണ്ഡലത്തിൽനിന്ന് യുഡിഎഫിന് മികച്ച വിജയം നേടാനാവും. കേരളത്തിൽ മത്സരം യുഡിഎഫും എൽഡിഎഫും തമ്മിലാണ്. യുഡിഎഫിന് അനുകൂലമായ അന്തരീക്ഷമാണുള്ളത്’’ –ഷിബു ബേബി ജോൺ പറഞ്ഞു.

നരേന്ദ്ര മോദിയോട് ഭക്തിയുള്ള ഒരാളുമായാണ് കൊല്ലത്ത് മുകേഷ് മത്സരിക്കുന്നത് എന്നായിരുന്നു ഗണേഷ് കുമാറിന്റെ പരാമർശം. പൂജാമുറിയിൽ ചിലപ്പോൾ മോദിയുടെ ചിത്രമുണ്ടാകും. യുഡിഎഫ് സ്ഥാനാർഥി ആളുകളെ കബളിപ്പിക്കുകയാണ്. മുസ്‌ലിം പള്ളിയിൽ ചെന്നാൽ ഖുറാനിലെ പദങ്ങൾ ഉദ്ധരിച്ച് പ്രസംഗിക്കും. അവിടെയും വലിയ അഭിനയമാണെന്നും ഗണേഷ് കുമാർ വിമർശിച്ചിരുന്നു.

English Summary:

'It's a good thing that Ganesh's focus has shifted from bedroom to puja room': Shibu Baby John

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com