ADVERTISEMENT

കോഴിക്കോട് ∙ ‘കേരളാ സ്റ്റോറി’ എന്ന സിനിമ വിവാദമാക്കുന്നതിനു പിന്നിൽ സ്ഥാപിത താൽപര്യക്കാരാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. സിനിമാ  പ്രദർശനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വലിയ ചർച്ചകൾ നടക്കുകയാണ്. ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ ആശങ്കകളാണ് ഇപ്പോൾ പുറത്തുവരുന്നത്. എൽഡിഎഫും യുഡിഎഫും കേരളത്തിലെ വിഷയമായ ലൗ ജിഹാദും, ഇസ്‌ലാമിക് സ്റ്റേറ്റ് റിക്രൂട്ട്മെൻ്റും തമസ്കരിക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു. 

മുസ്‌ലിം ലീഗിന്റെയും ജമാ അത്തെ ഇസ്‌ലാമിയുടെയും പോപ്പുലർ ഫ്രണ്ടിന്റെയും സമ്മർദത്തിനുവഴങ്ങി വസ്തുതകളെ നിരാകരിക്കുകയാണ് മുഖ്യമന്ത്രിയും പ്രതിപക്ഷവും ചെയ്യുന്നത്. കേരളാ സ്റ്റോറി നടന്ന കഥയാണെന്നും അതുകൊണ്ട് ഈ ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു. തിരഞ്ഞെടുപ്പ് പര്യടനത്തിനിടെ താമരശേരി ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിലുമായി കൂടിക്കാഴ്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു കെ.സുരേന്ദ്രൻ.

‘‘സിപിഎമ്മിന്റെ പാനൂർ ബോംബ് നിർമ്മാണം ആർഎസ്എസ് പ്രവർത്തകരെ ലക്ഷ്യമിട്ടായിരുന്നുവെന്ന റിമാൻഡ് റിപ്പോർട്ട് ഞെട്ടിക്കുന്നതാണ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ മലബാറിൽ എൻഡിഎയുടെ മുന്നേറ്റം മനസിലാക്കിയതു കൊണ്ടാണ് സിപിഎം അക്രമത്തിന്റെ മാർഗം സ്വീകരിക്കുന്നത്. പ്രദേശത്ത് ഒരു സംഘർഷാവസ്ഥയും നിലനിൽക്കാത്ത സാഹചര്യത്തിൽ ഇത്രയും വലിയ ആക്രമണം നടത്താൻ സിപിഎം കോപ്പുകൂട്ടിയത് തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ വേണ്ടിയാണ്. ആർഎസ്എസ്- ബിജെപി പ്രവർത്തകരെ ഇല്ലായ്മ ചെയ്ത് തീവ്രവാദികളെ സന്തോഷിപ്പിക്കാനാണ് സിപിഎം ശ്രമിക്കുന്നത്. 

‘‘തീവ്രചിന്താഗതിക്കാരുടെ വോട്ടിനുവേണ്ടി നാടിന്റെ സമാധാനാന്തരീക്ഷം തകർക്കുകയായിരുന്നു സിപിഎമ്മിന്റെ ലക്ഷ്യം. ബോംബ് നിർമാണത്തിനിടെ മരിച്ച സിപിഎം പ്രവർത്തകരുടെ വീട്ടിൽ നേതാക്കൾ പോയത് സംഭവത്തിലെ ഉന്നത ബന്ധം തെളിയിക്കുന്നതാണ്. ജനങ്ങളുടെ ജീവൽ പ്രശ്നങ്ങളിൽനിന്നും ശ്രദ്ധതിരിക്കാൻ അക്രമപാത സ്വീകരിക്കാൻ സിപിഎം നേതൃത്വം അണികളെ ഉപയോഗിക്കുകയാണ്. പാനൂർ ബോംബ് സ്ഫോടനത്തെ കുറിച്ച് സമഗ്ര അന്വേഷണം നടത്തേണ്ടത് നാടിന്റെ അനിവാര്യമാണ്. ആയുധം താഴെവയ്ക്കാൻ ഒരുക്കമല്ലാത്ത സിപിഎമ്മിനെ ജനങ്ങൾ ഒറ്റപ്പെടുത്തും.’’ – സുരേന്ദ്രൻ പറഞ്ഞു.

English Summary:

CPM making controversy over 'The Kerala Story' with vested interest: K Surendran

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com