ഡൽഹി കോർപ്പറേഷൻ തിരഞ്ഞെടുപ്പ്: കരുതലോടെ എഎപി; കേജ‍്‍രിവാളിന്റെ അഭാവം ബിജെപി മുതലാക്കുമോയെന്ന് ആശങ്ക
Mail This Article
ന്യൂഡൽഹി∙ മുനിസിപ്പൽ കോർപറേഷൻ മേയർ, ഡപ്യൂട്ടി മേയർ തിരഞ്ഞെടുപ്പ് എഎപിക്ക് രാഷ്ട്രീയ വെല്ലുവിളിയാവും. ഇരുസ്ഥാനങ്ങളിലേക്കും 26നാണ് തിരഞ്ഞെടുപ്പു നടക്കുക. ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപു നടക്കുന്ന തിരഞ്ഞെടുപ്പ് വീണ്ടും എഎപി– ബിജെപി ബലപരീക്ഷണത്തിന് കളമൊരുക്കും. 26ന് രാവിലെ 11നാണ് വോട്ടെടുപ്പ് നടക്കുക. നാമനിർദേശപത്രിക നൽകാനുള്ള അവസാന തീയതി 18 ആണ്.
സൗത്ത്, നോർത്ത്, ഈസ്റ്റ് ഡൽഹി മുനിസിപ്പൽ കോർപറേഷനുകൾ ലയിപ്പിച്ചാണു മുനിസിപ്പൽ കോർപറേഷൻ രൂപീകരിച്ചത്. 15 വർഷം തുടർച്ചയായി കോർപറേഷനുകൾ ഭരിച്ചിരുന്ന ബിജെപിയുടെ കുത്തക തകർത്താണ് എഎപി ഡൽഹി മുനിസിപ്പൽ കോർപറേഷനിൽ വൻ വിജയം നേടിയത്. ആകെ 250 വാർഡുകളുള്ള കോർപറേഷനിൽ 134 എണ്ണത്തിൽ എഎപി വിജയിച്ചിരുന്നു. ബിജെപിക്ക് 105 കൗൺസിലർമാരുണ്ട്.
2023 ഫെബ്രുവരി 21ന് നടന്ന തിരഞ്ഞെടുപ്പിൽ മേയറായി എഎപിയുടെ ഷെല്ലി ഒബ്റോയ്, ഡപ്യൂട്ടി മേയറായി എഎപിയുടെ ആലേ മുഹമ്മദ് ഇഖ്ബാൽ എന്നിവരാണ് വിജയിച്ചത്. എഎപി– ബിജെപി സംഘർഷം കാരണം തിരഞ്ഞെടുപ്പ് തടസ്സപ്പെട്ടതിനെ തുടർന്ന് സുപ്രീംകോടതി നിർദേശപ്രകാരമാണ് വോട്ടെടുപ്പു നടന്നത്. മേയർ, ഡപ്യൂട്ടി മേയർ സ്ഥാനത്തേക്ക് എല്ലാ വർഷവും തിരഞ്ഞെടുപ്പ് നടത്തുന്ന രീതിയാണ് പിന്തുടരുന്നത്.
കോർപറേഷനിൽ വീണ്ടും തിരഞ്ഞെടുപ്പിന് അരങ്ങുണരുമ്പോൾ രാഷ്ട്രീയ പ്രതിസന്ധിയുടെ നിഴലിലാണ് എഎപി. മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ മുഖ്യമന്ത്രി അരവിന്ദ് കേജ‍്‍രിവാൾ തിഹാർ ജയിലിലാണ്. കേജ‍്‍രിവാളിന്റെ അഭാവം മുതലാക്കി കോർപറേഷൻ ഭരണം അട്ടിമറിക്കാൻ ബിജെപി ശ്രമിക്കുമെന്ന ആശങ്കയുള്ളതിനാൽ ഏറെ കരുതലോടെയാവും എഎപി തിരഞ്ഞെടുപ്പിനെ നേരിടുക.