ADVERTISEMENT

കൊച്ചി ∙ കൺസ്യൂമർഫെഡിന് റമസാൻ–വിഷു ചന്ത നടത്താൻ ഹൈക്കോടതി അനുമതി. എന്നാൽ എന്നാല്‍ സബ്സിഡി അടക്കമുള്ള സർക്കാർ ധനസഹായം നൽകുന്നതിനുള്ള വിലക്ക് തിരഞ്ഞെടുപ്പ് കഴിയുന്നതു വരെ തുടരും. ചന്തകൾ സർക്കാർ സ്പോൺസേഡ് ആണെന്നോ ഏതെങ്കിലും രാഷ്ട്രീയ പാർട്ടികൾക്കു ഗുണകരമാകുന്ന രീതിയിലോ വോട്ടർമാരെ സ്വാധീനിക്കാനുള്ള പ്രചരണ പരിപാടിയാകാൻ പാടില്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി. ഏതെങ്കിലും വിധത്തിൽ ചട്ടലംഘനം ഉണ്ടെങ്കിൽ തിരഞ്ഞെടുപ്പ് കമ്മിഷന് ഇടപെടാനുള്ള പൂർണ്ണ സ്വാതന്ത്ര്യം ഉണ്ടെന്നും കോടതി വ്യക്തമാക്കി. 5 കോടി രൂപ സർക്കാർ സബ്സിഡിയോടെ റമസാൻ–വിഷു ചന്തകൾ നടത്തുന്നത് തിരഞ്ഞെടുപ്പ് പെരുമാറ്റചട്ട ലംഘനം ആകുമെന്നു ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മിഷൻ വിലക്കിയതിനെതിരെ ആണ് കൺസ്യൂമർഫെ‍ഡ് ഹൈക്കോടതിയെ സമീപിച്ചത്.

13 ഭക്ഷ്യസാധനങ്ങൾ റമസാൻ–വിഷു ചന്തകളിലൂടെ സബ്സി‍ഡി നിരക്കിൽ വിതരണം ചെയ്യുന്നതാണു പദ്ധതി. ഈ ഭക്ഷ്യവസ്തുക്കൾ ഇതിനകം തന്നെ വാങ്ങിച്ചു കഴിഞ്ഞതായും കൺസ്യൂമർഫെഡ് കോടതിയെ അറിയിച്ചിരുന്നു. തുടർന്നാണ് ഉപാധികളോടെ ചന്ത നടത്താൻ കോടതി അനുമതി നൽകിയത്. മാത്രമല്ല, മധ്യവർഗത്തിന്റെയും സമൂഹത്തിലെ താഴേക്കിടിയിലുള്ളവരുടെയും ജീവിതാവസ്ഥ ബുദ്ധിമുട്ടു നേരിടുന്നു എന്നതും അതുകൊണ്ട് ഇത്തരമൊരു സഹായം ജനങ്ങൾക്കു കിട്ടുന്നതിനെ തടയുന്നില്ലെന്നും കോടതി വ്യക്തമാക്കി. കൊടുംചൂടാണ്. ജനങ്ങളുടെ കൈയിൽ പണമില്ല. ക്ഷേമ പെൻഷനുകളും ഭാഗികമായേ നൽകിയിട്ടുള്ളൂ. ജനങ്ങൾ‍ വലിയ ബുദ്ധിമുട്ടിലാണ് എന്നും കോടതി പറഞ്ഞു.

റമസാൻ–വിഷു ചന്ത ആരംഭിക്കുന്നതു സംബന്ധിച്ച് മാർച്ച് ആറിന് സഹകരണ റജിസ്ട്രാർ സർക്കാരിനു പദ്ധതി നിർദേശം സമ‍‍ർപ്പിച്ചിരുന്നു. എന്നാൽ ഏപ്രിൽ അഞ്ചിനു മാത്രമാണ് സർക്കാർ അനുമതി നൽകിയത്. എന്തുകൊണ്ടാണ് ഇക്കാര്യത്തിൽ ഒരു മാസത്തോളം വൈകിയത് എന്ന് കോടതി ആരാഞ്ഞിരുന്നു. ജനങ്ങൾക്ക് ഉപകാരം കിട്ടണം, അതുപോലെ തിരഞ്ഞെടുപ്പ് പ്രചരണ പരിപാടി ആകാനും പാടില്ല. സർക്കാർ കൊടുക്കുന്നു എന്നു കരുതി അതു സർക്കാരിന്റെയല്ല. അത് ജനങ്ങള്‍ക്ക് വേണ്ടിയുള്ള ജനങ്ങളുടെ തന്നെ പണമാണ്. തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചു സൗജന്യങ്ങൾ നല്‍കുന്നതു രാജ്യം മുഴുവനുള്ള കാര്യമാണ്. സുപ്രീം കോടതിപോലും ഇക്കാര്യത്തിൽ ആശങ്ക രേഖപ്പെടുത്തിയിരുന്നു. അതുകൊണ്ട് തിരഞ്ഞെടുപ്പ് പ്രൊപ്പഗണ്ട ആകരുത് ഇത്തരം പദ്ധതികൾ എന്നും കോടതി വാക്കാൽ പറഞ്ഞിരുന്നു. ഇക്കാര്യം തന്റെ വിധിന്യായത്തിലും കോടതി ആവർത്തിച്ചു. കൺസ്യൂമർഫെ‍ഡിന്റെ പരിപാടി ഒരു വിധത്തിലുമുള്ള തിരഞ്ഞെടുപ്പ് പ്രചരണ പരിപാടി ആകരുതെന്ന് കോടതി നിർദേശിച്ചു. അത് ധാർമികതയ്ക്കു നിരക്കുന്നതല്ല എന്ന് കോടതി പറഞ്ഞു.

എങ്ങനെയാണ് കമ്മിഷനെ കുറ്റം പറയുക എന്നും കോടതി ആരാഞ്ഞിരുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ പോവുകയാണെന്നു രാജ്യത്തുള്ള ഓരോ മനുഷ്യർക്കും അറിയാമായിരുന്നു. ബജറ്റ് നിർദേശമാണെങ്കിൽ കൂടി നേരത്തെ ഇതിന് അനുമതി നൽകാൻ എന്തായിരുന്നു തടസ്സമെന്നും കോടതി ചോദിച്ചു. അതുകൊണ്ടു ചന്ത ആരംഭിക്കാൻ തീരുമാനമെടുത്ത സമയമാണു തങ്ങളെ അലട്ടുന്നതെന്നും കോടതി വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്ത് സർക്കാർ സബ്സിഡിയോടെ കൺസ്യൂമർഫെഡ് ആരംഭിക്കാനിരുന്ന റമസാൻ–വിഷു ചന്തകളാണു പെരുമാറ്റ ചട്ടത്തിന്റെ ലംഘനമാകും എന്നു ചൂണ്ടിക്കാട്ടി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ അനുമതി നിഷേധിച്ചത്. 8 മുതൽ 14 വരെ സംസ്ഥാനത്തുടനീളം 250 റമസാൻ–വിഷു ചന്തകള്‍ ആരംഭിക്കാനായിരുന്നു തീരുമാനം. ഇതിനായി 5 കോടി രൂപ സർക്കാർ സബ്സിഡിയും അനുവദിച്ചിരുന്നു. ഏപ്രിൽ 26ന് തിരഞ്ഞെടുപ്പു നടക്കാനിരിക്കെ, സബ്സിഡി നിരക്കിൽ സാധനങ്ങൾ നൽകുന്നത് വോട്ടര്‍മാരെ സ്വാധീനിക്കും എന്ന് കമ്മിഷൻ ചൂണ്ടിക്കാട്ടി. ഇതിനെതിരെയാണു കൺസ്യൂമർഫെ‍ഡ് ഹൈക്കോടതിയെ സമീപിച്ചത്.

English Summary:

Kerala High Court Greenlights Consumerfed's Ramazan-Vishu Market With Subsidy Ban Intact

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com