ADVERTISEMENT

മുംബൈ ∙ മഹാവികാസ് അഘാഡിയിലെ സീറ്റുവിഭജന ചർച്ചകൾ പൂർത്തിയാകുകയും പ്രഖ്യാപനം നടത്തുകയും ചെയ്തതിനു പിന്നാലെ കോൺഗ്രസിൽ പ്രതിഷേധം പുകയുന്നു. ചരിത്രത്തിൽ ഏറ്റവും കുറവ് ലോക്സഭാ സീറ്റുകളിൽ പാർട്ടി മത്സരിക്കുന്ന അവസരത്തിൽ മുംബൈ, താനെ എന്നീ മേഖലകളിലെ സീറ്റുകളിൽ കൂടുതലും ശിവസേനയ്ക്ക് ലഭിച്ചത് എംപിസിസി അധ്യക്ഷൻ നാനാ പഠോളെയുടെ പിടിപ്പുകേടു മൂലമാണെന്ന പരാതിയാണ് ഇവർക്കുള്ളത്. അദ്ദേഹത്തിന്റെ പ്രവർത്തനശൈലിയോട് എതിർപ്പുള്ള പലരും കലാപക്കൊടി ഉയർത്തുന്നത് പാർട്ടിക്ക് തലവേദനയായി മാറും.

കോൺഗ്രസിന് ശക്തിയുള്ള സാംഗ്ലിയും ഭിവണ്ടിയും ഘടകക്ഷികൾ ഏറ്റെടുത്തതോടെ 17 സീറ്റിലേക്ക് പാർട്ടി ചുരുങ്ങി. 2019ൽ 25 സീറ്റുകളിലും 2014ൽ 26 സീറ്റുകളിലും 2009ൽ 25 സീറ്റുകളിലും മത്സരിച്ച കോൺഗ്രസിന് കനത്ത നഷ്ടം ഉണ്ടായതാണ് നേതാക്കളിൽ ചിലരെ ചൊടിപ്പിച്ചിരിക്കുന്നത്. 

എന്നാൽ, കഴിഞ്ഞ തവണ ആകെ ഒരു സീറ്റിലാണ് കോൺഗ്രസിന് ജയിക്കാനായതെന്നും അതിനാൽ സഖ്യത്തിന്റെ കെട്ടുറപ്പിനാണ് പ്രാധാന്യം നൽകേണ്ടതെന്നുമുള്ള നിലപാടാണ് എംപിസിസി അധ്യക്ഷനുള്ളത്. പൊതുശത്രു ബിജെപി ആയതിനാൽ സഖ്യത്തിന്റെ വിജയമാണ് പ്രധാനമെന്നും അദ്ദേഹം ആവർത്തിക്കുന്നു. പ്രതിപക്ഷ വോട്ടുകൾ ഭിന്നിക്കാതിരിക്കാൻ ഇതല്ലാതെ മറ്റു മാർഗമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.  

അതേസമയം, സാംഗ്ലി സീറ്റിനായി ശക്തമായി വാദിച്ചിരുന്ന വിശ്വജിത്ത് കദം ഉൾപ്പെടെയുള്ളവർ പരസ്യപ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ അനുയായി വിശാൽ പാട്ടീൽ അവിടെ സ്വതന്ത്രനായി മത്സരിച്ചേക്കുമെന്നും പറയുന്നു. എന്നാൽ വിശ്വജിത്തിനെ അനുനയിപ്പിക്കാൻ ശിവസേന രംഗത്തെത്തിയിട്ടുണ്ട്. രാജ്യസഭാ സീറ്റാണ് അവരുടെ വാഗ്ദാനം. 

മുംബൈ സൗത്ത് സെൻട്രലിൽ നിന്ന് മത്സരിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്ന മുംബൈ കോൺഗ്രസ് അധ്യക്ഷ വർഷ ഗെയ്ക്ക്‌വാഡും നിരാശയിലാണ്. എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലുമായി വർഷ സംസാരിക്കുകയും പ്രതിഷേധം അറിയിക്കുകയും ചെയ്തെന്ന സൂചനയുമുണ്ട്.

വിദർഭ മേഖലയെ മാത്രമാണ് പഠോളെ പരിഗണിക്കുന്നതെന്ന വിമർശനവും കോൺഗ്രസ് നേതാക്കൾക്കുണ്ട്. വിദർഭയിൽ കോൺഗ്രസിന് ശക്തിയുണ്ട്. എന്നാൽ മറ്റ് മേഖലകളെ അവഗണിക്കുന്നത് ശരിയല്ലെന്നാണ് വിമതസ്വരം ഉയർത്തുന്നവരുടെ പക്ഷം.

പഠോളെയുടെ കാറിൽ ട്രക്ക് ഇടിച്ചു; അപായപ്പെടുത്താനെന്ന് ആക്ഷേപം

മുംബൈ ∙ എംപിസിസി അധ്യക്ഷൻ നാനാ പഠോളെയുടെ കാറിൽ ട്രക്ക് ഇടിച്ചത് രാഷ്ട്രീയവിവാദമാകുന്നു. ചൊവ്വാഴ്ച രാത്രി വിദർഭ മേഖലയിലെ ഭണ്ഡാര–ഗോണ്ടിയയിൽ പ്രചാരണം നടത്തി മടങ്ങുമ്പോഴാണ് അപകടം. വാഹനത്തിനു സാരമായ കേടുപാടുകളുണ്ടായെങ്കിലും പഠോളെയ്ക്ക് നിസ്സാര പരുക്കുകളെയുള്ളൂവെന്ന് അദ്ദേഹത്തോട് അടുപ്പമുള്ളവർ പറഞ്ഞു. കാറിൽ ഭണ്ഡാര-ഗോണ്ടിയ ലോക്സഭാ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി ഡോ. പ്രശാന്ത് പഠോളെയും ഉണ്ടായിരുന്നു. 

 അതേസമയം, അന്വേഷണം വേണമെന്നും തിരഞ്ഞെടുപ്പ് സമയത്ത് പ്രതിപക്ഷ നേതാക്കളെ വകവരുത്താനുള്ള ശ്രമമാണോ നടന്നതെന്ന് സംശയമുണ്ടെന്നും ആരോപിച്ച് കോൺഗ്രസ് വക്താവ് അതുൽ ലോന്ദെ രംഗത്തെത്തി. പൊലീസ് കേസെടുത്തു.

English Summary:

Congress Leaders Revolt against Nana Pathole’s Handling Amid Mumbai Seat Crisis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com