ADVERTISEMENT

സംസ്ഥാനത്ത് ഓൺലൈൻ പെൺവാണിഭ സംഘങ്ങളുണ്ടോ? അടുത്ത കാലത്തുണ്ടായ ചില സംഭവങ്ങളാണ് ഈ സംശയത്തിനു പിന്നിൽ. ഇതു സംബന്ധിച്ച് മനോരമ ഓൺലൈൻ നടത്തിയ അന്വേഷണം. സംശയമുള്ള ഒരു സംഘത്തിന്റെ ഫോൺ നമ്പർ ശേഖരിച്ച് വിളിച്ചപ്പോൾ ലഭിച്ച വിവരങ്ങൾ ഞെട്ടിപ്പിക്കുന്നതാണ്. ഓൺലൈൻ സംഘങ്ങൾ പ്രവർത്തിക്കുന്നത് നമ്മുടെ ചുറ്റും തന്നെയാണോ. ചില നമ്പറുകളിൽ വിളിച്ചപ്പോൾ. 

തിരുവനന്തപുരത്തെ ചില നമ്പറുകളിൽ വിളിക്കുന്നു 

ഏജന്റ്: തിരുവനന്തപുരത്ത് എവിടെ നിന്നാണ് വിളിക്കുന്നത്? ചേട്ടൻ വണ്ടിയെടുത്ത് വേഗം കേശവദാസപുരത്തേക്ക് വന്നോ. ഇപ്പോൾ അഞ്ചുപേരുണ്ട്. ഇവിടെയെത്തി നിങ്ങൾക്ക് തിരഞ്ഞെടുക്കാം. റേറ്റ് മണിക്കൂറിന് 6,8,15,30 എന്നിങ്ങനെ പോകും. 

റിപ്പോർട്ടർ: പറ്റിപ്പൊന്നുമല്ലല്ലോ?

ഏജന്റ്: അയ്യോ അല്ലടാ. ഒന്നാമതെ ഇങ്ങനത്തെയൊരു ബിസിനസ് കൂടിയാണ്. അതിന്റെ കൂടെ പറ്റിക്കുക കൂടെ ചെയ്താൽ ദൈവം പൊറുക്കില്ല. നമ്മളെല്ലാം കാര്യം കഴിഞ്ഞ ശേഷമുള്ള ഡയറക്ട് പേയ്മന്റല്ലേ. ഓൺലൈൻ ട്രാൻസാക്ഷൻ ഒന്നുമില്ല.

എറണാകുളത്ത് വിളിക്കുന്നു 

ഏജന്റ്: അഡ്വാൻസൊന്നും നൽകേണ്ട. പണം പെൺകുട്ടിയുടെ കൈയിൽ കൊടുത്താൽ മതി

റിപ്പോർട്ടർ: എവിടെയാണ് വരേണ്ടത്?

ഏജന്റ് : കലൂർ‌ സ്റ്റേഡിയത്തിന്റെ പരിസരത്ത് വന്നിട്ട് വിളിക്ക്. പെൺകുട്ടികളുടെ കൈയിൽ പറഞ്ഞ പൈസ മാത്രമേ കൊടുക്കാവൂ. അധിക പൈസയോ ടിപ്പോ കൊടുക്കരുത്. മുന്നേ വാട്സാപ്പിൽ ഫോട്ടോ അയച്ചുതരാം. നൂറു ശതമാനം വിശ്വസിക്കാം. ഒരു മണിക്കൂറിന് 8,000 രൂപയാണ്. ഒരു രാത്രി മുഴുവൻ വേണമെങ്കിൽ 30,000 രൂപ. നിങ്ങൾക്ക് മസാജിങ്ങ് താൽപര്യമുണ്ടെങ്കിൽ അതുമുണ്ടാകും. മസാജിങ്ങിനൊക്കെ പ്രത്യേകം  കാശ് നൽകേണ്ടി വരും.

എറണാകുളത്തെ ഒരു വനിത ഏജന്റ്: വിഐപികൾക്കും പ്രീമിയം ക്ലാസിലുള്ള ആണുങ്ങൾക്കും മാത്രമേ പെൺകുട്ടികളെ നൽകുകയുള്ളൂ. ആദ്യം നിങ്ങളുടെ പക്കൽ കാശ് എത്രയുണ്ടെന്ന് പറയൂ. ഹോട്ടലിൽ വച്ചായിരിക്കും ഇടപാട്. കാര്യം കഴിഞ്ഞ് കാശ് പെൺകുട്ടിയുടെ കയ്യിൽ കൊടുത്താൽ മതി.

ഇടുക്കി

ഏജന്റ്: മൂന്നാറിലാണ്. മലയാളി പെൺപിള്ളേർ മാത്രമല്ല. നിങ്ങൾക്കു വേണമെങ്കിൽ തമിഴ്നാട്ടിൽ നിന്നും പിള്ളേരെ കിട്ടും.

കോഴിക്കോട്

ഏജന്റ്: ഇൻകോൾ ആന്റ് ഔട്ട്കോൾ സർവീസുകളുണ്ട്. ഒരു ഇടപാടിന് ശേഷം നിങ്ങൾ വിശ്വാസമുള്ള ഒരു കസ്റ്റമറാണെന്ന് ബോധ്യപ്പെട്ടാൽ ഞങ്ങളുടെ രജിസ്ടറിൽ നിങ്ങൾ ഇടംപിടിക്കും. പിന്നെ പുതിയ ആളുകൾ വരുമ്പോൾ നിങ്ങളുടെ വാട്സാപ്പിലേക്ക് ഫോട്ടോകൾ വരും.

റിപ്പോർട്ടർ: പ്രശ്നങ്ങളൊന്നും ഇല്ലല്ലോ?

ഏജന്റ്: പകലായാലും രാത്രിയായാലും കംപ്ലീറ്റ് സുരക്ഷയാണ്. ഒരു കുഴപ്പവുമുണ്ടാകില്ല. ധൈര്യമായി പോന്നോളീൻ.

റിപ്പോർട്ടർ: റേറ്റ് എത്രയാ?

ഏജന്റ്: മണിക്കൂറിന് 4500 രൂപ

റിപ്പോർ‌ട്ടർ: പണം എങ്ങനെയാ തരേണ്ടത്?

ഏജന്റ് : എങ്ങനെ വേണമെങ്കിലുമാവാം. രാത്രി പത്തരയ്ക്ക് ശേഷം ഡീലിംഗ്സുണ്ടാകില്ല.

ഒരു സ്ത്രീ ഏജന്റ്: സാറേ ഹോട്ടലൊക്കെ റിസ്ക്കാ. നല്ല അപ്പാർട്ട്മെന്റുകളുണ്ട്. അവിടെയാകുമ്പോൾ ആരെയും പേടിക്കേണ്ട. നല്ല സുന്ദരികളായ പെൺപിള്ളേരുണ്ട്.’

ബുക്കിങ് ഫോൺ വഴി 

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ജില്ലകളിൽ നൂറുകണക്കിന് പെൺവാണിഭ സംഘങ്ങളാണ് പ്രവർത്തിക്കുന്നത്. പൊലീസിന്റെ സൈബർ കണ്ണുകൾ ഇവർക്കു പിന്നാലെയുണ്ടെന്ന് അവകാശപ്പെടുമ്പോഴും അതിനെയൊക്കെ കടത്തിവെട്ടുന്ന തന്ത്രങ്ങളുമായാണ് ഇത്തരം സംഘങ്ങൾ ഇരകളെ കെണിയിലാക്കുന്നത്. പെൺകുട്ടികൾ മുതൽ വീട്ടമ്മമാർ വരെ തങ്ങളുടെ പക്കലുണ്ടെന്നു പറഞ്ഞാണ് സംഘം ഇടപാടുകാരെ തേടുന്നത്. ചില ഓൺലൈൻ വെബ് സൈറ്റുകളിൽ പരസ്യമായി ഫോൺ നമ്പർ വരെ കൊടുത്താണ് ബിസിനസ്. ഫോൺ നമ്പറിൽ വിളിക്കുന്നവർക്ക് ഇടനിലക്കാരുമായി നേരിട്ടു സംസാരിക്കാം. റേറ്റ് ഉൾപ്പെടെ ഇടനിലക്കാർ ഫോണിലൂടെ പറയും. സ്ത്രീകളെ എവിടെയെത്തിക്കുമെന്നും പറയും. 

ആവശ്യമെങ്കിൽ ചിത്രവും അയച്ചുതരാമെന്ന് വാഗ്ദാനം. സുരക്ഷ ഉറപ്പാണെന്നും വിശ്വസിപ്പിക്കും. മണിക്കൂറിനു 1,500 രൂപ മുതൽ 40,000 രൂപ വരെ ഈടാക്കുന്ന സംഘങ്ങൾ സംസ്ഥാനത്തുണ്ട്. ചില സൈറ്റുകളിൽ യുവതികളുടെ ചിത്രങ്ങളും നൽകിയിട്ടുണ്ട്. വയസ്, ഇടപാട് തുക എന്നിവ നൽകിയ സൈറ്റുകളുമുണ്ട്. ഏജന്റുമാർ വഴിയാണ് ഇടപാട് ഉറപ്പിക്കുന്നത്. മുൻപ് ഓൺലൈൻ പെൺവാണിഭ സംഘങ്ങളെ കുടുക്കാൻ പൊലീസ് കാര്യക്ഷമമായി പ്രവർത്തിച്ചിരുന്നു. ഇപ്പോൾ പൊലീസ് പ്രവർത്തനം കാര്യക്ഷമമല്ലെന്ന് തെളിയിക്കുന്നതാണ് പുറത്തുവരുന്ന വിവരങ്ങൾ. പെൺവാണിഭ സംഘങ്ങൾക്കു മറവിൽ വലിയതോതിലുള്ള സാമ്പത്തിക തട്ടിപ്പും സംസ്ഥാനത്ത് നടക്കുന്നുണ്ട്. കെണിയിൽ വീഴുന്ന ഭൂരിപക്ഷം പേരും നാണക്കേട് ഭയന്ന് പുറത്തുപറയില്ലെന്ന് മാത്രം.

വെബ്‌സൈറ്റിൽ പൂർണ വിവരങ്ങൾ 

വാട്സാപ്പിലൂടെ സംസാരിക്കാനാണ് പെൺവാണിഭ സംഘങ്ങളിലെ ഭൂരിപക്ഷത്തിനും താൽപര്യം. ഫോൺ റെക്കോർഡ് ചെയ്യുമോയെന്ന് ഭയന്നാണ് ഈ നീക്കം. സാറിന് ടെലഗ്രാമിൽ അക്കൗണ്ട് ഇല്ലേ എന്നു ചോദിക്കുന്നവരും നിരവധി. ഓണ്‍ലൈന്‍ ക്ലാസിഫൈഡ് വെബ്‌സൈറ്റുകളിലൊന്ന് പെണ്‍വാണിഭമടക്കമുള്ള കുറ്റകൃത്യങ്ങളുടെ പ്രധാന ഇടമാണെന്ന് നേരത്തെ തന്നെ പൊലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. 

കേരളത്തിലെ പെണ്‍വാണിഭങ്ങളുടെയും മറ്റു കുറ്റകൃത്യങ്ങളുടെയും ഒരു പ്രധാനഭാഗം തന്നെ ഈ വെബ്‌സൈറ്റാണ്. പ്രായപൂർത്തിയാക്കാത്ത പെണ്‍കുട്ടികളെ വരെ പെണ്‍വാണിഭത്തിനു നല്‍കാമെന്ന് പോലും മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി അവകാശപ്പെടുന്നുണ്ട്. വര്‍ഷങ്ങള്‍ക്കു മുന്‍പും ഇവർക്കെതിരെ പരാതി ഉയര്‍ന്നിരുന്നു. ഇതു വഴിയുള്ള പെണ്‍വാണിഭങ്ങള്‍ പിടിച്ചിരുന്നുവെങ്കിലും നിയന്ത്രിക്കാന്‍ വേണ്ട സംവിധാനം അധികൃതരുടെ ഭാഗത്തു നിന്നുണ്ടായില്ല. 

ഈ വെബ്‌സൈറ്റില്‍ നല്‍കുന്ന മിക്ക നമ്പറുകളിലേക്കും പ്രധാനമായും വിളികള്‍ വരുന്നത് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നാണെന്നാണ് പൊലീസ് പറയുന്നത്. സംസ്ഥാനത്തെ ഐടി പാര്‍ക്കുകളില്‍ ജോലി ചെയ്യുന്നവരും ഇത്തരം വെബ്‌സൈറ്റുകളിലെ പ്രധാന സന്ദര്‍ശകരാണ്. തിരുവനന്തപുരത്തെയും കൊച്ചിയിലെയും ഐടി പാര്‍ക്കുകള്‍ കേന്ദ്രീകരിച്ചും ഈ വെബ്‌സൈറ്റുകളില്‍ പരസ്യം വരാറുണ്ട്. 

English Summary:

The presence of Online Sex Rackets in Kerala- Investigation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com