‘ഡോൺബോസ്കോ’ നവീനും ദേവിക്കും മെയിൽ അയച്ചിട്ടില്ല; മെയിൽ ഐഡി ആര്യയുടേത്, 10 വർഷമായി ഉപയോഗത്തിൽ
Mail This Article
തിരുവനന്തപുരം∙ മരണാനന്തര ജീവിതത്തെക്കുറിച്ചുള്ള കാര്യങ്ങൾ വിശദീകരിച്ച് ഡോൺ ബോസ്കോ എന്ന പേരിൽ സ്വന്തം മെയിലിലേക്കു മെയിലുകൾ അയച്ചിരുന്നത് ആര്യയാണെന്നു പൊലീസ് സ്ഥിരീകരിച്ചു. ആയുർവേദ ഡോക്ടർമാരായ കോട്ടയം മീനടം സ്വദേശി നവീൻ തോമസ് (39), ഭാര്യ വട്ടിയൂർക്കാവ് മൂന്നാംമൂട് സ്വദേശിനി ദേവി (41), വട്ടിയൂർക്കാവ് മേലത്തുമേലെ സ്വദേശിനിയും അധ്യാപികയുമായ ആര്യ (29) എന്നിവരെ ഏപ്രിൽ 2ന് അരുണാചൽ പ്രദേശിലെ ഹോട്ടൽ മുറിയിൽ രക്തം വാർന്നു മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
∙ മൂവർക്കും മാനസിക ആരോഗ്യ പ്രശ്നങ്ങൾ
മൂന്നുപേർക്കും മാനസിക ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നതായും മൂന്നുപേരുടെയും മരണത്തിൽ മറ്റാർക്കും പങ്കില്ലെന്നും പൊലീസ് പറയുന്നു. ഹോട്ടൽ മുറിയിൽവച്ച് കൈ ഞരമ്പ് മുറിക്കാൻ മൂന്നുപേരും സ്വയം സന്നദ്ധരാകുകയായിരുന്നു. മരണാനന്തര ജീവിതത്തിലേക്കു പോകാനുള്ള ആശയങ്ങൾ വിശദീകരിച്ച് അഞ്ചോളംപേരെ നവീന്‍ സ്വാധീനിക്കാൻ ശ്രമിച്ചതിന്റെ തെളിവുകളും പൊലീസിനു ലഭിച്ചു. ഇവരാരും നവീനൊപ്പം അരുണാചൽ യാത്രയ്ക്കു തയാറായില്ല. ആര്യയാണ് ഡോൺ ബോസ്കോ എന്ന പേരിൽ മെയിൽ ഐഡി നിർമിച്ചതെന്ന് സ്ഥിരീകരിച്ചതായി ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ ‘മനോരമ ഓൺലൈനോട്’ പറഞ്ഞു.
ഡോൺ ബോസ്കോ എന്ന പേരിലുള്ള മെയിൽ ഐഡിയിൽനിന്ന് ആര്യ തന്റെ മെയിൽ ഐഡിയിലേക്കു നിരവധി തവണ മെയിൽ അയച്ചിട്ടുണ്ട്. തന്നോടു തന്നെ ആശയവിനിമയം നടത്തുന്ന രീതിയിലാണ് ആര്യ ഇതു ചെയ്തിരിക്കുന്നത്. പത്തു വർഷമായി ഈ മെയിൽ ഐഡി രൂപീകരിച്ചിട്ട്. മരണാനന്തര ജീവിതത്തിൽ വിശ്വസിച്ച്, ഡോൺ ബോസ്കോ എന്നയാൾ മറ്റൊരാളാണെന്നു കാലക്രമേണ ആര്യ വിശ്വസിച്ചിരിക്കാമെന്നു പൊലീസ് പറയുന്നു. ഡയറിക്കുറിപ്പുകൾ എഴുതുന്നതുപോലെയാണു ഡോൺ ബോസ്കോ എന്ന മെയിലിൽനിന്നു തന്റെ മെയിലിലേക്ക് ആര്യ സന്ദേശങ്ങൾ അയച്ചിരുന്നത്. നവീനിനും ദേവിക്കും ഇമെയിൽ ഐഡിയിൽനിന്ന് സന്ദേശം പോയിട്ടില്ല.
∙ കൂടുതൽപ്പേരെ വിശ്വാസത്തിലെത്തിക്കാൻ നവീൻ ശ്രമിച്ചു
നവീനാണു മരണാനന്തര ജീവിതവിശ്വാസത്തിലേക്ക് ആദ്യം എത്തിയത്. പിന്നീട് ഭാര്യ ദേവിയും സ്കൂളിലെ സഹപ്രവർത്തകയായിരുന്ന ആര്യയും എത്തി. നവീനിന്റെ സ്വാധീനത്തിലാണു മൂന്നുപേരും ചേർന്ന ക്ലോസ് ഗ്രൂപ്പ് രൂപപ്പെടുന്നത്. അന്തർമുഖരായ ആളുകൾ ഇത്തരം ഗ്രൂപ്പുകളിലേക്ക് എത്താനുള്ള സാധ്യത കൂടുതലാണെന്നു പൊലീസ് പറയുന്നു. നവീനും ആര്യയുമെല്ലാം അന്തർമുഖരായിരുന്നു. വിവാഹത്തിനുശേഷം നവീന്റെ ഭാര്യ ദേവിക്കും സ്വഭാവത്തിൽ മാറ്റങ്ങളുണ്ടായി. ദേവി വഴിയാണ് ആര്യ നവീനെ പരിചയപ്പെടുന്നത്. ‘‘നാലോ അഞ്ചോപേരെക്കൂടി തന്റെ വിശ്വാസത്തിലേക്ക് എത്തിക്കാൻ നവീൻ ശ്രമിച്ചിരുന്നു. ചിലത് വിജയിച്ചു. ചിലത് വിജയിച്ചില്ല’– പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
പത്തുവർഷത്തിൽ അധികമായി ആര്യ, ഡോൺ ബോസ്കോ എന്ന പേരിൽ മെയിൽ ഉപയോഗിക്കുന്നുണ്ട്. 2017ൽ ദേവിയെ പരിചയപ്പെട്ടതിനുശേഷമാണ് ആര്യയ്ക്കു സ്വഭാവമാറ്റം ഉണ്ടാകുന്നത്. പെരുമാറ്റത്തിൽ സംശയം തോന്നിയ വീട്ടുകാർ ആര്യയെ 2022ൽ കൗൺസിലിങ്ങിനു വിധേയയാക്കിയിരുന്നു. 2022 ഫെബ്രുവരിയിൽ നവീനും ദേവിയും താമസിക്കുന്ന സ്ഥലത്തുപോയ ആര്യ തിരിച്ചുപോയില്ല. വീട്ടുകാർ നിർബന്ധിച്ചാണു തിരികെ കൊണ്ടുവന്നത്. ആ ദിവസത്തിനു പ്രത്യേകതയുള്ളതായി പൊലീസിനു കണ്ടെത്താനായിട്ടില്ല. ആര്യയുടെ ലാപ്ടോപ് സാങ്കേതിക വിദ്യ അറിയാവുന്ന ആളെകൊണ്ടു വീട്ടുകാർ പരിശോധിച്ചിരുന്നു. മരണാനന്തര ജീവിതത്തിൽ ആര്യയ്ക്കു വിശ്വാസമുണ്ടെന്നു വീട്ടുകാർ മനസിലാക്കുന്നത് അങ്ങനെയാണ്. മൊബൈലും ലാപ്ടോപ്പും വീട്ടുകാർ വാങ്ങിവച്ചു. ആര്യയുടെ പ്രവർത്തനങ്ങൾ കൂടുതൽ ശ്രദ്ധിച്ചു. ദേവിയും ആര്യയും സ്വകാര്യ സ്കൂളിൽ ഭാഷാ അധ്യാപകരായിരുന്നു. ദേവി സ്കൂളിൽനിന്ന് മാറിപോയതോടെ ബന്ധം അവസാനിച്ചെന്നായിരുന്നു വീട്ടുകാർ കരുതിയത്. എന്നാൽ, പുറമേ സാധാരണപോലെ ഇടപെട്ട ആര്യ, തന്റെ വിശ്വാസങ്ങൾ കൂടുതൽ ദൃഢമാക്കി.
∙ ‘അന്തർമുഖ വ്യക്തികളെ കുടുംബം സഹായിക്കണം’
‘‘ആര്യ തനിക്കു തന്നെ മെയിൽ അയച്ചതിനു വ്യത്യസ്ത കാരണങ്ങളുണ്ടാകാം. മറ്റാരെങ്കിലും പ്രേരിപ്പിച്ചാലും ഇങ്ങനെ മെയിൽ അയയ്ക്കാം. അല്ലെങ്കിൽ തന്റെ മെയിലുകൾ ക്രമത്തിൽ ശേഖരിച്ചു വയ്ക്കാൻ മറ്റൊരു ഇമെയിൽ ഐഡിയെ ആശ്രയിക്കാം. ഇരട്ട വ്യക്തിതത്വത്തിന്റെ ഭാഗമായി മറ്റൊരാൾ അയയ്ക്കുന്നതായി മനസിൽ ചിന്തിച്ചു തനിക്കു തന്നെ മെയിൽ അയച്ചിരിക്കാനും സാധ്യതയുണ്ട്. ഇത്തരം കേസുകൾ നിരവധിയുണ്ട്. മാനസിക ആരോഗ്യത്തെക്കുറിച്ചുള്ള അവബോധം വളരെയധികം ഉണ്ടാകണം. ഏതു രീതിയിലുള്ള സ്വഭാവ മാറ്റം കണ്ടാലും മനോരോഗ വിദഗ്ധനെ കാണണം. അതിൽ കുറച്ചിൽ വിചാരിക്കേണ്ടതില്ല. സ്വാഭാവികമായി പെരുമാറുന്നവർ അസ്വാഭാവിക ചിന്തകൾ തലച്ചോറിൽ കൊണ്ടുനടക്കുന്നവരായിരിക്കും. അവരുടെയും നമ്മുടെയും സമൂഹത്തിന്റെയും താൽപര്യങ്ങൾക്കെതിരെ എപ്പോൾ വേണമെങ്കിലും പ്രവർത്തിക്കാം. ആര്യ തനിക്കു തന്നെ മെയിൽ അയക്കുന്നത് അപര വ്യക്തിത്വം ആകാം. ഒരിക്കൽ ചെയ്യുന്നതു മറ്റൊരിക്കൽ ഓർക്കണമെന്നില്ല. മരിച്ചവരെല്ലാം വളരെ അന്തർമുഖരായിരുന്നു. അത്തരത്തിലുള്ള ആൾക്കാരെ കുടുംബം നിരീക്ഷിച്ച് സഹായിക്കാൻ തയാറാകണം’’ – തിരുവനന്തപുരം മെഡിക്കൽ കോളജ് സൈക്യാട്രി വിഭാഗം അസോ.പ്രഫസർ ഡോ.ജി.മോഹൻ റോയ് പറഞ്ഞു.
മാർച്ച് 27നാണ് മൂന്നുപേരും അരുണാചൽ പ്രദേശിലേക്ക് പോയത്. അരുണാചലിന്റെ തലസ്ഥാനമായ ഈറ്റാനഗറിൽനിന്ന് 100 കിലോമീറ്റർ മാറി സിറോയിലെ ഹോട്ടലിലാണ് മുറിയെടുത്തത്. റസ്റ്റോറന്റിലെത്തി ആഹാരം കഴിച്ചിരുന്ന ഇവരെ മുറിക്ക് പുറത്ത് കാണാത്തതിനെ തുടർന്ന് ഹോട്ടൽ ജീവനക്കാർ മുറി പരിശോധിച്ചപ്പോഴാണ് കൈഞരമ്പ് മുറിച്ച നിലയിൽ കണ്ടെത്തിയത്.