ADVERTISEMENT

കൊച്ചി ∙ കലക്‌‍ഷനിൽ റെക്കോർഡുകൾ സൃഷ്ടിച്ച ‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയുടെ നിർമാതാക്കളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ ഉത്തരവ്. അരൂർ സ്വദേശി സിറാജ് സമർപ്പിച്ച ഹർജിയിലാണ് എറണാകുളം സബ് കോടതി ഉത്തരവിട്ടത്. സിനിമയ്ക്കായി 7 കോടി രൂപ മുടക്കിയിട്ടു ലാഭവിഹിതമോ മുടക്കുമുതലോ നൽകിയില്ലെന്നു സിറാജ് പരാതിയിൽ പറയുന്നു.

ചിത്രത്തിന്റെ നിർമാണ കമ്പനിയായ പറവ ഫിലിംസിന്റെയും പാർട്ണർ ഷോൺ ആന്റണിയുടെയും 40 കോടിയുടെ ബാങ്ക് അക്കൗണ്ടാണ് സബ് കോടതി ജഡ്ജി സുനിൽ വർക്കി മരവിപ്പിച്ചത്. ചിത്രത്തിന്റെ നിർമാണത്തിന് 7 കോടി മുതൽ മുടക്കിയെന്നാണു സിറാജ് വലിയത്തറ ഹമീദ് സമർപ്പിച്ച ഹർജിയിൽ പറയുന്നത്. 40 ശതമാനം ലാഭവിഹിതം വാഗ്ദാനം ചെയ്തു നിർമാതാക്കൾ പണം കൈപ്പറ്റിയ ശേഷം ലാഭമോ മുതൽമുടക്കോ നൽകാതെ കബളിപ്പിച്ച‌െന്നാണു ഹർജി. ആഗോള തലത്തിൽ ഇതുവരെ 220 കോടി രൂപ കളക്‌ഷൻ നേടിയിട്ടുണ്ടെന്നും ഒടിടി പ്ലാറ്റ്‌ഫോമുകൾ മുഖേന 20 കോടിയോളം രൂപ നേടിയിട്ടുണ്ടെന്നും ഹർജിയിൽ പറയുന്നു. ചിത്രത്തിന്റെ നിർമാതാക്കളായ സൗബിൻ ഷാഹിർ, ബാബു ഷാഹിർ എന്നിവർക്കു കോടതി നോട്ടിസ് അയച്ചു. ഹർജി ഭാഗത്തിന് വേണ്ടി അഡ്വ. സൈബി ജോസ് കിടങ്ങൂർ ഹാജരായി.

മലയാള സിനിമാ ചരിത്രത്തിൽ 200 കോടി ക്ലബിൽ ഇടം നേടുന്ന ആദ്യ ചിത്രമാണു മഞ്ഞുമ്മൽ ബോയ്സ്. ഫെബ്രുവരി 22നാണു തിയറ്ററുകളിലെത്തിയത്. തമിഴ് ഡബ്ബിങ്ങില്ലാതെ തമിഴ്നാട്ടിൽ 50 കോടി നേടുന്ന ആദ്യ ഇതരഭാഷാ ചിത്രമാണ്. ചിദംബരം സംവിധാനം ചെയ്ത മൾട്ടി സ്റ്റാർ ചിത്രത്തിനു മലയാളത്തിനു പുറത്തുനിന്നും നല്ല പ്രതികരണമായിരുന്നു.

പറവ ഫിലിംസും ശ്രീ ഗോകുലം മൂവിസും ചേർന്ന് പ്രേക്ഷകർക്കു മുന്നിലെത്തിച്ച ചിത്രം ബാബു ഷാഹിർ, സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവരാണു നിർമിച്ചത്. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച മഞ്ഞുമ്മൽ ബോയ്സ് കേരളത്തിലും തമിഴ്‌നാട്ടിലുമായാണു ചിത്രീകരിച്ചത്.

English Summary:

An order to freeze the bank accounts of the producers of the movie 'Manjummal Boys'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com