ADVERTISEMENT

പട്ന∙ ബിഹാറിൽ ആർജെഡിയുടെ തിരഞ്ഞെടുപ്പു നേട്ട പ്രതീക്ഷകൾക്കു മങ്ങലേൽപിച്ചു വിമത നീക്കങ്ങൾ വ്യാപകം. ആർജെഡി വോട്ടു ബാങ്കായ യാദവ–മുസ്‍ലിം വിഭാഗങ്ങളിലെ നേതാക്കളാണ് ലാലു പ്രസാദ് യാദവിനും തേജസ്വി യാദവിനുമെതിരെ കലാപക്കൊടി ഉയർത്തിയത്. ലോക്സഭാ സ്ഥാനാർഥി നിർണയത്തിൽ ലാലുവും തേജസ്വിയും അനീതി കാട്ടിയെന്നാണ് ആരോപണം.

മുൻ രാജ്യസഭാംഗം അഹമ്മദ് അസ്ഫാഖ് കരിം, മുൻ മന്ത്രി വൃഷിൻ പട്ടേൽ എന്നിവർ ആർജെഡി അംഗത്വം രാജിവച്ചു. അസ്ഫാഖ് കരിം അനുയായികൾക്കൊപ്പം ജെഡിയുവിൽ ചേർന്നു. കതിഹാർ സീറ്റു ലഭിക്കാത്തതിന്റെ പ്രതിഷേധത്തിലാണ് അസ്ഫാഖ് കരിം പാർട്ടി വിട്ടത്. ഇന്ത്യാസഖ്യ സീറ്റു വിഭജനത്തിൽ കതിഹാർ സീറ്റ് കോൺഗ്രസിനാണു നൽകിയത്. ആർജെഡി നേതൃത്വം സാമൂഹിക നീതി തത്വങ്ങളിൽ നിന്നകലുന്നതിനാലാണ് പാർട്ടി വിടുന്നതെന്നു വൃഷിൻ പട്ടേൽ രാജിക്കത്തിൽ വിശദീകരിച്ചു. 

നവാഡയിൽ ആർജെഡി വിമത സ്ഥാനാർഥി വിനോദ് യാദവിനു പിന്തുണയുമായി പാർട്ടി എംഎൽഎമാരായ പ്രകാശ് വീർ, വിഭ ദേവി എന്നിവർ പ്രചാരണത്തിനിറങ്ങിയതു നേതൃത്വത്തെ ഞെട്ടിച്ചു. ആർജെഡിയുടെ ഔദ്യോഗിക സ്ഥാനാർഥി ശ്രാവൺ ഖുശ്വാഹയ്ക്കു പാർട്ടി പ്രവർത്തകരിൽ നിന്നു വേണ്ടത്ര പിന്തുണ ലഭിക്കുന്നുമില്ല. 

സിവാൻ മണ്ഡലത്തിൽ ആർജെഡി ടിക്കറ്റ് വേണ്ടെന്നു വച്ചു സ്വതന്ത്രയായി മൽസരിക്കുന്ന ഹിന ഷഹാബാണ് വെല്ലുവിളി. ആർജെഡിയിലെ ബാഹുബലി നേതാവായിരുന്ന ഷഹാബുദ്ദീന്റെ ഭാര്യയാണ് ഹിന. തിഹാർ ജയിലിൽ കോവിഡ് ബാധിച്ചു മരിച്ച ഷഹാബുദ്ദീന്റെ അവസാനകാലത്തു പാർട്ടിയിൽ നിന്നു പിന്തുണ കിട്ടിയില്ലെന്ന് ആരോപിച്ചാണ് ഹിന സ്വതന്ത്രയായി മത്സരിക്കാൻ തീരുമാനിച്ചത്. 

English Summary:

RJD' s hopes of electoral gains are dimmed by widespread insurgent movements

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com