‘സാക്ഷിമൊഴിയുടെ പകർപ്പ് അതിജീവിതയ്ക്കു നൽകരുത്’: ദിലീപ് ഹൈക്കോടതിയിൽ, ഹർജി നാളെ പരിഗണിച്ചേക്കും
Mail This Article
കൊച്ചി∙ മെമ്മറി കാർഡ് ചോർന്നതിലെ അന്വേഷണ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയ സാക്ഷിമൊഴിയുടെ പകർപ്പ് അതിജീവിതയ്ക്കു നൽകരുതെന്ന് ആവശ്യപ്പെട്ട് നടൻ ദിലീപ് കോടതിയിൽ. ഹൈക്കോടതി ഡിവിഷൻ ബെഞ്ച് മുമ്പാകെയാണു ദിലീപ് ഹർജി നല്‍കിയിരിക്കുന്നത്. നടി ആക്രമിക്കപ്പെട്ട കേസിലെ എട്ടാം പ്രതിയാണു ദിലീപ്. തീർപ്പാക്കിയ ഹർജിയിലാണു മൊഴി പകർപ്പ് കൊടുക്കാൻ കോടതി ഉത്തരവിട്ടത് എന്നു ദിലീപിന്റെ ഹർജിയിൽ പറയുന്നു. അതുകൊണ്ടു തന്നെ മൊഴികളുടെ പകർപ്പ് നൽകാൻ നിയമപരമായി കഴിയില്ലെന്നും ദിലീപ് പറയുന്നു. ദിലീപിന്റെ ഹർജി നാളെ ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ച് പരിഗണിച്ചേക്കും.
നേരത്തെ, മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചതുമായി ബന്ധപ്പെട്ട എൻക്വയറിയിലെ സാക്ഷിമൊഴികളുടെ സർട്ടിഫൈഡ് പകർപ്പ് അതിജീവിതയ്ക്കു കൈമാറാൻ ഹൈക്കോടതി നിർദേശം നൽകിയിരുന്നു. അതിനൊപ്പം, നടി ആക്രമിക്കപ്പെട്ട കേസിൽ മെമ്മറി കാർഡിന്റെ അനധികൃത പരിശോധനയെ കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്ന് അതിജീവിതയുടെ ഹർജിയും കോടതി മുമ്പാകെയുണ്ട്. ഈ ഹർജി നിലനിൽക്കുമോ എന്ന കാര്യത്തിൽ വിശദമായ വാദം മേയ് 30നു നടക്കും. തീര്‍പ്പാക്കിയ കേസിൽ ഉപഹർജിയുമായാണ് അതിജീവിത കോടതിയെ സമീപിച്ചിരിക്കുന്നത് എന്നതിനാലാണിത്. നേരത്തെ എൻക്വയറി റിപ്പോർട്ട് അതിജീവിതയ്ക്കു നല്‍കുന്നതിനെയും ദിലീപിന്റെ അഭിഭാഷകൻ എതിർത്തിരുന്നു.
നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് 3 പേർ പരിശോധിച്ചിരുന്നതായി എൻക്വയറി റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. അങ്കമാലി മജിസ്ട്രേറ്റായിരുന്ന ലീന റഷീദ്, ജില്ലാ ജഡ്ജിയുടെ പി.എ. മഹേഷ്, വിചാരണ കോടതി ശിരസ്തദാർ താജുദ്ദീൻ എന്നിവർ മെമ്മറി കാർഡ് പരിശോധിച്ചതായാണു റിപ്പോർട്ടിൽ പറയുന്നത്. അതേസമയം, കോടതിയുടെ നിർദേശങ്ങൾക്ക് അനുസൃതമായ അന്വേഷണമല്ല ഉണ്ടായത് എന്നു ചൂണ്ടിക്കാട്ടിയാണ് അതിജീവിത റിപ്പോർട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.