മാസപ്പടി: കൂടുതൽ സിഎംആർഎൽ ജീവനക്കാർക്ക് ഇ.ഡി നോട്ടിസ്, ഹർജിയുമായി ശശിധരൻ കർത്ത
Mail This Article
കൊച്ചി∙ മാസപ്പടി കേസിൽ സിഎംആർഎല്ലിലെ കൂടുതൽ ജീവനക്കാർക്ക് എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) നോട്ടിസ്. സിഎംആർഎൽ ഫിനാൻസ് ചീഫ് ജനറൽ മാനേജർ പി.സുരേഷ് കുമാറിനെ ഇ.ഡി ചോദ്യം ചെയ്യുകയാണ്. സുരേഷ് കുമാറിനോടും മുൻ കാഷ്യറോടും ഇന്നു ചോദ്യം ചെയ്യലിനു ഹാജരാകാൻ ഇ.ഡി ആവശ്യപ്പെട്ടിരുന്നു. എക്സാലോജിക്കുമായുണ്ടാക്കിയ കരാറിൽ ഒപ്പിട്ടയാളാണ് സുരേഷ് കുമാർ.
അതേസമയം, ചോദ്യം ചെയ്യൽ ഒഴിവാക്കാൻ ജീവനക്കാർ ഹൈക്കോടതിയിൽ നൽകിയ ഹർജി വെള്ളിയാഴ്ച പരിഗണിക്കും. സിഎംആർഎൽ എംഡി ശശിധരൻ കർത്തയും സിഎംആർഎൽ ഉദ്യോഗസ്ഥരുമാണു ഹർജി നൽകിയത്. വനിതാ ജീവനക്കാരിയെ രാത്രിയിൽ ചോദ്യം ചെയ്തതു നിയമവിരുദ്ധമെന്നും സിഎംആർഎൽ അറിയിച്ചു. എന്നാൽ ജീവനക്കാരിയെ ചോദ്യം ചെയ്തതു വനിതാ ഉദ്യോഗസ്ഥയാണെന്നായിരുന്നു ഇ.ഡി വ്യക്തമാക്കിയത്.
എക്സാലോജിക്കിനു സിഎംആർഎലിൽനിന്ന് 1.72 കോടി ലഭിച്ചു എന്ന ഇന്ററിം സെറ്റിൽമെന്റ് ബോർഡിലെ വെളിപ്പെടുത്തലാണു നിലവിലെ കേസിലേക്കു നയിച്ചിരിക്കുന്നത്. ഐടി സേവനത്തിനുള്ള പ്രതിഫലമാണ് ഈ തുകയെന്നു പറയുന്നുണ്ടെങ്കിലും എന്താണു സേവനമെന്നു വ്യക്തമായിട്ടില്ലെന്ന് ആദായ നികുതി വകുപ്പ് നൽകിയ റിപ്പോർട്ടിനെ തുടര്‍ന്നായിരുന്നു ഇത്. ഈ സേവനം എന്തായിരുന്നു എന്നതാണ് ഇ.ഡി ഇന്നലെ സിഎംആർഎൽ ഉദ്യോഗസ്ഥരിൽനിന്ന് അറിയാൻ ശ്രമിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാവും മുന്നോട്ടുള്ള നടപടികൾ.