ADVERTISEMENT

തൃശൂർ ∙ ‘നിങ്ങളുടെ വിലയേറിയ സമ്മതി ദാന അവകാശം ഈ ചിഹ്നത്തിൽ വിനിയോഗിക്കുമല്ലോ..’ തിരഞ്ഞെടുപ്പു കാലത്ത് നാടെങ്ങും മുഴങ്ങിക്കേൾക്കുന്ന അനൗൺസ്മെന്റുകളിൽ ഒന്നാണിത്. മഞ്ജുവിന്റെ ഈ വോട്ടിനെ കുറിച്ച് അറിയുമ്പോഴാണ് തന്റെ സമ്മതി ദാന അവകാശത്തെ എത്ര വിലപിടിപ്പോടെയാണ് മഞ്ജു കാണുന്നതെന്നു മനസിലാകുക. വിധി നൽകിയ പ്രതിസന്ധികളെ തരണം ചെയ്ത് തന്റെ സമ്മതി ദാന അവകാശം വിനിയോഗിച്ചപ്പോൾ ഇന്ത്യൻ ജനാധിപത്യത്തിനു തന്നെ മഞ്ജു മാതൃകയായി മാറുന്നു. 

വീട്ടിൽനിന്നും വോട്ട് ചെയ്യുന്ന മഞ്ജു. (ചിത്രം:ജീജോ ജോൺ∙മനോരമ)
വീട്ടിൽനിന്നും വോട്ട് ചെയ്യുന്ന മഞ്ജു. (ചിത്രം:ജീജോ ജോൺ∙മനോരമ)

ഒരു പക്ഷേ കേരളം പോളിങ് ബൂത്തിൽ എത്തുന്നതിന് മുൻപു മഞ്ജു തന്റെ സമ്മതിദാന അവകാശം വിനിയോഗിച്ചതിനു കാരണങ്ങൾ ഒന്നല്ല. ഏപ്രിൽ 26 നാണ് കേരളം പോളിങ് ബൂത്തിലെത്തുന്നത്. എന്നാൽ അതിനു മുൻപു തന്നെ തന്റെ ജനാധിപത്യ അവകാശം വിനിയോഗിച്ചിരിക്കുകയാണ് തൃശൂർ ഇക്കണ്ടവാരിയർ റോഡിലെ അക്കരപ്പറ്റി ഹൗസിലെ മഞ്ജു ജോസ്. കാരണം ലളിതമാണ്. വോട്ട്  വ്യക്തികളുടെ ജന്മാവകാശമാണ്. അതാണ് മഞ്ജുവിന്റെ ശക്തമായ നിലപാട്. 86 വയസ്സുകഴിഞ്ഞവർക്കും അനാരോഗ്യമുള്ളവർക്കും വീട്ടിൽനിന്നും വോട്ട് ചെയ്യാൻ കഴിയുന്ന സംവിധാനം ഉപയോഗിച്ചാണ് മഞ്ജു വോട്ടു ചെയ്തത്. വീട്ടിൽവച്ച് വോട്ട് ചെയ്തതിൽ സന്തോഷമുണ്ടെങ്കിലും അടുത്തതവണ എല്ലാവരെയും പോലെ ബൂത്തിലേക്ക് എത്തണമെന്നാണ് ആഗ്രഹം. എന്നാൽ വീട്ടിൽനിന്ന് തീരെ പുറത്തിറങ്ങാൻ കഴിയാത്തവർക്കു ഈ സംവിധാനം ഉപകാരപ്രദമാണെന്നും മഞ്ജു പറയുന്നു. 

വാസ്തവത്തിൽ മഞ്ജുവിന്റെ ജീവിതം ഈ സമൂഹത്തിന് മാതൃകയാണ്. എല്ലാവരെയും പോലെ സാധാരണ ജീവിതം നയിക്കുമ്പോഴാണ് ശാരീരികമായ ചില വെല്ലുവിളികളെ മഞ്ജുവിന് അഭിമുഖീകരിക്കേണ്ടി വന്നത്. എന്നാൽ അതിനെ അതിജീവിക്കാനുള്ള വഴികൾ മഞ്ജു തന്നെ കണ്ടെത്തി. വിദ്യാഭ്യാസം തുണയായി. ശാരീരിക പരിമിതികൾ സാമൂഹിക ജീവിതത്തിന് വെല്ലുവിളിയല്ലെന്നു സ്വന്തം ജീവിതത്തിലൂടെ കാണിച്ചുതരുന്നു. ‌പ്രതിസന്ധികളോടുളള സമരമാണ് മഞ്ജുവിന്റെ ജീവിതം. മികച്ച സാമൂഹിക ജീവിതം മഞ്ജുവിനുമുണ്ട്. 

ഇക്കണോമിക്സിൽ ബിരുദാനന്തര ബിരുദധാരിയായ മഞ്ജു ട്യൂഷനെടുത്തും ദേവാലയത്തോട് ചേർന്നു പ്രവർത്തിച്ചും മോട്ടിവേഷൻ ക്ലാസുകൾ എടുത്തും ഇന്ന് ആക്ടീവാണ്. തൃശൂരിലെ ഡോളേസ് ബസലിക്ക മാഗസിനിൽ എഴുതിയ  ലേഖനങ്ങൾ സമാഹരിച്ച് നടനം എന്ന ഒരു പുസ്തകവും പുറത്തിറക്കിയിട്ടുണ്ട്. താൻ കണ്ടുമുട്ടിയ, തന്നെ സ്വാധീനിച്ച വ്യക്തികൾ, ജീവിതാനുഭവങ്ങൾ, തന്റെ കാഴ്ചപ്പാടുകൾ എന്നിവയാണു പുസ്തകത്തിലെന്ന് മഞ്ജു പറയുന്നു. തന്റെ എഴുത്തുകൾ ആർക്കെങ്കിലും പ്രചോദനമാകുമെന്ന ചിന്തയാണ് അവ പുസ്തക രൂപത്തിൽ ആക്കിയതിന് പിന്നിൽ. നടനം എന്നാണു പുസ്തകത്തിന്റെ പേര്. നടനം എന്നു പേരിട്ടതിനു പിന്നിലും മഞ്ജുവിന് വ്യക്തമായ നിലപാടുണ്ട്. ഒരു മതത്തെയും സൂചിപ്പിക്കുന്നതല്ല നടനമെന്ന വാക്കെന്നു മഞ്ജു പ‌റയുന്നു. വോട്ടു ചെയ്ത ശേഷം തന്റെ നയം മഞ്ജു വ്യക്തമാക്കുന്നു. ‘വോട്ട് ലഭിച്ച് ഉന്നത സ്ഥാനങ്ങളിൽ എത്തുമ്പോൾ ഞങ്ങളുടെ ആവശ്യങ്ങൾക്കു വില കൽപ്പിക്കണം’. അത്ര മാത്രം.

English Summary:

Manju Jose native of Thrissur did vote from house

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com