ADVERTISEMENT

‌കൊച്ചി∙ താൻ പ്രതിയായ പീഡനക്കേസ് അടുത്ത മാസം വിചാരണക്കോടതി പരിഗണിക്കാനിരിക്കെയാണ് ബുധനാഴ്ച രാവിലെ മുൻ സിഐ എസ്.വി.സൈജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കൊച്ചി അംബേദ്കർ സ്റ്റേഡിയത്തിനടുത്തുള്ള മരത്തിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം. തിങ്കളാഴ്ചയാണ് സൈജുവിന്റെ മുൻകൂർ ജാമ്യം ഹൈക്കോടതി റദ്ദാക്കിയത്. വ്യാജരേഖകൾ സമർപ്പിച്ചാണ് മുൻകൂർ ജാമ്യം നേടിയതെന്നു തെളിഞ്ഞുവെന്ന് വ്യക്തമാക്കിയായിരുന്നു ജസ്റ്റിസ് പി. ഗോപിനാഥിന്റെ ഉത്തരവ്.

2022 മേയ് അഞ്ചിനാണ് സാജുവിന് മുൻകൂർ‍ ജാമ്യം ലഭിച്ചത്. അതിനിടെ, താൻ നിരപരാധിയാണെന്നും കേസിൽ കുടുക്കുകയായിരുന്നെന്നും പറയുന്ന കത്ത് സൈജുവിന്റെ ബാഗിൽനിന്നു കണ്ടെത്തിയതായി സൂചനയുണ്ട്. പീഡനപരാതി നൽകിയ വനിതാ ഡോക്ടറും മറ്റു ചിലരും ചേർന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാൻ ശ്രമിക്കുന്നുവെന്നായിരുന്നു സൈജുവിന്റെ വാദം. 2022 മാർച്ച് ആറിന് മേലുദ്യോഗസ്ഥന് ഇക്കാര്യത്തിൽ പരാതി നൽകിയെന്നും സൈജു പറയുന്നു. ഇത് തെളിയിക്കാനായി സൈജു തയാറാക്കിയ രേഖയാണ് പിന്നീട് വ്യാജമാണെന്നു തെളിഞ്ഞത്. സൈജുവിന് ജാമ്യം അനുവദിക്കാൻ 2022 ൽ കോടതി പ്രധാനമായും ആശ്രയിച്ചതും ഈ രേഖ തന്നെയായിരുന്നു.

2022 മാർച്ച് ആറിന്, സൈജു എസ്എച്ച്ഒ ആയിരുന്ന മലയിൻകീഴ് സ്റ്റേഷനിലെ തന്നെ റൈറ്റർ പ്രദീപ് തയാറാക്കിയ ജനറൽ ഡയറി (ജി‍ഡി) ആയിരുന്നു ഇത്. ഫെബ്രുവരി ആദ്യം അഡ്വ. രാജേഷ് എന്നു വിശേഷിപ്പിച്ച ഒരാൾ വന്നു കണ്ടെന്നും സൈജു ആകെ കുഴപ്പത്തിലാണെന്നും 25 ലക്ഷം രൂപ നൽകിയാൽ ഇത് ഒതുക്കി തീർക്കാമെന്ന് പറഞ്ഞുവെന്നുമാണ് ജി‍ഡിയിലുള്ളത്. കുറച്ചു ദിവസങ്ങൾക്ക് ശേഷം പ്രാദേശിക രാഷ്ട്രീയ പ്രവർത്തകനായ ദിലീപ് തന്നെ കണ്ടുവെന്ന് പ്രദീപ് പറയുന്നു. സൈജുവുമായി സംസാരിച്ച് വേഗത്തിൽ വനിതാ ഡോക്ടറുമായി ഒത്തുതീർപ്പുണ്ടാക്കണമെന്നും 15 ലക്ഷം രൂപയ്ക്ക് പ്രശ്നം അവസാനിപ്പിക്കാമെന്ന് പറഞ്ഞിട്ടുണ്ട് എന്നാണ് അറിയിച്ചത് എന്നും ജിഡിയിൽ പറയുന്നു.

വനിതാ ഡോക്ടർ പീഡന പരാതിയുമായി മുന്നോട്ടു പോയതോടെ സൈജു മുന്‍കൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചു. തന്റെ വാദം തെളിയിക്കാനായി ജിഡിയും സമർപ്പിച്ചു. ഹൈക്കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു. ജാമ്യ കാലയളവിൽ മറ്റു കുറ്റകൃത്യങ്ങളിൽ ഉൾപ്പെടരുതെന്നു കോടതി നിർദേശിച്ചിരുന്നു. പിന്നീട് വനിതാ ഡോക്ടർ തന്നെയാണ് കോടതിയിൽ സമർപ്പിച്ച ജിഡിയിലെ വിവരങ്ങൾ വ്യാജമാണെന്നു പരാതി നൽകിയത്. കേസന്വേഷണം ഒടുവിൽ ക്രൈംബ്രാഞ്ചിലെത്തി. ഇതിനിടെ സൈജുവിനെ എറണാകുളം കൺട്രോൾ റൂം ഇൻസ്‌പെക്ടറായി സ്ഥലം മാറ്റിയിരുന്നു.

അന്വേഷണം ആരംഭിച്ച ക്രൈംബ്രാഞ്ച് ഒടുവിൽ കണ്ടെത്തിയത് ജിഡിയിലെ വിവരങ്ങൾ വ്യാജമാണ് എന്നായിരുന്നു. ഒത്തുതീർപ്പിനായി അഭിഭാഷകൻ തന്നെ സമീപിച്ചത് 2022 ഫെബ്രുവരി 28 നും ദിലീപ് സമീപിച്ചത് 2022 മാർച്ച് അഞ്ചിനുമെന്നായിരുന്നു പ്രദീപിന്റെ ജിഡിയിൽ പറഞ്ഞിരിക്കുന്നത്. എന്നാൽ ഫെബ്രുവരി 13 നു തന്നെ ഇത്തരത്തിലൊരു ജി‍ഡി തയാറാക്കിയിരുന്നു എന്ന് ശാസ്ത്രീയ പരിശോധനയിൽ പൊലീസ് കണ്ടെത്തി. തുടർന്നാണ് മാര്‍ച്ച് ആറിന് സ്റ്റേഷനിലെ ജനറൽ ഡയറി എന്ന നിലയിലുള്ള റിപ്പോർട്ട്, റൈറ്ററായ പ്രദീപ്, സൈജുവിന് കൈമാറിയത് എന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ വ്യക്തമായത്.  

താൻ ആർക്കു വേണ്ടിയും ഒത്തുതീർപ്പ് നടത്തിയിട്ടില്ല എന്നാണ് പ്രാദേശിക രാഷ്ട്രീയ നേതാവായ ദിലീപ് ക്രൈംബ്രാഞ്ചിന് നൽകിയ മൊഴി. അഭിഭാഷകൻ സമീപിച്ചു എന്നത് കെട്ടുകഥയാണെന്നും ഇതിൽ പറയുന്ന അ‍‍ഡ്വ. രാജേഷ് എന്നത് സൈജുവിനു വേണ്ടി പ്രദീപ് സൃഷ്ടിച്ച സാങ്കൽപിക കഥാപാത്രമാണെന്നും ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വ്യക്തമാക്കിയിരുന്നു. ഈ അന്വേഷണം പൂർത്തിയായതോടെ 2022 നവംബറിൽ സൈജു സസ്പെൻഷനിലായി. സിപിഒ പ്രദീപിനെയും സസ്പെൻഡ് ചെയ്തിരുന്നു. ജാമ്യം റദ്ദാക്കണമെന്ന ഹർജി പരിഗണിച്ചപ്പോൾ വ്യാജമായി തെളിവ് നിർമിച്ചതിനെക്കുറിച്ചുള്ള ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ടും കോടതി തെളിവായി എടുത്തിരുന്നു. മാത്രമല്ല, ജാമ്യത്തിലിരിക്കെ സൈജുവിനെതിരെ രണ്ടു കേസുകൾ കൂടി റജിസ്റ്റർ ചെയ്തിരുന്നു എന്നതും കോടതി കണക്കിലെടുത്തു.

രണ്ടു കേസുകളും ഒത്തുതീർപ്പായതിനെ തുടർന്ന് കോടതി റദ്ദാക്കി. എങ്കിലും അത് മുൻകൂർ ജാമ്യം റദ്ദാക്കുന്നതിനുള്ള കാരണങ്ങളിലൊന്നാണ് എന്നായിരുന്നു കോടതിയുടെ ഉത്തരവിലുള്ളത്. സൈജുവിന് ജാമ്യത്തിനായി വിചാരണ കോടതിയെ സമീപിക്കാമെന്നും ജാമ്യ ഹർജിയിൽ വൈകാതെ തീരുമാനമെടുക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. തിരുവനന്തപുരം ജില്ലയിലെ മലൻയിൻകീഴ് പൊലീസ് സ്റ്റേഷനിൽ എസ്എച്ച്ഒ ആയിരിക്കുമ്പോഴാണ് സൈജുവിനെതിരെ ആദ്യ പീഡന പരാതി ഉയരുന്നത്. വിവാഹ വാഗ്ദാനം നൽകി നിരന്തരം പീഡിപ്പിച്ചെന്നും പണം തട്ടിയെടുത്തെന്നുമായിരുന്നു ഒരു പരാതി. വിദേശത്തു നിന്ന് തിരിച്ചെത്തിയ ദന്തഡോക്ടർ തന്റെ ഉടമസ്ഥതയിലുള്ള ഒരു കടമുറി ഒഴിപ്പിക്കാൻ സൈജുവിന്റെ സഹായം തേടിയതോടെയാണ് തുടക്കം. കടമുറി ഒഴിപ്പിച്ച സൈജു വനിതാ ഡോക്ടറുമായി അടുപ്പത്തിലായെന്ന് പറയപ്പെടുന്നു.

ഡോക്ടറുടെ വീട് സന്ദര്‍ശിക്കാറുണ്ടായിരുന്ന സൈജു ഒരിക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായി കഴിഞ്ഞിരുന്ന ഡോക്ടറെ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. പിന്നീട് വിവാഹ വാഗ്ദാനം നൽകിയെന്നും പിന്മാറിയെന്നും വനിതാ ഡോക്ടറുടെ പരാതിയിൽ പറയുന്നു. ഇതിനിടയിൽ വനിതാ ‍ഡോക്ടറും ഭർത്താവുമായി പിരിഞ്ഞു. വിവാഹം കഴിക്കാതെ സൈജുവിന്റെ ആഗ്രഹങ്ങൾക്ക് വഴങ്ങില്ലെന്നു നിലപാടെടുത്തതോടെ സൈജു  ഉപദ്രവിക്കാൻ ശ്രമിക്കുന്നുവെന്ന് കാണിച്ച് യുവതി പരാതി നൽകുകയായിരുന്നു. 

ഈ കേസിൽ മുൻകൂർ ജാമ്യത്തിൽ കഴിയുമ്പോഴാണ് നെടുമങ്ങാട് സ്റ്റേഷനിലും സൈജുവിനെതിരെ പീഡനത്തിന് കേസെടുത്തത്. നെടുമങ്ങാട് സ്വദേശിനിയും കുടുംബസുഹൃത്തുമായ യുവതിയാണ് പൊലീസിൽ പരാതി നൽകിയത്. സൈജു തന്നെ നിരന്തരം പീഡിപ്പിച്ചിരുന്നു എന്നായിരുന്നു ഇവരുടെ പരാതി. ഈ കേസ് പിന്നീട് ഒത്തുതീർപ്പാക്കി. മുൻകൂർ ജാമ്യം റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതി കേസ് പരിഗണിക്കുന്ന സാഹചര്യത്തിലാണ് സൈജു എറണാകുളത്ത് എത്തിയത് എന്നാണ് കരുതുന്നത്. ജാമ്യം റദ്ദാക്കിയതിന്റെ പിറ്റേന്ന് രാത്രി തന്നെ ജീവനൊടുക്കുകയും ചെയ്തതായാണു വിവരം.

English Summary:

Kochi Tragedy: Ex-CI SV Saiju Found Dead Amidst Molestation Case Controversy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com