ADVERTISEMENT

കല്‍പറ്റ∙ കേരളത്തില്‍ ആഞ്ഞടിക്കുക പിണറായി വിരുദ്ധ തരംഗമാണെന്ന് കെപിസിസി ആക്ടിങ് പ്രസിഡന്റ് എം.എം.ഹസന്‍. യുഡിഎഫ് 20 സീറ്റുകളിലും വിജയിക്കും. ഈ തിരഞ്ഞെടുപ്പ് ഇടതുമുന്നണിയുടെ എട്ടുവര്‍ഷത്തെ ഭരണത്തിന്റെ വിലയിരുത്തലായി കണക്കാക്കാന്‍ മുഖ്യമന്ത്രിയും എം.വി.ഗോവിന്ദനും തയ്യാറുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. പ്രധാനമന്ത്രി മുഖ്യമന്ത്രിയുടെയും മകളുടെയും പേരെടുത്ത് സംസാരിച്ചിട്ടും ഈ നിമിഷം വരെ മറുപടി പറയാന്‍ പിണറായി വിജയന്‍ തയാറായിട്ടില്ല. ആ മറുപടി കേള്‍ക്കാന്‍ കേരളത്തിലെ വോട്ടര്‍മാര്‍ അഗ്രഹിക്കുന്നുണ്ടെന്നും ഹസൻ പറഞ്ഞു. 

‘‘മുഖ്യമന്ത്രിയുടെ ധൈര്യവും ശൗര്യവും എവിടെപോയി. വോട്ടര്‍പട്ടികയിലെ ഇരട്ടിപ്പ് തടഞ്ഞില്ലെങ്കില്‍ സ്വാഭാവികമായി കള്ളവോട്ട് നടക്കും. ആറ്റിങ്ങല്‍ ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളില്‍ യുഡിഎഫ് പരാതിയുമായി മുന്നോട്ടുപോകുകയാണ്. യുഡിഎഫ് വോട്ടര്‍പട്ടികയിലെ ക്രമക്കേട് ആവര്‍ത്തിച്ചുപറയുമ്പോഴും ബിജെപി ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണ്. 85 വയസ്സ് കഴിഞ്ഞവര്‍ക്ക് വീട്ടില്‍ വോട്ട് ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. വടകര ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് അനുഭാവികളായ ഉദ്യോഗസ്ഥരെയാണ് ഇതിനായി നിയോഗിച്ചിട്ടുള്ളത്. ഇക്കാര്യം ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയിട്ടുണ്ട്. ഇത്തരത്തിലുള്ള രണ്ട് ലക്ഷം വോട്ടുകളാണുള്ളത്. ഇത് അട്ടിമറിക്കാനാണ് നീക്കമെങ്കില്‍ കോടതിയെ സമീപിക്കേണ്ടി വരും’’– എം.എം.ഹസൻ പറഞ്ഞു. 

ഭാരത് ജോഡോ യാത്രയിലൂടെ ജനങ്ങളുടെ ആവശ്യങ്ങള്‍ മനസിലാക്കിയ രാഹുല്‍ഗാന്ധി തന്നെയാണ് ഈ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പ്രകടന പത്രിക തയാറാക്കുന്നതിന് പ്രധാന പങ്കുവഹിച്ചതെന്ന് ഹസൻ പറഞ്ഞു. കഴിഞ്ഞ 10 വര്‍ഷമായി മുൻപ് പറഞ്ഞതൊന്നും പാലിക്കാത്ത മോദിയാണ് വീണ്ടും ഗ്യാരണ്ടിയുമായി എത്തിയിരിക്കുന്നത്. ഇന്ത്യാമുന്നണി അധികാരത്തില്‍ വരുമെന്ന് മോദി ഭയക്കുന്നതിന്റെ തെളിവാണ് കേജ്‌രിവാളിന്റെയും ഹേമന്ത് സോറന്റെയും അറസ്റ്റ്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ചതും ഇതിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.

English Summary:

MM Hassan against Pinarayi Vijayan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com