‘നരേന്ദ്ര മോദി അഴിമതിയിൽ ചാംപ്യൻ’; ബിജെപി 150 സീറ്റുകൾക്കപ്പുറം കടക്കില്ലെന്ന് രാഹുൽ ഗാന്ധി
Mail This Article
ലക്നൗ∙ പ്രധാനമന്ത്രി നരേന്ദ്ര മോദി അഴിമതിയിൽ ചാംപ്യനാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ലോക്സഭാ തിരഞ്ഞെടുപ്പിൽ 150 സീറ്റുകൾക്കപ്പുറം കടക്കാൻ ബിജെപിക്ക് കഴിയില്ല. എല്ലാ സംസ്ഥാനങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം അനുസരിച്ച് ഞങ്ങളുടെ തിരഞ്ഞെടുപ്പ് പ്രചാരണം വളരെയധികം മെച്ചപ്പെട്ടിട്ടുണ്ട്. തുറന്ന മനസോടെയാണ് കോൺഗ്രസ് സീറ്റു വിഭജന ചർച്ചകളിൽ പങ്കെടുത്തത്. ഞങ്ങളുടെ സഖ്യകക്ഷികൾക്ക് കൂടുതൽ ഇടം നൽകുന്നത് എന്തെങ്കിലും പോരായ്മയായി കാണരുത്. ഈ തിരഞ്ഞെടുപ്പ് ആശയങ്ങൾ തമ്മിലുള്ള പോരാട്ടമാണ്. ഭരണഘടനയേയും ജനാധിപത്യത്തെയും തകർക്കുന്ന ആർഎസ്എസിനും ബിജെപിക്കും എതിരായ പോരാട്ടമാണിതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. അഖിലേഷ് യാദവിനൊപ്പം ഗാസിയാബാദിൽ നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അമേഠിയിൽ താൻ മത്സരിക്കണമോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടത് കോൺഗ്രസിന്റെ കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയും കോൺഗ്രസ് അധ്യക്ഷനുമാണെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. തിരഞ്ഞെടുപ്പ് സമിതി ആവശ്യപ്പെട്ടാൽ താൻ അമേഠിയിൽ മത്സരിക്കും. ഉത്തർപ്രദേശിൽ എത്ര സീറ്റു ലഭിക്കുമെന്ന പ്രവചനത്തിനു താനില്ലെന്നും മികച്ച വിജയം നേടുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
‘‘കഴിഞ്ഞ പത്തു വർഷത്തിനിടെ മോദി സർക്കാർ വലിയ തോതിലുള്ള അഴിമതിയാണ് രാജ്യത്ത് നടത്തിയത്. നോട്ടുനിരോധനവും ജിഎസ്ടിയും സാധാരണക്കാരന്റെ നടുവൊടിച്ചു. അദാനിയെ വളർത്താനാണ് മോദി നോക്കിയത്. അധികാരം ലഭിച്ചാൽ ഉത്തർപ്രദേശിലെ യുവാക്കൾക്കും വനിതകൾക്കും വേണ്ടി ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യും. പ്രധാനമന്ത്രിയുടേതായി വന്ന അഭിമുഖം മുൻകൂട്ടി രചിച്ച തിരക്കഥ അനുസരിച്ചാണ്. ആ അഭിമുഖം പാളിപോയി. ഇലക്ടറൽ ബോണ്ട് ഇന്ത്യയിലെ ഏറ്റവും വലിയ കൊള്ളയാണ്’’ – രാഹുൽ ഗാന്ധി പറഞ്ഞു.