ADVERTISEMENT

തിരുവനന്തപുരം∙ കേരളത്തിലെ രണ്ടാമത്തെ സിനിമ സ്റ്റുഡിയോ ആയ മെരിലാൻഡിലെ ആർട്ടിസ്റ്റ് ക്വാർട്ടേഴ്സ് ഓർമയാകുന്നു. തിരുവനന്തപുരം–കന്യാകുമാരി റെയിൽപാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി ഭൂമി ഏറ്റെടുക്കുന്നതിനാലാണ് ചരിത്രം ഉറങ്ങുന്ന മെരിലാൻഡിലെ ആർട്ടിസ്റ്റ് ക്വാർട്ടേഴ്സിന്റെ നല്ലൊരു ഭാഗം പൊളിക്കുന്നത്. റെയിൽപാളത്തിനു മുകളിലായി നിർമിക്കുന്ന മേൽപ്പാലം ആരംഭിക്കുന്നത് ആർട്ടിസ്റ്റ് ക്വാർട്ടേഴ്സിന്റെ ഭാഗത്തുനിന്നാകും. സ്റ്റുഡിയോയിലെ രണ്ടാമത്തെ പ്രവേശന കവാടം ഉൾപ്പെടെ 9 സെന്റ് സ്ഥലമാണ് റെയിൽവേ വികസനത്തിനായി വിട്ടുകൊടുക്കുന്നത്. നാടിന്റെ വികസനത്തിനായി വിഷമത്തോടെയാണെങ്കിലും ഭൂമി വിട്ടുകൊടുക്കുകയാണെന്ന് സ്റ്റുഡിയോ സ്ഥാപകൻ പി.സുബ്രഹ്മണ്യത്തിന്റെ മകനായ എസ്.കാർത്തികേയൻ മനോരമ ഓൺലൈനിനോട് പറഞ്ഞു.

മുൻ തമിഴ്നാട് മുഖ്യമന്ത്രിയും സൂപ്പർസ്റ്റാറുമായിരുന്ന എംജിആർ ഉൾപ്പെടെ മെരിലാൻഡ് സ്റ്റുഡിയോയിലെ ആർട്ടിസ്റ്റ് ക്വാർട്ടേഴ്സിൽ താമസിച്ചിട്ടുണ്ട്. മദ്രാസിൽ നിന്നുൾപ്പെടെ എത്തുന്ന നടിമാരാണ് ക്വാർട്ടേഴ്സിൽ പ്രധാനമായും താമസിച്ചിരുന്നത്. പ്രേംനസീർ ഉൾപ്പെടെയുള്ളവർ ന്യൂ തിയറ്ററിനുള്ളിലെ ക്വാർട്ടേഴ്സിലാണ് താമസിച്ചിരുന്നത്. ശ്രീവിദ്യ, ശാരദ, വിജയശ്രീ, റാണി ചന്ദ്ര, ഉദയചന്ദ്രിക, ശാന്തി എന്നീ പ്രമുഖ നടിമാരെല്ലാം ക്വാർട്ടേഴ്സിൽ താമസിച്ചിട്ടുണ്ട്. അതിരാവിലെ ഷൂട്ടിങ്ങുള്ള ദിവസങ്ങളിൽ ജോസ് പ്രകാശ്, കൊട്ടാരക്കര ശ്രീധരൻ നായർ,തിക്കുറിശ്ശി എന്നിവരും ഇവിടെയാണ് താമസിച്ചിരുന്നത്. 

മെരിലാൻഡ് സ്റ്റുഡിയോ പഴയകാല ചിത്രം∙മനോരമ
മെരിലാൻഡ് സ്റ്റുഡിയോ പഴയകാല ചിത്രം∙മനോരമ

ബാലനടനായി വന്ന താനും നിരവധി അവസരങ്ങളിൽ മെരിലാൻഡിലെ ആർട്ടിസ്റ്റ് ക്വാർട്ടേഴ്സിൽ താമസിച്ചിട്ടുണ്ടെന്ന് പഴയകാല നടൻ ഹരികുമാർ പറയുന്നു. ദക്ഷിണാമൂർത്തി, ബ്രദർ ലക്ഷ്മൺ അടക്കമുള്ള സംഗീതസംവിധായകർ പല ഹിറ്റ് പാട്ടുകൾക്കും ട്യൂൺ‌ നൽകിയത് ഇവിടെയിരുന്നാണ്. കന്യാകുമാരിയിൽ ഗാനമേള ഉണ്ടായിരുന്ന സമയത്ത് സംഗീതസംവിധായകൻ ദേവരാജൻ കുടുംബസമേതം തന്റെ ഗാനമേള ട്രൂപ്പിനൊപ്പമെത്തി റിഹേഴ്സൽ നടത്തിയതും താമസിച്ചതും മെരിലാൻഡ് സ്റ്റുഡിയോയിലെ ആർട്ടിസ്റ്റ് ക്വാർട്ടേഴ്സിലാണെന്ന് പി.സുബ്രഹ്മണ്യത്തിന്റെ കൊച്ചുമകനും ശ്രീപത്മനാഭ തിയേറ്റർ എംഡിയുമായ ഗിരീഷ് ചന്ദ്രൻ പറഞ്ഞു.

മെരിലാൻഡിന്റെ തുടക്കം

1951 സെപ്‌റ്റംബറിലാണ് തിരുവനന്തപുരം നഗരപിതാവും തിയറ്റർ ഉടമയുമായിരുന്ന പി.സുബ്രഹ്മണ്യം സ്റ്റുഡിയോയുടെ പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങിയത്. നേമത്ത് മാർ ഇവാനിയോസിന്റെ സെന്റ് പോൾ മിഡിൽ സ്‌കൂൾ നിർത്തിയപ്പോൾ അഞ്ചേക്കർ ഭൂമി വിലയ്‌ക്ക് വാങ്ങി. രണ്ട് ഷൂട്ടിങ് ഫ്‌ളോറുകളും ഒരു കാമറയുമായാണ് തുടക്കം. വൈകാതെ എല്ലാ ആധുനിക സങ്കേതങ്ങളുമുള്ള സ്റ്റുഡിയോ ആയി. മദ്രാസിൽ നിന്ന് മലയാള സിനിമയെ കേരളത്തിലേക്ക് പറിച്ചുനട്ടതിൽ വലിയ പങ്ക് വഹിക്കുകയും ചെയ്‌തു. 1952 ഒാഗസ്റ്റിൽ ഇറങ്ങിയ ആത്മസഖിയാണ് മെരിലാൻഡിന്റെ ആദ്യ സിനിമ. മഹാനടൻ സത്യന്റെ റിലീസായ ആദ്യ ചിത്രവും ആത്മസഖിയാണ്. 1979ൽ ഇറങ്ങിയ ഹൃദയത്തിന്റെ നിറങ്ങൾ റിലീസ് ചെയ്തതോടെ പ്രൊഡക്ഷൻ നിർത്തി. 42 വർഷത്തിനു ശേഷം സുബ്രഹ്മണ്യത്തിന്റെ ചെറുമകൻ വിശാഖ് സുബ്രഹ്മണ്യം ‘ഹൃദയം’ നിർമിച്ച് മെരിലാൻഡിന്റെ തിരിച്ചുവരവ് ആഘോഷമാക്കി. വിജയകരമായി പ്രദർശനം തുടരുന്ന ‘വർഷങ്ങൾക്ക് ശേഷം’ മെരിലാൻഡ് നിർമിച്ച ചിത്രമാണ്.

മെരിലാൻഡ് സ്റ്റുഡിയോ പഴയകാല ചിത്രം∙മനോരമ
മെരിലാൻഡ് സ്റ്റുഡിയോ പഴയകാല ചിത്രം∙മനോരമ

മെരിലാൻഡിൽ നീലാ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ 69 സിനിമകൾ നിർമിച്ചതിൽ 59 സിനിമകളും സംവിധാനം ചെയ്‌തത് പി.സുബ്രഹ്മണ്യമായിരുന്നു. ഭക്തകുചേല, ശ്രീരാമ പട്ടാഭിഷേകം, ശ്രീഗുരുവായൂരപ്പൻ, സ്വാമി അയ്യപ്പൻ, ശ്രീമുരുകൻ തുടങ്ങിയ പുരാണ ചിത്രങ്ങളിലൂടെ ഉദയായുടെ വടക്കൻപാട്ട് സിനിമകളുമായി മെരിലാൻഡ് മത്സരിച്ചു. സ്വാമി അയ്യപ്പൻ സിനിമയുടെ ലാഭം ഉപയോഗിച്ചാണ് ശബരിമലയിൽ സ്വാമി അയ്യപ്പൻ റോഡ് നിർമിച്ചത്. മെരിലാൻഡിൽ ഷൂട്ട് ചെയ്‌ത വേലക്കാരൻ എന്ന സിനിമയിലൂടെയാണ് ഗാനഗന്ധർവൻ യേശുദാസിന്റെ പിതാവും നാടകനടനുമായ അഗസ്റ്റിൻ ജോസഫ് വെളളിത്തിരയിലെത്തിയത്. സംസ്ഥാന സർക്കാരിന്റെ ആദ്യ ചലച്ചിത്ര അവാർഡ് മെരിലാൻഡിന്റെ കുമാരസംഭവത്തിനായിരുന്നു.

English Summary:

Artist Quarters in Merryland Film Studio

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com