ADVERTISEMENT

ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തില്‍ എല്‍ഡിഎഫിനെതിരെ മത്സരിക്കുന്നത് വഴി എന്തു സന്ദേശമാണ് രാഹുൽ ഗാന്ധി പുറത്തേക്ക് നൽകുന്നതെന്ന് സിപിഐ ദേശീയ ജനറൽ സെക്രട്ടറി ഡി. രാജ.  ദക്ഷിണേന്ത്യയില്‍ രാഹുലിന് മത്സരിക്കണമായിരുന്നെങ്കില്‍ തമിഴ്നാട്ടിലോ കര്‍ണാടകയിലോ തെലങ്കാനയിലോ ആന്ധ്രയിലോ മത്സരിക്കാമായിരുന്നു. അവിടെയെല്ലാം ബിജെപിയാണ് എതിരാളി. ബിജെപിയെ അധികാരത്തിൽ നിന്നും താഴെയിറക്കുക എന്നതാണ് പ്രാഥമിക ലക്ഷ്യമെന്നും അതിലൂടെ മാത്രമേ രാജ്യത്തെ രക്ഷിക്കാനാവുകയുള്ളൂവെന്നും ഡി.രാജ പറയുന്നു. അഭിമുഖം വായിക്കാം

∙തിരുവനന്തപുരത്ത് താങ്കൾ സ്ഥാനാർഥിക്ക് വേണ്ടി തമിഴിലാണല്ലോ പ്രസംഗിച്ചത്. രാഹുൽ ഗാന്ധി ഇന്നലെ വയനാട്ടിൽ പ്രസംഗിച്ചത് മലയാളത്തിനു മേൽ ഹിന്ദിയെ സ്ഥാപിക്കാനുള്ള ശ്രമങ്ങളെപ്പറ്റിയാണ്?

പ്രാദേശിക ഭാഷകൾക്ക് അതിന്റേതായ അസ്ഥിത്വമുണ്ട്. മലയാളിക്കും തമിഴർക്കുമെല്ലാം അവന്റെ ഭാഷയാണ് ഏറ്റവും വലുത്. അതിനുമേൽ ഒരു ഭാഷയെ മാത്രം അടിച്ചേൽപ്പിക്കാനുള്ള ശ്രമം വിലപോകില്ല. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്നതുപോലെ എതിർക്കപ്പെടേണ്ടതാണ് ഒരു ഭാഷയും.

∙ പല വിഷയത്തിലും രാഹുൽ ഗാന്ധിയോടു യോജിപ്പുള്ള നിങ്ങൾ എന്തിനാണ് വയനാട്ടിൽ സിപിഐ സ്ഥാനാർഥിയെ നിർത്തിയത്?

ഞങ്ങളല്ല കോൺഗ്രസാണ് അക്കാര്യം ചിന്തിക്കേണ്ടിയിരുന്നത്. ബിജെപിക്ക് സ്വാധീനമുള്ള മണ്ഡലത്തിലല്ലേ രാഹുൽ മത്സരിക്കേണ്ടിയിരുന്നത്. കേരളത്തിലെ രാഷ്ട്രീയസാഹചര്യം മറ്റുള്ള സംസ്ഥാനങ്ങളിലേതു പോലെയല്ല. പ്രധാന പോരാട്ടം എല്‍ഡിഎഫും യുഡിഎഫും തമ്മിലാണ്. രാഹുല്‍ ഗാന്ധിയെ പോലെ ദേശീയ രാഷ്ട്രീയത്തിലെ പ്രമുഖനായൊരു നേതാവ് കേരളത്തില്‍ മത്സരിക്കണോ, അതോ ബിജെപിയോട് നേരിട്ട് ഏറ്റുമുട്ടേണ്ടി വരുന്ന മറ്റേതെങ്കിലും സംസ്ഥാനത്ത് മത്സരിക്കണോയെന്ന് അവർ ആദ്യമേ ചിന്തിക്കണമായിരുന്നു. കേരളത്തില്‍ എല്‍ഡിഎഫിനെതിരെ മത്സരിക്കുന്നത് വഴി എന്തു സന്ദേശമാണ് രാഹുൽ പുറത്തേക്ക് നൽകുന്നത്? ദക്ഷിണേന്ത്യയില്‍ അദ്ദേഹത്തിന് മത്സരിക്കണമായിരുന്നെങ്കില്‍ തമിഴ്നാട്ടിലോ കര്‍ണാടകയിലോ തെലങ്കാനയിലോ ആന്ധ്രയിലോ മത്സരിക്കാമായിരുന്നു. അവിടെയെല്ലാം ബിജെപിയാണ് എതിരാളി. അവിടെ മത്സരിച്ചിരുന്നെങ്കിൽ അതൊരു നല്ല സന്ദേശമാകുമായിരുന്നു. രാജ്യവ്യാപകമായി യാത്ര നടത്തി അതിലൂടെ ബിജെപിക്കും ആര്‍എസ്എസിനുമെതിരായ പ്രചരണമാണ് രാഹുൽ നടത്തിയത്. അദ്ദേഹം യാത്രയിലുടനീളം ബിജെപിയുടെ തത്വശാസ്ത്രത്തെ എതിർത്തു. എന്നിട്ട് മത്സരിക്കുന്നതോ ഇടതുപക്ഷത്തിനെതിരെയും. 

രാഹുൽ ഗാന്ധി, ആനി രാജ, കെ.സുരേന്ദ്രൻ (മനോരമ ചിത്രങ്ങൾ)
രാഹുൽ ഗാന്ധി, ആനി രാജ, കെ.സുരേന്ദ്രൻ (മനോരമ ചിത്രങ്ങൾ)

∙ കെ.സി.വേണുഗോപാൽ മത്സരിക്കുന്നതിനെപ്പറ്റി വിമർശനമുണ്ടല്ലോ?

അദ്ദേഹം ആലപ്പുഴയിൽ മത്സരിക്കുന്നതിനെ ഞാൻ വിമർശിക്കുന്നില്ല. അദ്ദേഹം കേരളത്തിലെ നേതാവാണല്ലോ.

∙ താങ്കളുടെ ഭാര്യയാണ് രാഹുലിനെതിരെ വയനാട്ടിൽ മത്സരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് നിങ്ങൾ രണ്ടുപേരും ആദ്യഘട്ടത്തിൽ സംസാരിച്ചിരുന്നോ?

ജനറൽ സെക്രട്ടറിയും ഭാര്യയും സംസാരിച്ചിരുന്നില്ല. രണ്ട് സഖാക്കളെന്ന നിലയിൽ ഞങ്ങൾ സംസാരിച്ചിരുന്നു. 

∙ വയനാട്ടിൽ വിജയപ്രതീക്ഷയുണ്ടോ?

തിരഞ്ഞെടുപ്പ് ഫലം വരട്ടെ.

ചിരിതല: എംപിമാരെ സസ്പെൻഡ് ചെയ്തതിനെതിരെ പ്രതിപക്ഷ മുന്നണി സഖ്യമായ ‘ഇന്ത്യ’ ഡൽഹി ജന്തർ മന്തറിൽ നടത്തിയ പ്രതിഷേധ യോഗത്തിനിടെ തമാശ കേട്ടു ചിരിക്കുന്ന രാഹുൽ ഗാന്ധി. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി, കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ, എൻസിപി അധ്യക്ഷൻ ശരദ് പവാർ എന്നിവർ സമീപം. ചിത്രം : ജോസ്കുട്ടി പനയ്ക്കൽ∙ മനോരമ
ചിരിതല: എംപിമാരെ സസ്പെൻഡ് ചെയ്തതിനെതിരെ പ്രതിപക്ഷ മുന്നണി സഖ്യമായ ‘ഇന്ത്യ’ ഡൽഹി ജന്തർ മന്തറിൽ നടത്തിയ പ്രതിഷേധ യോഗത്തിനിടെ തമാശ കേട്ടു ചിരിക്കുന്ന രാഹുൽ ഗാന്ധി. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി, കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ, എൻസിപി അധ്യക്ഷൻ ശരദ് പവാർ എന്നിവർ സമീപം. ചിത്രം : ജോസ്കുട്ടി പനയ്ക്കൽ∙ മനോരമ

∙ ഈ തിരഞ്ഞെടുപ്പിലുള്ള പ്രതീക്ഷയെന്താണ്?

പ്രതീക്ഷ എന്തെന്ന ചോദ്യമുദിക്കുന്നില്ല. ബിജെപിയെ അധികാരത്തിൽ നിന്നും താഴെയിറക്കുക എന്നതാണ് പ്രാഥമിക ലക്ഷ്യം. അതിലൂടെ മാത്രമേ രാജ്യത്തെ സംരക്ഷിക്കാനാവുകയുള്ളൂ. കഴിഞ്ഞ 10 വർഷമായി രാജ്യത്തെ ജനാധിപത്യം വൻ വിപത്ത് നേരിടുകയാണ്. പാർലമെന്റ് പേരിനു മാത്രമായി. ഭരണഘടന നോക്കുകുത്തിയായി. ഫെഡറലിസം, മതേതരത്വം എന്നിവയെല്ലാം ആക്രമിക്കപ്പെടുകയാണ്. അതുകൊണ്ട്  ഇന്ത്യയെ ജനാധിപത്യ, മതേതര റിപ്പബ്ലിക്കായി നിലനിര്‍ത്താനാകുമോ അതോ ആ സ്വത്വം നഷ്ടപ്പെട്ട ഇന്ത്യയായി നിൽക്കണമോ എന്നതാണ് ചോദ്യം. അതിനാൽ രാജ്യത്തെ സംബന്ധിച്ച് ഇതു വളരെയധികം നിർണായകമായ തിരഞ്ഞെടുപ്പാണ്. ജനാധിപത്യത്തിന്റെ യജമാനന്മാര്‍ എന്നതുകൊണ്ടു തന്നെ ജനങ്ങൾക്ക് ഈ തിരഞ്ഞെടുപ്പില്‍ വലിയ ഉത്തരവാദിത്തമുണ്ടെന്ന് സിപിഐ വിശ്വസിക്കുന്നു. അവർ മാറ്റത്തിനായി വോട്ട് ചെയ്യുമെന്നാണ് കരുതുന്നത്. ജനങ്ങളിലേക്കിറങ്ങി അവരെ സംഘടിപ്പിച്ച് രാജ്യം നേരിടുന്ന വെല്ലുവിളികളെ എതിർക്കുകയാണ് ലക്ഷ്യം.

എംപിമാരെ സസ്പെൻഡ് ചെയ്തതിനെതിരെ പ്രതിപക്ഷ മുന്നണി സഖ്യമായ ‘ഇന്ത്യ’ ഡൽഹി ജന്തർ മന്തറിൽ നടത്തിയ പ്രതിഷേധ യോഗത്തിൽ കൈകൾ ഉയർത്തുന്ന അധിരഞ്ജൻ ചൗധരി, സീതാറാം യച്ചൂരി, രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖർഗെ, ശരദ് പവാർ, കെ.സി. വേണുഗോപാൽ, തിരുച്ചി ശിവ, ഡി. രാജ എന്നിവർ. ചിത്രം : ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ
എംപിമാരെ സസ്പെൻഡ് ചെയ്തതിനെതിരെ പ്രതിപക്ഷ മുന്നണി സഖ്യമായ ‘ഇന്ത്യ’ ഡൽഹി ജന്തർ മന്തറിൽ നടത്തിയ പ്രതിഷേധ യോഗത്തിൽ കൈകൾ ഉയർത്തുന്ന അധിരഞ്ജൻ ചൗധരി, സീതാറാം യച്ചൂരി, രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖർഗെ, ശരദ് പവാർ, കെ.സി. വേണുഗോപാൽ, തിരുച്ചി ശിവ, ഡി. രാജ എന്നിവർ. ചിത്രം : ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ

∙ ഇന്ത്യാ സഖ്യത്തിന്റെ ഒത്തൊരുമയില്ലായ്മ ഈ ലക്ഷ്യം നേടിയെടുക്കുന്നതിനെ ബാധിക്കില്ലേ?

ഇന്ത്യാ സഖ്യത്തിലുള്ളവരെല്ലാം സ്വതന്ത്രരായ രാഷ്ട്രീയ പാര്‍ട്ടികളാണ്. എല്ലാ വിഷയങ്ങളിലും എല്ലാവര്‍ക്കും നൂറു ശതമാനം ഒരേ നിലപാടാണെങ്കില്‍ പിന്നെ എന്തിനാണ് പ്രത്യേകം പാർട്ടിയായി നിലനിൽക്കുന്നത്? രാഷ്ട്രം നേരിടുന്ന വെല്ലുവിളികളെ അഭിമുഖീകരിക്കേണ്ടി വരുമ്പോള്‍, ഒരു പ്രത്യേക സാഹചര്യത്തില്‍, ഒരുമിച്ച് നിന്ന്, യോജിക്കാവുന്ന വിഷയങ്ങളില്‍ യോജിച്ചുകൊണ്ടു പ്രവർ‌ത്തിക്കണം. ഇപ്പോൾ ബിജെപിയെ തോൽപ്പിക്കുക എന്ന കാര്യത്തിലാണ് യോജിച്ചുനിൽക്കുന്നത്. 

∙ തുടക്കം മുതൽ ഇന്ത്യാ സഖ്യത്തോട് മറ്റൊരു ഇടതുപാർട്ടിയായ സിപിഎം സ്വീകരിച്ച നിലപാടുകൾ ശരിയാണോ?

ബിജെപിയെ താഴെയിറക്കുക എന്നതുതന്നെയാണ് സിപിഎമ്മിന്റെയും ലക്ഷ്യം. 

∙ കേരളത്തിലെ ഇടതുഭരണത്തിനെ എങ്ങനെ വിലയിരുത്തുന്നു?

രാജ്യത്തിനു മാതൃകയായ സർക്കാരാണിത്. ജനോപകാരമായ ഒട്ടനവധി പദ്ധതികളാണ് ഈ സർക്കാർ സംസ്ഥാനത്ത് നടപ്പാക്കുന്നത്.

∙ മുഖ്യമന്ത്രി അടക്കം അഴിമതി ആരോപണങ്ങൾ നേരിടുന്നുണ്ടല്ലോ?

  അതൊക്കെ കെട്ടിച്ചമച്ച കഥകളാണെന്ന് ആർക്കാണ് അറിയാത്തത്?

∙ നേരത്തെ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നത് തെറ്റായ സന്ദേശമാണെന്ന് പറഞ്ഞിരുന്നല്ലോ. ഇക്കാര്യം കോൺഗ്രസ് നേതൃത്വത്തെ എപ്പോഴെങ്കിലും അറിയിച്ചിരുന്നോ?

ഞാനെന്തിന് ഇത് കോണ്‍ഗ്രസ് നേതൃത്വത്തെ ധരിപ്പിക്കണം. ആര് എവിടെ മത്സരിക്കണമെന്നത് ഓരോ രാഷ്ട്രീയപാര്‍ട്ടിയുടെയും സ്വന്തം  തീരുമാനമാണ്. ആരോട് മത്സരിക്കണം, എന്തിനു മത്സരിക്കണം എന്നൊക്കെ ചിന്തിക്കാനുള്ള പക്വത എല്ലാ രാഷ്ട്രീയ പാർട്ടികൾക്കുമുണ്ട്.

∙ ഇന്ത്യാ സഖ്യത്തിൽ സീറ്റു സംബന്ധിച്ച് കക്ഷികൾ തമ്മിൽ ചർച്ചകൾ വിശദമായി നടക്കുന്നുണ്ട്?

  അങ്ങനെയുള്ള സാഹര്യമല്ല കേരളത്തിലെന്ന് നേരത്തെ സൂചിപ്പിച്ചിരുന്നല്ലോ.

രാഹുൽ ഗാന്ധിയും ഡി.രാജയും  (PTI Photo by Kamal Kishor)
രാഹുൽ ഗാന്ധിയും ഡി.രാജയും (PTI Photo by Kamal Kishor)

∙ നഷ്ടപ്പെട്ട ദേശീയപാർട്ടി പദവി ഇത്തവണ തിരികെ ലഭിക്കുമെന്ന് കരുതുന്നുണ്ടോ?

അങ്ങനെ തന്നെയാണ് ഞങ്ങളുടെ പ്രതീക്ഷ. അതിന് അനുകൂലമായ സാഹചര്യമുണ്ട്.

∙ കഴിഞ്ഞകാല തിരഞ്ഞെടുപ്പുകളിലെല്ലാം അംഗസംഖ്യ കുറഞ്ഞുവരുന്നത് ആശങ്കപ്പെടേണ്ട കാര്യമല്ലേ?

പാര്‍ലമെന്റില്‍ ഇടതുപക്ഷത്തിന്റെ അംഗബലം കുറഞ്ഞുവരുന്നു എന്നുള്ളത് ആശങ്കപ്പെടേണ്ട കാര്യം തന്നെയാണ്. പക്ഷേ ഈ അംഗബലം വര്‍ധിപ്പിക്കുന്നതിനായി കഴിവിന്റെ പരമാവധി ശ്രമിക്കുന്നുണ്ട്. ആ ലക്ഷ്യത്തിനു വേണ്ടി നടത്തിയ നീക്കങ്ങൾ ഈ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും.

∙ കേരളത്തിൽ എത്ര സീറ്റാണ് പ്രതീക്ഷിക്കുന്നത്?

 കഴിഞ്ഞവർഷത്തെക്കാൾ അംഗബലം കൂടും. 

∙ഇത്രയേറെ പ്രതീക്ഷയുണ്ടായിട്ടും കഴിഞ്ഞതവണ ഒരു സീറ്റാണ് നേടിയത്?

കഴിഞ്ഞത് കഴിഞ്ഞു. അതുതന്നെ ആവര്‍ത്തിക്കുമെന്ന് നമ്മൾ ഇനിയും കരുതേണ്ടതില്ല. ഭൂതകാലം തിരിച്ചുവരില്ലെന്ന് ഷേക്സ്പിയര്‍ പറഞ്ഞിട്ടുണ്ട്. ഇന്നലെ കുറിച്ചുള്ള സംസാരം വേണ്ട. ഇന്നിനെപ്പറ്റി സംസാരിക്കാം.

∙ ഇന്നലെകളിൽ നടന്നതും പ്രസക്തമാണല്ലോ. ഇന്ത്യാ മുന്നണിയുടെ ഏകോപനസമിതിയിൽ സിപിഎം പ്രതിനിധി ഇല്ലാത്തത് ശരിയാണോ?

അത് വേറൊരു വിഷയമാണ്. ഇപ്പോഴത്തെ വിഷയം തിരഞ്ഞെടുപ്പാണ്. ബിജെപിയെ തോൽപ്പിക്കുക മാത്രമാണ് ലക്ഷ്യം.

∙രാമക്ഷേത്രം അടക്കമുള്ള വിഷയങ്ങളെ മറികടന്ന് എങ്ങനെ ഉത്തരേന്ത്യയിൽ വോട്ട് വർധിപ്പിക്കുമെന്നാണ് കരുതുന്നത്?

ഹിന്ദുരാഷ്ട്രം എന്നത് വലിയൊരു ദുരന്തമാണെന്ന് ഡോ.അംബേദ്കര്‍ പറഞ്ഞിട്ടുണ്ട്. ആ ദുരന്തത്തില്‍ നിന്ന് ജനങ്ങളെ രക്ഷിക്കേണ്ടതുണ്ട്. അതാണ് ഇടതുപാര്‍ട്ടികളുടെ ഉത്തരവാദിത്തവും. അതിനുവേണ്ടി മറ്റ് ജനാധിപത്യ–മതേതര കക്ഷികളെയും സഹകരിപ്പിച്ച് മുന്നോട്ടു കൊണ്ടുപോകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com