ADVERTISEMENT

മുംബൈ∙ കള്ളപ്പണം വെളുപ്പിക്കൽ കേസിന്റെ ഭാഗമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) 98 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയതോടെ വീണ്ടും വാർത്തകളിൽ നിറഞ്ഞിരിക്കുകയാണ് വ്യവസായി രാജ് കുന്ദ്രയും ഭാര്യയും ബോളിവുഡ് നടിയുമായ ശിൽപ ഷെട്ടിയും. ബിറ്റ്കോയിൻ തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് ഇ.ഡി നടപടി. ജുഹുവിൽ ശിൽപ ഷെട്ടിയുടെ പേരിലുള്ള ഫ്ലാറ്റ് ഉൾപ്പെടെയുള്ള സ്ഥാവരജംഗമ വസ്തുക്കളാണു കണ്ടുകെട്ടിയത്.

2021 ജൂലൈയിൽ വെബ് സീരീസിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് അശ്ലീലചിത്രീകരണത്തിന് നിർബന്ധിച്ചതായി നാല് സ്ത്രീകൾ പരാതിപ്പെട്ടതിനെ തുടർന്ന് രാജ് കുന്ദ്രയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 2021 സെപ്റ്റംബറിലാണ് ആർതർ റോഡ് ജയിലിൽ നിന്ന് മോചിതനായി. മൊബൈൽ ആപ് വഴി നീലച്ചിത്രവിപണനം, ഇന്ത്യയിൽ നിർമിച്ച ചിത്രങ്ങൾ വിദേശത്ത് വിറ്റഴിക്കൽ എന്നിവ വഴി വൻതോതിൽ പണം സമ്പാദിച്ചെന്നാണ് ആരോപണത്തെ തുടർന്ന് 2022ലും രാജ് കുന്ദ്രയ്ക്കെതിരെ ഇ.ഡി കേസെടുത്തിരുന്നു.

∙ ബിറ്റ്‌കോയിൻ പോൻസി അഴിമതി: എന്താണ് കേസ്?

2017ൽ ‘ഗെയിൻ ബിറ്റ്‌കോയിൻ’ എന്ന പദ്ധതിയിൽ നിക്ഷേപിച്ചവരുടെ വിവിധ പരാതികളിൽ മഹാരാഷ്ട്ര, ഡൽഹി പൊലീസുകൾ റജിസ്റ്റർ ചെയ്ത എഫ്ഐആറുകൾക്കു പിന്നാലെയാണ് ബിറ്റ്‌കോയിൻ പോൻസി അഴിമതി പുറത്തുവന്നത്. പോൻസി സ്കീം ഗെയിൻ ബിറ്റ്കോയിന്റെ പ്രമോട്ടർമാരായ അജയ്, മഹേന്ദർ ഭരദ്വാജ് എന്നിവർ നിക്ഷേപകർക്ക് ബിറ്റ്കോയിനുകളുടെ രൂപത്തിൽ പ്രതിമാസം 10 ശതമാനം വരുമാനം വാഗ്ദാനം ചെയ്തിരുന്നു.

വേരിയബിൾ ടെക് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കെതിരെയാണ് എഫ്ഐആറുകൾ ഫയൽ ചെയ്തിരിക്കുന്നത്. ഈ കമ്പനിയുടെ പ്രമോട്ടർമാരായ അമിത് ഭരദ്വാജ്, അജയ് ഭരദ്വാജ്, വിവേക് ​​ഭരദ്വാജ്, സിംബി ഭരദ്വാജ്, മഹേന്ദർ ഭരദ്വാജ് എന്നിവരാണ് പ്രതികൾ. ഇവർ നിക്ഷേപകരിൽ നിന്ന് 2017ൽ 6,600 കോടി രൂപ പിരിച്ചെടുത്തതായി പൊലീസ് പറയുന്നു.

രാജ്‌ കുന്ദ്രയും ശിൽപ ഷെട്ടിയും (PTI Photo)  
(PTI06_08_2021_000199A)
രാജ്‌ കുന്ദ്രയും ശിൽപ ഷെട്ടിയും (PTI Photo) (PTI06_08_2021_000199A)

ആദ്യഘട്ടത്തിൽ നിക്ഷേപകർക്കു പണം തിരിച്ചുനൽകിയെങ്കിലും പിന്നീട് ഇതു മുടങ്ങി. ബാക്കി നിക്ഷേപ പണംകൊണ്ട് കമ്പനി ബിറ്റ്‌കോയിനുകൾ വാങ്ങി. ഇതു വഴി ലാഭമുണ്ടാക്കിയ കമ്പനി, എന്നാൽ നിക്ഷേപകരിൽനിന്ന് ഇക്കാര്യം മറച്ചുവച്ചതായി ഇ.ഡി പറയുന്നു. നിക്ഷേപകർക്ക് ലാഭവിഹിതം നൽകിയതുമില്ല.

യുക്രെയ്‌നിൽ ബിറ്റ്‌കോയിൻ മൈനിങ് ഫാം സ്ഥാപിക്കുന്നതിനായി രാജ് കുന്ദ്ര, ഗെയിൻ ബിറ്റ്‌കോയിൻ പോൻസി അഴിമതിയുടെ സൂത്രധാരനും പ്രമോട്ടറുമായ അമിത് ഭരദ്വാജിൽ നിന്ന് 285 ബിറ്റ്‌കോയിനുകൾ വാങ്ങിയതായി ഇ.ഡി പറയുന്നു. രാജ് കുന്ദ്രയുടെ കൈവശം ഇപ്പോഴും 285 ബിറ്റ്കോയിനുകൾ ഉണ്ടെന്ന് ഇഡി പറഞ്ഞു.

∙ വൻ വ്യവസായി, രാജസ്ഥാൻ റോയൽസ് മുൻ ഉടമ

ലണ്ടനിൽ ജനിച്ചുവളർന്ന രാജ് കുന്ദ്ര 18-ാം വയസ്സ് മുതൽ ദുബായിലാണു താമസം. പിന്നീട് നേപ്പാളിലെത്തി ആഡംബര ഷാളുകളുടെ കയറ്റുമതി ആരംഭിച്ചു. വില കൂടിയ ലോഹങ്ങളുടെ ബിസിനസ്, കെട്ടിടനിർമാണം, ഖനനം തുടങ്ങി പല മേഖലകളിലേക്കു പ്രവർത്തനം വ്യാപിച്ച കുന്ദ്ര സിനിമാ നിർമാണത്തിനുള്ള ഫിനാൻസിങ്ങും തുടങ്ങി. സ്പോർട്സ്, റസ്റ്ററന്റ് മേഖലകളിലും നിക്ഷേപമുണ്ട്. മുൻപു രാജസ്ഥാൻ റോയൽസ് ഐപിഎൽ ടീമിന്റെ ഉടമകളിൽ ഒരാളായിരുന്നു. പിന്നീട് ഒത്തുകളി വിവാദത്തിൽ വിലക്കു നേരിട്ടു.

രാജ്‌ കുന്ദ്രയും  ശിൽപ ഷെട്ടിയും (Photo by Sujit Jaiswal / AFP)
രാജ്‌ കുന്ദ്രയും ശിൽപ ഷെട്ടിയും (Photo by Sujit Jaiswal / AFP)

ആദ്യഭാര്യ കവിതയുമായി പിരിഞ്ഞ ശേഷം 2009ലാണു ശിൽപയെ വിവാഹം ചെയ്തത്. അശ്ലീല റാക്കറ്റിനെ ഫെബ്രുവരിയിലാണ് പൊലീസ് കണ്ടെത്തിയത്. മോഡലും നടിയുമായ ഗെഹെന വസിഷ്ഠ് അടക്കം 6 പേരെ അറസ്റ്റ് ചെയ്തതിനു പിന്നാലെ ഒരു യുവതി കുന്ദ്രയ്ക്കെതിരെ പരാതി നൽകി. അന്വേഷണത്തിൽ കൂടുതൽ തെളിവുകൾ ലഭിച്ചതോടെയാണ് അറസ്റ്റ് ചെയ്തത്.

∙ നടിയുടെ അറസ്റ്റിൽനിന്ന് കുന്ദ്രയിലേക്ക്

രഹസ്യവിവരത്തെത്തുടർന്നു 2021 ഫെബ്രുവരി ആദ്യം വടക്കൻ മുംബൈയിലെ മഡ് ഐലൻഡിൽ പൊലീസ് നടത്തിയ പരിശോധനയാണു കേസിൽ വഴിത്തിരിവായത്. ആദ്യഘട്ടത്തിൽ അശ്ലീല വിഡിയോ ചിത്രീകരണത്തിന് 5 പേരെ അറസ്റ്റ് ചെയ്തു. പിന്നീട്, ഗെഹന വസിഷ്ഠ് എന്ന നടിയുടെ അറസ്റ്റ് രേഖപ്പെടുത്തി. എന്നാൽ, ഇൗ ഘട്ടത്തിലൊന്നും രാജ് കുന്ദ്രയിലേക്കു കേസ് എത്തുമെന്ന് ആരും കരുതിയില്ല.

ഗെഹനയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഉമേഷ് കാമത്ത് എന്നയാൾ പിടിയിലായതോടെയാണു കുന്ദ്രയിലേക്ക് അന്വേഷണം എത്തിയത്. രാജ് കുന്ദ്രയുടെ സ്ഥാപനത്തിലെ മുൻ ജീവനക്കാരനായ ഉമേഷ്, യുകെ ആസ്ഥാനമായ കെൻറിൻ കമ്പനിയുടെ ഇന്ത്യൻ വിഭാഗത്തിന്റെ ചുമതലയാണു വഹിച്ചിരുന്നത്. ഇയാളും രാജ് കുന്ദ്രയും ചേർന്നാണ് അശ്ലീല ബിസിനസ് നടത്തിയിരുന്നതെന്നും പൊലീസ് പറയുന്നു. അഭിനയരംഗത്ത് ഉയർച്ച തേടിയെത്തിയ മൂന്നു യുവതികളാണ് ഇൗ സംഘത്തിനെതിരെ പൊലീസിനു മൊഴി നൽകിയത്. അശ്ലീലചിത്രങ്ങളിൽ അഭിനയിക്കാൻ നിർബന്ധിച്ചെന്നാണ് ആരോപണം.

∙ പ്രതിദിനം 8 ലക്ഷം രൂപ വരെ വരുമാനം

കുന്ദ്രയും സഹോദരീഭർത്താവ് പ്രദീപ് ബക്ഷിയും തമ്മിലുള്ള വാട്സാപ് ചാറ്റുകളടക്കം ഒട്ടേറെ െതളിവുകൾ പൊലീസ് ശേഖരിച്ചിരുന്നു. വിഡിയോകളും കരാർ രേഖകളും സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച വിവരങ്ങളും കുന്ദ്രയുടെ ഓഫിസിലും വസതിയിലും നടത്തിയ പരിശോധനയിൽ കണ്ടെത്തി. തുടക്കത്തിൽ പ്രതിദിനം 2-3 ലക്ഷം രൂപ അശ്ലീല ആപ്പിൽ നിന്നു ലഭിച്ചിരുന്നത് പിന്നീട് 6-8 ലക്ഷമായി ഉയർന്നത്രേ! കേസിൽ രണ്ടു മാസത്തിനുശേഷം സെപ്റ്റംബറിലാണ് മജിസ്ട്രേട്ട് കോടതി ജാമ്യം അനുവദിച്ചത്. ഇതിനുശേഷവും പല തട്ടിപ്പു പരാതികളും രാജ് കുന്ദ്രയ്ക്കെതിരെ ഉയർന്നിരുന്നു. ശിൽപ ഷെട്ടി വിവാഹമോനചനത്തിന് ഒരുങ്ങുന്നതായുള്ള അഭ്യൂഹങ്ങളും പരന്നു. ഏറ്റവുമൊടുവിലാണ് ഇരുവരുടെയും സ്വത്ത് കണ്ടുകെട്ടിയുള്ള ഇ.ഡി നടപടി വരുന്നത്.

English Summary:

Raj Kundra linked to Bitcoin Ponzi scam: All you need to know about ₹6,600 crore investment fraud case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com