കേരളത്തിനെതിരെ സംസാരിക്കുമ്പോൾ മോദിക്കും രാഹുലിനും ഒരേ സ്വരം, രാഹുൽ ഒളിച്ചോടി വന്നയാൾ: മുഖ്യമന്ത്രി
Mail This Article
തിരുവനന്തപുരം∙ കേരളത്തിനെതിരെ സംസാരിക്കുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കും ഒരേ സ്വരമാണെന്ന വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രധാനമന്ത്രി ബിഹാറിനെയും കേരളത്തെയും അപമാനിച്ചതായി മുഖ്യമന്ത്രി ആരോപിച്ചു. ഇന്ത്യയിൽ അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനം കേരളമാണ്. ഇവിടെ അഴിമതി വ്യാപകമാണെന്ന പ്രധാനമന്ത്രിയുടെ വിമർശനം ഏതു റിപ്പോർട്ടുകളെ അധികരിച്ചാണെന്നും മുഖ്യമന്ത്രി ചോദിച്ചു.
കേരളത്തിൽനിന്ന് ഒരു സീറ്റു പോലും ലഭിക്കില്ലെന്ന വെപ്രാളമാണ് പ്രധാനമന്ത്രിക്കെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അതുകൊണ്ട് നേട്ടങ്ങളെയെല്ലാം നുണകൊണ്ട് മൂടാനാണ് അദ്ദേഹത്തിന്റെ ശ്രമം. നീതി ആയോഗിന്റെ ചുമതല വഹിച്ചുകൊണ്ടാണ് പ്രധാനമന്ത്രി ഈ കള്ളങ്ങളെല്ലാം പറയുന്നത്. ഭരണഘടനാ മാനദണ്ഡങ്ങൾ പോലും പ്രധാനമന്ത്രി പാലിച്ചില്ലെന്നും മുഖ്യമന്ത്രി വിമർശിച്ചു.
കേരളത്തിനു ലഭിക്കേണ്ട അർഹതപ്പെട്ട തുക നിഷേധിക്കുന്നതാണ് കേന്ദ്രസർക്കാർ സംസ്ഥാനത്തിനു നേരെ സ്വീകരിക്കുന്ന സമീപനം. ജനസംഖ്യ മാനദണ്ഡമാക്കിയതോടെ നികുതി വിഹിതത്തിന്റെ കാര്യത്തിൽ സംസ്ഥാനങ്ങൾ തമ്മിലുള്ള അന്തരം വർധിച്ചു. ബിജെപി നൽകുന്ന പരസ്യങ്ങളിലും കേരളത്തെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുകയാണ്. കേരളത്തിന്റെ കഴുത്ത് ഞെരുക്കുന്നവർ തന്നെ സംസ്ഥാനത്തെ ആക്ഷേപിക്കുകയാണ്.
‘‘സ്വന്തം പാർട്ടിയുടെ നേതൃസ്ഥാനത്ത് നിന്നും നിർണായക സമയത്ത് ഒളിച്ചോടിയ നേതാവായ രാഹുൽ രാജ്യത്തെ നയിക്കാൻ ഇപ്പോഴും പ്രാപ്തനായിട്ടില്ല.മോദിയെ നേരിട്ട് എതിർക്കാൻ രാഹുൽ ശ്രമിക്കുന്നില്ല. ഉത്തരേന്ത്യയിൽ നിന്നും ഒളിച്ചോടിയാണ് വയനാട്ടിലെത്തി രണ്ടാം തവണയും രാഹുൽ മത്സരിക്കുന്നത്.
‘‘തിരഞ്ഞെടുപ്പിൽ പ്രധാനം ബിജെപിയെ പരാജയപ്പെടുത്തുകയെന്നതാണ്. പ്രധാനമന്ത്രി ആരെന്ന് ഇപ്പോൾ ചർച്ച ചെയ്യേണ്ട ആവശ്യമില്ല. പ്രതിപക്ഷ നേതാവ് വി.ഡി സതീശന് എന്തോ പറ്റിയിട്ടുണ്ട്. പറയുന്ന കാര്യങ്ങൾക്ക് വിശ്വാസ്യതയുണ്ടാവുക പ്രധാനമാണ്. സിഎഎയെപ്പറ്റി കോൺഗ്രസ് പ്രകടനപത്രികയിലുണ്ടായിരുന്നു. എന്നാൽ അത് അംഗീകരിക്കേണ്ട നേതാക്കളുടെ മുന്നിലെത്തിയപ്പോൾ അവർ ആ ഭാഗം വേണ്ടെന്നു വച്ചതാണ്’’ – മുഖ്യമന്ത്രി പറഞ്ഞു.