ADVERTISEMENT

കല്‍പറ്റ ∙ മുഖ്യമന്ത്രി പിണറായി വിജയൻ, മോദി ഫാന്‍സ് അസോസിയേഷന്റെ പ്രസിഡന്റായാണു പ്രവര്‍ത്തിക്കുന്നതെന്നു കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് ടി.സിദ്ധിഖ് എംഎല്‍എ. പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും ഒരേ സ്വരവും നാവുമാണ്. മോദിയെ തൃപ്തിപ്പെടുത്താന്‍ മുഖ്യമന്ത്രി രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കുന്നു. ഇന്ത്യന്‍ പ്രധാമന്ത്രിയാകാന്‍ രാഹുല്‍ കൊള്ളില്ലെന്നാണു പറയുന്നത്. ഇതു സംഘപരിവാറിന്റെയും മോദിയുടെയും ശബ്ദമാണ്. അവരെ തൃപ്തിപ്പെടുത്തി കേസുകളില്‍നിന്നു രക്ഷപ്പെടാനാണു മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും സിദ്ധിഖ് ആരോപിച്ചു. കൽപറ്റയിൽ വാർത്താ സമ്മേളനത്തിലായിരുന്നു സിദ്ധിഖിന്റെ വിമർശനം.

എല്‍ഡിഎഫും ബിജെപിയും വിഭാഗീയത ലക്ഷ്യമിട്ടുള്ള സമീപനമാണു പ്രചാരണരംഗത്ത് സ്വീകരിക്കുന്നത്. കെ.സുരേന്ദ്രന്റെ വാര്‍ത്താസമ്മേളനത്തിലെ വാചകങ്ങള്‍ ഒരു സ്ഥാനാര്‍ഥിയുടേയോ പൊതുപ്രവര്‍ത്തകന്റെയോ ഭാഗത്തുനിന്നു വരാന്‍ പാടില്ലാത്തതായിരുന്നുവെന്നു കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് ടി.സിദ്ധിഖ് എംഎല്‍എ പറഞ്ഞു. വയനാട് പോലെ പരസ്പരസ്‌നേഹത്തില്‍ കഴിയുന്ന നാട്ടില്‍ വര്‍ഗീയ ചേരിതിരിവുണ്ടാക്കുന്നതിനും വിഭാഗീയതയുണ്ടാക്കുന്നതിനുമുള്ള നീക്കമാണു ലക്ഷ്യമിടുന്നത്. 

പ്രതിസന്ധികള്‍ക്കിടയിലും ഒത്തൊരുമിച്ച് അതിജീവനം നടത്തുന്ന ജനതയാണു വയനാട്ടിലേത്. വിഭാഗീയതയുടെ പരിപ്പിട്ട് ഇവിടെ വേവിക്കാമെന്നതു സുരേന്ദ്രന്റെ വ്യാമോഹം മാത്രമാണ്. നേരത്തെ സ്ഥലപ്പേര് മാറ്റാനുള്ള ശ്രമം നടത്തിയതും ഇതിന്റെ ഭാഗമാണ്. സുരേന്ദ്രനും ആനി രാജയ്ക്കും വയനാടിന്റെ പ്രശ്‌നങ്ങളറിയില്ല. വയനാട്ടില്‍ രൂക്ഷമായ പല പ്രശ്‌നങ്ങളുമുണ്ടായപ്പോള്‍ സുരേന്ദ്രനും ആനി രാജയും എവിടെയായിരുന്നുവെന്ന് അദ്ദേഹം ചോദിച്ചു. പ്രളയം, പുത്തുമല ഉരുള്‍പൊട്ടല്‍ എന്നിവയുണ്ടായപ്പോള്‍ ഇരുവരും വയനാട്ടിലേക്കു തിരിഞ്ഞുനോക്കിയിട്ടില്ല. ദുരിതാശ്വാസ ക്യാംപില്‍ പോലും ഇവരെയൊന്നും കണ്ടില്ല. വേദനയില്‍ കൂടെ നില്‍ക്കാത്തവരാണ് ഇന്നു വര്‍ഗീതയും വിഭാഗീയതയുമുണ്ടാക്കാന്‍ ശ്രമിക്കുന്നതെന്നും സിദ്ധിഖ് ആരോപിച്ചു. ഇത്തരക്കാര്‍ക്കു വയനാട്ടുകാര്‍ തിരഞ്ഞെടുപ്പിലൂടെ ശക്തമായ മറുപടി നൽകുമെന്നും സിദ്ധിഖ് പറഞ്ഞു.

വയനാട്ടില്‍ മതസ്പര്‍ദ്ധയുണ്ടാക്കാനുള്ള നീക്കം പിന്‍വലിച്ചു തിരഞ്ഞെടുപ്പിനെ നേരിടാന്‍ സുരേന്ദ്രന്‍ തയാറാകണമെന്ന് ഐ.സി.ബാലകൃഷ്ണന്‍ എംഎല്‍എ പറഞ്ഞു. ന്യൂനപക്ഷ ആനുകൂല്യങ്ങളുടെയും സ്കോളർഷിപ്പിന്റെയും കാര്യത്തിൽ ക്രിസ്ത്യാനികളോടു ചിറ്റമ്മ നയമാണ് കേരളത്തിൽ കാലാകാലങ്ങളായി ഭരിച്ച രണ്ട് മുന്നണികളും സ്വീകരിക്കുന്നതെന്ന് കെ.സുരേന്ദ്രൻ പറഞ്ഞതിനോട് പ്രതികരിക്കുകയായിരുന്നു യുഡിഎഫ് നേതാക്കൾ.

English Summary:

Congress leader T Siddique alleges CPM and BJP joins hands in election campaign

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com