ADVERTISEMENT

തിരുവനന്തപുരം∙ വോട്ടിങ് യന്ത്രങ്ങളുടെ തകരാർ, മന്ദഗതിയിലെ പോളിങ്, മണിക്കൂറുകളോളം വോട്ടിങ് നിർത്തിവയ്ക്കേണ്ടി വന്ന സാഹചര്യം, പോളിങ് ബൂത്തുകളിൽ ആവശ്യത്തിന് ഉദ്യോഗസ്ഥരെ നിയമിക്കാതിരുന്നത് തുടങ്ങിയ പരാതികൾ ചൂണ്ടിക്കാട്ടി കോൺഗ്രസ് തിരഞ്ഞെടുപ്പ് മുഖ്യ ഓഫീസർ സഞ്ജയ് കൗളിന് പരാതി നൽകിയെന്ന് കെപിസിസി ആക്ടിങ് പ്രസിഡന്റ് എം.എം.ഹസൻ. ഉദ്യോഗസ്ഥരുടെ അപര്യാപ്തതയും വോട്ടിങ് മെഷീനിൽ വോട്ട് രേഖപ്പെടുത്തുന്നതിനു വേണ്ടിവന്ന സമയദൈർഘ്യവും  കാരണം വോട്ടർമാർക്ക് ഏറെനേരം കാത്തുനിൽക്കേണ്ടിവന്നുവെന്ന് വ്യാപകമായ പരാതിയുണ്ട്. നാലുമണിക്കൂറോളം വോട്ട് ചെയ്യാനായി കാത്തുനിന്നവരുണ്ടെന്നും ഹസൻ പറഞ്ഞു.

മനസുമടുത്ത് വോട്ടു ചെയ്യാതെ പോയവരുമുണ്ടെന്ന് എം.എം.ഹസൻ പറഞ്ഞു. ബട്ടണിൽ വോട്ട് കുത്തിയിട്ടും മുമ്പെങ്ങുമില്ലാത്ത വിധം ഏറെനേരമെടുത്താണ് വോട്ട് രേഖപ്പെടുത്തിയത്. സാധാരണ ഏഴു സെക്കൻഡിനുള്ളിൽ വോട്ട് രേഖപ്പെടുത്തും. പക്ഷെ, ഇത്തവണ അത് 20 സെക്കൻ‌ഡിലേറെ അധികരിച്ചു. പോളിങ് ബൂത്തിൽ നീണ്ട നിരയുണ്ടാകാൻ ഇതൊരു കാരണമായി. മൊത്തത്തിൽ വോട്ടിങ് മെഷീനുകൾക്ക് തകരാർ  വന്നത് ബോധപൂർവമായ ഏതെങ്കിലും നടപടിയുടെ ഭാഗമാണോയെന്ന് സംശയമുണ്ട്. ഇതേക്കുറിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ അന്വേഷിക്കണമെന്നും ഹസൻ ആവശ്യപ്പെട്ടു. 

‘‘സാധാരണ ഗതിയിൽ ആവശ്യത്തിന് ഉദ്യോഗസ്ഥരെ അനുവദിക്കുന്നതാണ്. ഇക്കുറി അപര്യാപ്തത ഉണ്ടായെന്ന് പോളിങ് ബൂത്തുകളിലെ ഉദ്യോഗസ്ഥർ തന്നെ പരാതിപ്പെട്ടു. പത്തനംതിട്ടയിൽ മൂന്നുമണിക്കൂറോളം വോട്ടിങ് നിർത്തിവച്ചിട്ടും അവിടെ വോട്ടിങ്ങിന് കൂടുതൽ സമയം അനുവദിച്ചില്ല. ഇതുസംബന്ധിച്ച് പരാതിപ്പെട്ടപ്പോൾ, ആറുമണിവരെ ക്യൂവിൽ നിന്നവർക്ക് വോട്ടു ചെയ്യാനുള്ള അവസരം നൽകുമെന്ന സാധാരണ മറുപടി മാത്രമാണ് ലഭിച്ചത്. കാസർകോട്, കണ്ണൂർ മണ്ഡലങ്ങളിലെ പാർട്ടി ഗ്രാമങ്ങളിൽ കള്ളവോട്ടും ബൂത്തുപിടുത്തവും ഉണ്ടായി. വടകരയിൽ ഓപ്പൺ വോട്ടിലെ ക്രമക്കേടിനു കൂട്ടുനിന്ന രണ്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുന്ന സാഹചര്യവുമുണ്ടായി. ഇവർക്ക് സസ്പെൻഷൻ മാത്രം പോരാ, കർശനമായ ശിക്ഷണ നടപടി നൽകണമെന്നും എം.എം.ഹസൻ ആവശ്യപ്പെട്ടു.

English Summary:

Congress against EVM

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com