ADVERTISEMENT

∙ വടകരയിൽ തുടക്കം മുതൽ കനത്ത പോളിങ്

കേരളം ഉറ്റുനോക്കുന്ന അങ്കക്കളരിയായ കടത്തനാടൻ മണ്ണിൽ പോരാട്ടം കനക്കുകയാണ്. വോട്ടെടുപ്പ് ഉച്ചയിലെത്തിയപ്പോൾ വടകര മണ്ഡലത്തിലെ ബൂത്തുകളിൽ നീണ്ടനിര. നാദാപുരമടക്കമുള്ള മേഖലകളിൽ വെള്ളിയാഴ്ച നിസ്കാര സമയം പരിഗണിച്ച് ആളുകൾ അതിരാവിലെ വോട്ട് ചെയ്യാനെത്തി. ഉച്ചയ്ക്ക് 2.15ന് വടകരയിലെ വോട്ടിങ്ങ് 45.73 ശതമാനം കടന്നു. രാവിലെ 7 മണിക്കാണ് വോട്ടിങ് തുടങ്ങിയതെങ്കിലും ആറു മണിയോടെ വോട്ടർമാർ വരി നിൽക്കുന്നുണ്ടായിരുന്നു.

വോട്ടു ചെയ്ത ശേഷം പാലക്കാട്ടുനിന്നു പത്തു മണിയോടെ യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ വടകരയിലെത്തി ബൂത്തുകൾ സന്ദർശിച്ചു. മട്ടന്നൂരിൽ വോട്ട് ചെയ്ത ശേഷം എൽഡിഎഫ് സ്ഥാനാർഥി കെ.കെ.ശൈലജയും വടകരയിലെത്തി. വടകര കടമേരി എൽപി സ്കൂളിലാണ് എൻഡിഎ സ്ഥാനാർഥി സി.ആർ.പ്രഫുൽ കൃഷ്ണൻ വോട്ടു ചെയ്തത്. ശക്തമായ പോളിങ്ങാണ് നടക്കുന്നതെന്നും വിജയിക്കുമെന്ന ആത്മവിശ്വാസമുണ്ടെന്നും കെ.കെ.ശൈലജ പറഞ്ഞു. എടച്ചേരി നരിച്ചാൽ യുപി സ്കൂളിലെ ബൂത്തിൽ സന്ദർശനം നടത്തുകയായിരുന്നു ശൈലജ. തുടർന്ന് പുറമേരി കടത്തനാട് രാജ സ്കൂളിലും സന്ദർശനം നടത്തി.

ശുഭപ്രതീക്ഷയുണ്ടെന്നും എൻഡിഎ സീറ്റുകൾ നേടുമെന്നും പ്രഫുലും പറഞ്ഞു. മുൻ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ ചോമ്പാൽ മാപ്പിള എൽപി സ്കൂളിൽ വോട്ടു ചെയ്തു. തിരഞ്ഞെടുപ്പിൽ കേന്ദ്ര, സംസ്ഥാന തലങ്ങളിലെ ഭരണവിരുദ്ധ വികാരം അലയടിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇ.പി.ജയരാജൻ ചർച്ച നടത്തിയ സംഭവം പുറത്തുവന്നതോടെ ബിജെപി -സിപിഎം രഹസ്യബന്ധം പുറത്തുവന്നതായും അദ്ദേഹം ആരോപിച്ചു.

∙ തീരദേശത്ത് പോളിങ് കനത്തു

ശക്തമായ ത്രികോണ മത്സരം നടക്കുന്ന തിരുവനന്തപുരം മണ്ഡലത്തിൽ രാവിലെ മുതലുള്ള ശക്തമായ പോളിങ്ങിൽ പ്രതീക്ഷയർപ്പിച്ച് മുന്നണികൾ. കോൺഗ്രസ് സ്ഥാനാർഥി ശശി തരൂരിന് സ്വാധീനമുള്ള, പരമ്പരാഗത കോൺഗ്രസ് വോട്ടുകളുള്ള പാറശാലയിലും നെയ്യാറ്റിൻകരയിലും 12 മണിയോടെ പോളിങ് 35% പിന്നിട്ടത് അനുകൂല ഘടകമാണെന്ന് കോൺഗ്രസ് അവകാശപ്പെടുന്നു. ജില്ലയിൽ കോൺഗ്രസിന്റെ കൈവശമുള്ള ഏക നിയമസഭാ മണ്ഡലമായ കോവളത്ത് രാവിലെ 19.90% ആയിരുന്നു പോളിങ്. ഉച്ചയ്ക്ക് മുൻപായി അത് 33.62 ശതമാനത്തിലെത്തി.

വോട്ട് ബാങ്കായ തീരദേശ മേഖലകളിലും മികച്ച പോളിങ് രാവിലെ നടന്നത് അനുകൂലഘടമായി പാർട്ടി വിലയിരുത്തുന്നു. 2014ൽ 15470 വോട്ടിനാണ് ബിജെപി നേതാവ് ഒ.രാജഗോപാലിനെ തരൂർ പരാജയപ്പെടുത്തിയത്. തീരദേശ മേഖലയിലെ മുസ്‌ലിം, ക്രിസ്ത്യൻ വോട്ടുകളാണ് അന്നു കോൺഗ്രസിന്റെ രക്ഷയ്ക്കെത്തിയത്.

shafi-parambil-vote

നഗരമേഖലകളിലാണ് ബിജെപിക്ക് കൂടുതൽ പ്രതീക്ഷ. വോട്ടുബാങ്കുള്ളതും ഈ മേഖലയിലാണ്. ബിജെപി ആദ്യമായി കേന്ദ്രത്തിൽ അധികാരത്തിൽ എത്തിയശേഷം പാർട്ടിക്ക് മണ്ഡലത്തിൽ വോട്ട് വിഹിതം വർധിച്ചിട്ടേയുള്ളൂ. അതിൽ പ്രധാന സംഭാവന നൽകുന്നത് നഗരമേഖലയിലെ വോട്ടർമാരാണ്. നഗരമേഖലയിലെ കഴക്കൂട്ടം, വട്ടിയൂർക്കാവ്, തിരുവനന്തപുരം, നേമം മണ്ഡലങ്ങളാണ് പാർട്ടിയുടെ ശക്തി. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ മത്സരിക്കുന്നത് കരുത്താണെന്ന് പാർട്ടി കരുതുന്നു. ജയിച്ചാൽ രാജീവ് കേന്ദ്രമന്ത്രിയാകുമെന്ന പ്രചാരണം ഗുണം ചെയ്യുമെന്നും വിലയിരുത്തലുണ്ട്.

കോവളം മണ്ഡലമൊഴികെ മറ്റു മണ്ഡലങ്ങളില്‍ ഭരണത്തിലുള്ളതാണ് എൽഡിഎഫിന്റെ കരുത്ത്. സിപിഐയുടെ മുതിർന്ന നേതാവ് പന്ന്യൻ രവീന്ദ്രന്റെ ജനകീയത വോട്ടായി മാറുമെന്ന് പാർട്ടി കരുതുന്നു. നേമത്തും പാറശാലയിലും നെയ്യാറ്റിൻകരയിലുമെല്ലാം പോളിങ് രാവിലെതന്നെ ഉയർന്നത് അനുകൂല ഘടകമാണെന്നും വിശ്വസിക്കുന്നു. തീരദേശമേഖലയിലെ വോട്ടുകൾ ഇത്തവണ ഇടതുമുന്നണിയിലേക്കെത്തുമെന്നും പ്രതീക്ഷിക്കുന്നു. ക്രോസ് വോട്ടിങ് നടക്കുന്നു എന്ന ആരോപണവുമായി യുഡിഎഫും ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്. പരാജയം ഭയന്നാണ് ആരോപണമെന്ന് എൽഡിഎഫ് തിരിച്ചടിക്കുന്നു. 2019ൽ 73.45% ആയിരുന്നു മണ്ഡലത്തിലെ പോളിങ്.

∙ പതിവില്ലാത്ത ഈ തിരക്ക് എന്തിന്

തൃശൂരിൽ ആദ്യ മണിക്കൂറുകളിൽ തന്നെ ബൂത്തുകളിൽ വോട്ടർമാരുടെ തിരക്കുണ്ടായിരുന്നു. തൃശൂർ ലോക്സഭാ മണ്ഡലത്തിലെ ഗുരുവായൂർ, മണലൂർ എന്നിവിടങ്ങളിൽ രാവിലെ എട്ടു മുതൽ കനത്ത തിരക്കാണ് അനുഭവപ്പെട്ടത്. ചാവക്കാട്, വാടാനപ്പള്ളി എന്നീ തിരദേശ മേഖലകളിലും രാവിലെ നല്ല തിരക്കുണ്ടായിരുന്നു. പ്രശ്ന ബാധിത ബൂത്തുകളിൽ സിആർപിഎഫിനെ വിന്യസിച്ചാണ് വോട്ടിങ് തുടരുന്നത്. ഒന്നര മാസത്തോളം നീണ്ടുനിന്ന വൻ പ്രചാരണം വോട്ടായി മാറിയെന്നാണ് ആദ്യ മണിക്കൂറുകളിൽ കരുതാൻ. അത്രയും മികച്ച പോളിങ്ങാണ് എല്ലാ ബൂത്തുകളിലും അനുഭവപ്പെടുന്നത്. മുന്നണികളുടെ വലിയ പ്രചാരണ പരിപാടികൾ നടന്ന ചാവക്കാട് മേഖലയില്‍ ഇതിനകം 30 ശതമാനം വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്.

സുരേഷ് ഗോപി തൃശൂരിലെ ബൂത്തിൽ വോട്ടു ചെയ്യാൻ കാത്തുനിൽക്കുന്നു
സുരേഷ് ഗോപി തൃശൂരിലെ ബൂത്തിൽ വോട്ടു ചെയ്യാൻ കാത്തുനിൽക്കുന്നു
English Summary:

Loksabha Election: Polling in Vatakara, Thiruvananthapuram, Thrissur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com