കോൺഗ്രസിന് കനത്ത തിരിച്ചടി; ഇൻഡോറിലെ സ്ഥാനാർഥി അക്ഷയ് കാന്തി പത്രിക പിൻവലിച്ചു, ബിജെപിയിൽ ചേർന്നേക്കും
Mail This Article
ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പിനിടെ കോൺഗ്രസിന് വീണ്ടും കനത്ത തിരിച്ചടി. മധ്യപ്രദേശിലെ ഇൻഡോർ ലോക്സഭാ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥി അക്ഷയ് കാന്തി ബം നാമനിർദേശ പത്രിക പിൻവലിച്ചു. ബിജെപി എംഎൽഎ രമേശ് മെൻഡോലയുടെ കൂടെ കലക്ടറേറ്റിലെത്തിയ അക്ഷയ്, സ്ഥാനാർഥിത്വം പിൻവലിക്കുന്നതായി അറിയിക്കുകയായിരുന്നു.
‘പാർട്ടിയിലേക്ക് സ്വാഗത’മെന്ന് കുറിച്ച് മധ്യപ്രദേശ് മന്ത്രിയും ബിജെപി നേതാവുമായ കൈലാഷ് വിജയവർഗിയ അക്ഷയ്‌ക്ക് ഒപ്പമുള്ള ചിത്രം പങ്കുവച്ചിട്ടുണ്ട്. ഇതോടെയാണ് അക്ഷയ് ബിജെപിയിലേക്ക് പോകുകയാണെന്ന് വ്യക്തമായത്. എന്നാൽ ഇക്കാര്യത്തിൽ അക്ഷയ് കാന്തിയുടെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
17 വർഷം മുൻപുള്ള ഒരു കേസ് അക്ഷയ് കാന്തി നാമനിർദേശ പത്രികയിൽ ചേർക്കാതിരുന്നതിനെ ബിജെപിയുടെ ലീഗൽ സെൽ ഓഫിസർമാർ ചോദ്യം ചെയ്തിരുന്നു. എന്നാൽ ജില്ലാ കലക്ടർ ഇത് തള്ളുകയും നാമനിർദേശ പത്രിക സ്വീകരിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ബിജെപി നേതാക്കൾക്കൊപ്പമെത്തി അക്ഷയ് പത്രിക പിൻവലിച്ചത്.
മെയ് 13നാണ് ഇൻഡോറിൽ വോട്ടെടുപ്പ്. ബിജെപിയുടെ സിറ്റിങ് സീറ്റാണ് ഇത്. ശങ്കർലാൽ ലാൽവനിയാണ് ഇവിടുത്തെ എംപി.