ADVERTISEMENT

കോട്ടയം∙ ആന്ധ്ര പൊലീസ് തടഞ്ഞു വച്ച 2000 കോടി രൂപ ഒടുവിൽ ഇന്ന് കേരള പൊലീസ് ഹൈദരാബാദിലെ റിസർവ് ബാങ്ക് കേന്ദ്രത്തിലെത്തിച്ചു. കാലാവധി കഴിഞ്ഞ നോട്ടുകൾ റിസർവ് ബാങ്ക് നിർദേശിച്ച സ്ഥലത്ത് എത്തിക്കുന്നതിനു കോട്ടയത്തു നിന്നു പോയ പൊലീസ് സംഘത്തെ കഴിഞ്ഞ ദിവസം ആന്ധ്ര പൊലീസ് തടഞ്ഞു വച്ചിരുന്നു. തിരഞ്ഞെടുപ്പ് പരിശോധനയുടെ ഭാഗമായ നടപടികളെ തുടർന്ന് മണിക്കൂറുകൾക്കു ശേഷമാണ് ഇവരെ വിട്ടയച്ചത്. 

കാലാവധി കഴിഞ്ഞ 500 രൂപ നോട്ടുകൾ നിറച്ച 4 ട്രക്കുകളിലാണു 2000 കോടിയുമായി കോട്ടയം നർക്കോട്ടിക് സെൽ ഡിവൈഎസ്പി ടി. ജോണിന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ 30ന് ഹൈദരാബാദിലേക്കു പോയത്. പഴകിയതിനെ തുടർന്നു വിവിധ ബാങ്കുകളിൽ തിരിച്ചെത്തിയ പണം തുരുത്തിയിലെ ഫെഡറൽ ബാങ്ക് കറൻസി ചെസ്റ്റിലാണു (റിസർവ് ബാങ്കിൽ നിന്നു ലഭിക്കുന്ന നോട്ടുകൾ ശാഖകൾക്കു വിതരണം ചെയ്യുന്ന കേന്ദ്രം) സൂക്ഷിച്ചിരുന്നത്. ഇതു ഹൈദരാബാദ് റിസർവ് ബാങ്ക് കേന്ദ്രത്തിലെത്തിക്കുന്നതിനുള്ള സമയ പരിധി അവസാനിക്കാറായതിനാലാണ് തിരഞ്ഞെടുപ്പു കാലമായിട്ടും പുറപ്പെട്ടത്. പഴയ 500 രൂപയുടെ കറൻസി ആയതിനാൽ കാര്യമായ പരിശോധന ഉണ്ടാകുമെന്നും പൊലീസ് സംഘം കരുതിയില്ല. കൂടാതെ റിസർവ് ബാങ്കിൽ എത്തിക്കാനുള്ള പണമാണിതെന്നു കാണിക്കുന്ന രേഖയും കയ്യിലുണ്ടായിരുന്നു. 

അനന്തനഗർ ജില്ലയിലെ സിഐയ്ക്കു ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന. കോടികൾ നിറച്ച കണ്ടെയ്നറുകൾ പൊലീസ് അകമ്പടിയോടെ പോകുന്നുണ്ടെന്നായിരുന്നു വിവരം. വിവരം അറിഞ്ഞു പാഞ്ഞെത്തിയ സിഐ തിരഞ്ഞെടുപ്പ് നിരീക്ഷണത്തിന്റെ ഭാഗമായുള്ള പൊലീസ്, റവന്യു സംഘത്തിന്റെ സഹായത്തോടെ വ്യാഴാഴ്ച ഉച്ചയ്ക്കു 12.15നു കണ്ടെയ്നറുകൾ തടഞ്ഞിട്ടു. വിജനമായ സ്ഥലത്താണു വാഹനങ്ങൾ തടഞ്ഞിട്ടത്. കോട്ടയം പൊലീസ് വിവരങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്താൻ ശ്രമിച്ചെങ്കിലും അവർ വഴങ്ങിയില്ല.

ആന്ധ്ര പൊലീസും റവന്യു സംഘവും സംശയത്തോടെ ചോദ്യങ്ങൾ ചോദിച്ചു കൊണ്ടിരുന്നു. ചോദ്യങ്ങൾക്കു കൃത്യമായ മറുപടി നൽകിയിട്ടും രേഖകൾ കാട്ടിയിട്ടും ഉദ്യോഗസ്ഥരുടെ സംശയം മാറിയില്ല. എവിടേക്കു പോകുന്നു, എന്താണ് വാഹനത്തിനുള്ളിൽ എന്നായി ചോദ്യം. 2000 കോടിയുടെ പഴയ കറൻസി റിസർവ് ബാങ്ക് കേന്ദ്രത്തിലേക്കു കൊണ്ടുപോവുകയാണെന്നും കേരളത്തിൽ നിന്നാണു വരുന്നതെന്നും പറഞ്ഞതോടെ ഉദ്യോഗസ്ഥർ വാഹനത്തിൽ ഉൾപ്പടെ കർശന പരിശോധന നടത്തി. പരിശോധനയുടെ ദൃശ്യങ്ങൾ വിഡിയോയിൽ പകർത്തുകയും ചെയ്തു. റിസർവ് ബാങ്ക് നൽകിയിരിക്കുന്ന ബാർകോഡ് സ്കാൻ ചെയ്താൽ വാഹനം എവിടെ നിന്നു പണം കയറ്റിയെന്നും എവിടേക്കു പോവുകയാണെന്നും അറിയാൻ കഴിയുമെന്ന് മജിസ്റ്റീരിയൽ അധികാരമുള്ള റവന്യു ഉദ്യോഗസ്ഥനെ ബോധ്യപ്പെടുത്താൻ ശ്രമിച്ചെങ്കിലും ബാർകോഡ് സ്കാൻ ചെയ്തു പരിശോധിക്കാൻ അദ്ദേഹം തയാറായില്ല.

രണ്ടുവാഹനങ്ങളിലാണു കോട്ടയത്തു നിന്നുള്ള പൊലീസ് സംഘം ഉണ്ടായിരുന്നത്. ഡിവൈഎസ്പി ജോണിനൊപ്പം 2 എസ്ഐമാരും 3 സീനിയർ സിവിൽ പൊലീസ് ഓഫിസർമാരും 8 സിവിൽ പൊലീസ് ഓഫിസർമാരുമാണ് ഉണ്ടായിരുന്നത്. കൂടാതെ മൂന്നു ബാങ്കുകളുടെ ഉദ്യോഗസ്ഥരുമുണ്ടായിരുന്നു. രാത്രി പൊലീസ് ആസ്ഥാനങ്ങളിൽ വിശ്രമിച്ച ശേഷം പകൽ മാത്രമാണു യാത്ര. നക്സലൈറ്റ് ഭീഷണിയും പണം തട്ടിയെടുക്കുന്ന കൊള്ളക്കാരും എത്തിയേക്കാമെന്നു കരുതി കർശന സുരക്ഷയോടെയാണു സംഘം സഞ്ചരിച്ചിരുന്നത്. ആന്ധ്ര പൊലീസ് തങ്ങളെ വിടാൻ ഭാവമില്ലെന്നു കണ്ടതോടെ ഉയർന്ന ഉദ്യോഗസ്ഥരെ ഉൾപ്പടെ ബന്ധപ്പെട്ടെങ്കിലും ആദ്യം പ്രയോജനമുണ്ടായില്ല. ഉച്ചഭക്ഷണത്തിനു പോകാനും അനുവദിച്ചില്ല. ഒടുവിൽ കോട്ടയം എസ്പി കെ. കാർത്തിക്കിനെ സംഘം ബന്ധപ്പെട്ടു. കാർത്തിക് അനന്തപുരി ഡിഐജിയെയും ജില്ലാ കലക്ടറെയും ബന്ധപ്പെട്ടു. തുടർന്ന് ഇവർക്ക് ഇ – മെയിൽ സന്ദേശവും അയച്ചു. അനന്തപുരി ജില്ലാ കലക്ടറുടെ നിർദേശം എത്തിയതോടെയാണ് ഇവരെ പോകാൻ അനുവദിച്ചത്.

English Summary:

Kerala Police, detained in Andhra with truck carrying 2000 crore released after hours, reached Reserve Bank of Hyderabad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com