ബൈക്കപകടത്തില്‍ പരുക്കേറ്റയാളെ സുഹൃത്ത് വഴിയില്‍ ഉപേക്ഷിച്ചു; പതിനേഴുകാരനു ദാരുണാന്ത്യം

Mail This Article
പത്തനംതിട്ട∙ കുഴിക്കാലയില്‍ ബൈക്ക് അപകടത്തില്‍ പരുക്കേറ്റ പതിനേഴുകാരന്‍ മരിച്ചു. കോഴഞ്ചേരി കാരം വേലിയിൽ ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ചാണ് അപകടം. ബൈക്കില്‍നിന്നു തെറിച്ചുവീണു തലയ്ക്കു പരുക്കേറ്റ നെല്ലിക്കാല പ്ലാങ്കുട്ടത്തിൽ മുരുപ്പേൽ സുധീഷാണ്(17) മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന കുലശേഖരപതി ചേട്ട ബിയാത്തുമ്മ പുരയിടത്തിൽ സഹദിന്(27) സാരമായ പരുക്കേറ്റു.
അതേസമയം, അപകടത്തെ തുടര്‍ന്നു സുധീഷിനെ സഹദ് ആശുപത്രിയിലാക്കിയില്ലെന്ന് ആരോപണമുയര്‍ന്നിരുന്നു. ഇരുവരും സുഹൃത്തുക്കളായിരുന്നു. സുധീഷിനെ സഹദ് വീട്ടില്‍നിന്നു വിളിച്ചിറക്കി കൊണ്ടുപോരുന്നതിനിടെയായിരുന്നു അപകടം. കടയിലേക്ക് എന്നുപറഞ്ഞാണ് സുധീഷ് സഹദിനൊപ്പം പോയതെന്നും മറ്റു വിവരങ്ങൾ അറിയില്ലെന്നും ബന്ധുക്കൾ അറിയിച്ചു. അപകടത്തിന്റെ സിസിടിവി ദൃശ്യം പുറത്തു വന്നു. സഹദിനെ നാട്ടുകാര്‍ തടഞ്ഞുവച്ച് പിന്നീട് പൊലീസിനു കൈമാറി.