ബ്ലൂ കോർണർ നോട്ടിസ് പുറത്തിറക്കാൻ ആലോചന; പ്രജ്വൽ കീഴടങ്ങിയേക്കുമെന്ന് ജെഡിഎസ് നേതാവ്
Mail This Article
ബെംഗളൂരു∙ പിതാവ് എച്ച്.ഡി. രേവണ്ണയുടെ അറസ്റ്റിനു പിന്നാലെ മകനും ജെഡിഎസ് എംപിയുമായ പ്രജ്വൽ കീഴടങ്ങിയേക്കുമെന്നു സൂചന. ജെഡിഎസ് നേതാവും മുൻ മന്ത്രിയുമായ സി.എസ്. പുട്ടരാജുവാണ് ഇതു സംബന്ധിച്ച സൂചന നൽകിയത്. പ്രജ്വൽ യുഎഇയില്‍നിന്നു മംഗളൂരു വിമാനത്താവളത്തിലെത്തുമെന്നാണു സൂചന. എന്നാൽ എപ്പോഴാണ് ഇന്ത്യയിലെത്തുക എന്നതു സംബന്ധിച്ച് പുട്ടരാജു വ്യക്തമാക്കിയില്ല. അതിനിടെ, പ്രജ്വലിനെ കണ്ടെത്താൻ ബ്ലൂ കോർണർ നോട്ടിസ് പുറത്തിറക്കാനും ആലോചനയുണ്ട്. അതേസമയം, ലൈംഗിക പീഡനക്കേസില്‍ അറസ്റ്റിലായ പ്രജ്വലിന്റെ പിതാവ് എച്ച്.ഡി. രേവണ്ണയെ ഇന്നു കോടതിയില്‍ ഹാജരാക്കും. രേവണ്ണയുടെ ഭാര്യയെയും ചോദ്യംചെയ്തേക്കും.
ബ്ലൂ കോർണർ നോട്ടിസ് പുറത്തിറക്കുന്നതിനായി ഇന്റർപോളിനോട് ആവശ്യപ്പെടാൻ പ്രത്യേക അന്വേഷണ സംഘം തീരുമാനിച്ചു. ഇന്റർപോളിന്റെ ഇന്ത്യയിലെ ഏജൻസിയായ സിബിഐക്ക് ഇതു സംബന്ധിച്ച അപേക്ഷ ഉടൻ നൽകും. പ്രത്യേക അന്വേഷണ സംഘത്തലവനെ ഇന്നലെ മുഖ്യമന്ത്രി സിദ്ധരാമയ്യ വിളിച്ച് അന്വേഷണ പുരോഗതി വിലയിരുത്തിയപ്പോഴാണ് ഇക്കാര്യം അറിയിച്ചത്. കുറ്റകൃത്യങ്ങൾ ചെയ്തശേഷം വിദേശങ്ങളിലേക്കു രക്ഷപ്പെടുന്നവരെ കണ്ടെത്താൻ രാജ്യാന്തര തലത്തിൽ ഇറക്കുന്ന ലുക്ക് ഔട്ട് നോട്ടിസാണ് ബ്ലൂ കോര്‍ണര്‍ നോട്ടിസ്.
പ്രജ്വലിന്റെ പീഡനത്തിനിരയായ സ്ത്രീയെ തട്ടിക്കൊണ്ടുപോയെന്ന കേസിലാണ് പിതാവ് എച്ച്.ഡി.രേവണ്ണ എംഎൽഎയെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ശനിയാഴ്ച രാത്രി അറസ്റ്റ് ചെയ്തത്. രേവണ്ണയുടെ പിതാവും മുൻ പ്രധാനമന്ത്രിയുമായ എച്ച്.ഡി.ദേവെഗൗഡയുടെ ബെംഗളൂരു പത്മനാഭനഗറിലെ വീട്ടിൽനിന്നായിരുന്നു അറസ്റ്റ്. സ്ത്രീയെ രേവണ്ണയുടെ അനുയായി രാജശേഖറിന്റെ ഹുൻസൂരിലെ ഫാംഹൗസിൽനിന്നു മോചിപ്പിച്ചു. ജനപ്രതിനിധികൾക്കായുള്ള പ്രത്യേക കോടതിയിൽ രേവണ്ണ നൽകിയ മുൻകൂർ ജാമ്യഹർജി തള്ളിയതിനു പിന്നാലെയായിരുന്നു അറസ്റ്റ്.
പ്രജ്വൽ ഉൾപ്പെട്ട അശ്ലീല വിഡിയോകളിലുള്ള സ്ത്രീയെ രേവണ്ണയുടെ നിർദേശപ്രകാരം സഹായി സതീഷ് ബാബണ്ണ ഏപ്രിൽ 29നു വീട്ടിൽനിന്നു തട്ടിക്കൊണ്ടുപോയെന്ന് അവരുടെ മകൻ പരാതി നൽകിയിരുന്നു. രേവണ്ണയുടെ ഹാസൻ ഹൊളെനരസിപുരയിലെ ഫാംഹൗസിൽ 6 വർഷത്തോളം ഇവർ ജോലി ചെയ്തിരുന്നു. അശ്ലീല ദൃശ്യങ്ങൾ പ്രചരിച്ചതിനു പിന്നാലെ വീട്ടിലെത്തിയ സതീഷ്, രേവണ്ണയുടെ ഭാര്യ ഭവാനി അന്വേഷിക്കുന്നുവെന്നു പറഞ്ഞാണ് ഇവരെ കൂട്ടിക്കൊണ്ടുപോയത്. സതീഷിനെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
ഭാര്യയുടെ ബന്ധു കൂടിയായ മറ്റൊരു വീട്ടുജോലിക്കാരി നൽകിയ പീഡനപരാതിയിലും രേവണ്ണയ്ക്കെതിരെ കേസുണ്ട്. രേവണ്ണ ഇവരെ പീഡിപ്പിച്ചതായും പ്രജ്വൽ ഇവരുടെ മകളുടെ അശ്ലീല വിഡിയോ ചിത്രീകരിച്ചെന്നുമാണ് കേസ്.