ADVERTISEMENT

പ്രാഗ്∙  ഖലിസ്ഥാൻ ഭീകരൻ ഗുർപട്‌വന്ത് സിങ് പന്നുവിനെ കൊലപ്പെടുത്താൻ പദ്ധതിയിട്ടെന്ന ആരോപണം നേരിടുന്ന ഇന്ത്യക്കാരനായ നിഖിൽ ഗുപ്തയെ യുഎസിന് കൈമാറാൻ അനുവദിച്ചുകൊണ്ടുള്ള  കീഴ്ക്കോടതി ഉത്തരവ്  സ്റ്റേ ചെയ്ത് ചെക്ക് റിപ്പബ്ലിക്കിലെ പരമോന്നത കോടതി.പന്നുവിനെ വധിക്കാൻ ഇന്ത്യയിലെ ഉന്നത ഉദ്യോഗസ്ഥൻ നിഖിൽ ഗുപ്ത വഴി പദ്ധതിയിട്ടു എന്ന് യുഎസ് ആരോപിച്ചിരുന്നു. കുറ്റാരോപിതനായ നിഖിലിനെ കൂടുതൽ അന്വേഷണത്തിനായി യുഎസിന് കൈമാറാമെന്ന് ചെക്ക് റിപ്പബ്ലിക് ഹൈക്കോടതി ഉത്തരവിടുകയും ചെയ്തു. ഇതാണ് സുപ്രീം കോടതി സ്റ്റേ ചെയ്തിരിക്കുന്നത്. നിഖിലിനെ കൈമാറാനുള്ള കാലതാമസം പൊതുതാല്പര്യത്തിന് യാതൊരു വിഘാതവും സൃഷ്ടിക്കില്ലെന്നും ആനുപാതികമായി അദ്ദേഹത്തിന് തന്നെയാണ് കൂടുതൽ ദോഷം വരുത്തുകയെന്നും ഇടക്കാല ഉത്തരവിൽ പറയുന്നു. 

പന്നുവിനെ വധിക്കാൻ വാടകക്കൊലിയാളികളെ ഏർപ്പാടാക്കിയെന്നും എന്നാൽ അയാൾ യുഎസിന്റെ രഹസ്യാന്വേഷണ ഏജന്റായിരുന്നുവെന്നുമാണ് റിപ്പോർട്ട്. ഗുപ്ത നിലവിൽ ചെക്ക് ജയിലിലാണ്.  ‌‌‌‌ഗൂഢാലോചനയും കൊലപാതകത്തിന് പദ്ധതിയിട്ടതും തെളിഞ്ഞാൽ ഇരുപതു വർഷം വരെ ഇയാൾക്ക് ജയിൽശിക്ഷ ലഭിച്ചേക്കും.

ഇന്ത്യയിലെ ഉന്നത ഉദ്യോഗസ്ഥനും കുറ്റകൃത്യത്തിൽ പങ്കാളിയാണെന്ന് യുഎസ് പറയുന്നുണ്ടെങ്കിലും പേരു വെളിപ്പെടുത്തിയിട്ടില്ല. പന്നുവിനെ യുഎസിൽ കൊലപ്പെടുത്താൻ ഇന്ത്യയുടെ അറിവോടെ ശ്രമിച്ചു എന്ന ആരോപണത്തിനു തെളിവായി 15 പേജുള്ള കുറ്റപത്രമാണ് മാൻഹാറ്റൻ കോടതിയിൽ സമർപ്പിച്ചത്. യുഎസ് കൈമാറിയ ചില വിവരങ്ങൾ അന്വേഷിക്കാൻ ഉന്നതതല സമിതി രൂപീകരിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു.

ഒരു ലക്ഷം യുഎസ് ഡോളറിനാണു ക്വട്ടേഷൻ ഉറപ്പിച്ചത്. ഇതിൽ 15,000 ഡോളർ മുൻകൂറായി കൈമാറുകയും ചെയ്തു. പണം കൈമാറുന്നതിന്റെ ചിത്രമടക്കം കുറ്റപത്രത്തിലുണ്ട്. കാനഡയിൽ ഹർദീപ് സിങ് നിജ്ജാറിനെ ജൂൺ 18നു കൊലപ്പെടുത്തിയത് ഇന്ത്യയാണെന്ന് ‘ഓഫിസർ’ പറയുന്ന സന്ദേശങ്ങളും കുറ്റപത്രത്തിൽ പരാമർശിക്കുന്നു. അതു പോലെ പന്നുവും ലക്ഷ്യമാണെന്നും ഇതു നടത്തിയാൽ കൂടുതൽ ‘ജോലി’ തരാമെന്നും ഇന്ത്യൻ ഉദ്യോഗസ്ഥൻ പറഞ്ഞതായി കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടി.

2023–ലാണ് നിഖിൽ അറസ്റ്റിലാകുന്നത്. ഇതിനെതിരെ നിഖിൽ കോടതിയെ സമീപിരുന്നു. തനിക്കുനേരെ നടക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും നിഖിൽ ആരോപിച്ചു. നിഖിൽ ഗുപ്തയുടെ കുടുംബം സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ചെക്ക് റിപ്പബ്ലിക്കിലെ ജയിലിൽ കഴിയുന്ന നിഖിൽ ഗുപ്തയുടെ മോചനത്തിൽ‌ ഇന്ത്യൻ സർക്കാരിന്റെ ഇടപെടൽ ആവശ്യപ്പെട്ടാണ് കുടുംബം കോടതിയിൽ ഹേബിയസ് കോർപസ് ഫയൽ ചെയ്തത്. വിദേശകാര്യമന്ത്രാലയം അതീവശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട കാര്യമാണിതെന്നും ചെക്ക് റിപ്പബ്ലിക്കിലെ കോടതിയെത്തന്നെ സമീപിക്കണമെന്നും സുപ്രീം കോടതി നിർദേശിച്ചിരുന്നു 

English Summary:

Czech Republic’s top court stays order allowing Nikhil Gupta’s extradition to US

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com