നിജ്ജാർ വധം: ഒരു ഇന്ത്യക്കാരൻ കൂടി കാനഡയിൽ അറസ്റ്റിൽ; 22കാരനെതിരെ ഗൂഢാലോചന ഉൾപ്പെടെയുള്ള വകുപ്പുകൾ
Mail This Article
ഓട്ടവ ∙ ഖലിസ്ഥാൻ നേതാവ് ഹർദീപ് സിങ് നിജ്ജാറിനെ കഴിഞ്ഞ ജൂൺ 18നു കാനഡയിൽ വെടിവച്ചുകൊന്ന സംഭവത്തിൽ അമൻദീപ് സിങ് (22) എന്ന ഇന്ത്യക്കാരനെക്കൂടി കാനഡ പൊലീസ് അറസ്റ്റ് ചെയ്തു. ഇതോടെ ഈ കേസിൽ അറസ്റ്റിലായ ഇന്ത്യക്കാർ നാലായി. കരൻപ്രീത് സിങ്, കമൽപ്രീത് സിങ്, കരൻ ബ്രാർ എന്നിവരാണ് നേരത്തേ അറസ്റ്റിലായത്.
കാനഡയിലെ ബ്രാപ്ടൻ സറെയിൽ താമസിക്കുന്ന അമൻദീപിനെതിരെ ഗൂഢാലോചനയും കൊലപാതകക്കുറ്റവുമാണു ചുമത്തിയിരിക്കുന്നത്. തോക്കും ലഹരിമരുന്നും കൈവശംവച്ച കേസിൽ 2023 നവംബർ 3 മുതൽ പൊലീസ് കസ്റ്റഡിയിലായിരുന്ന ഇയാളെ നിജ്ജാർ വധക്കേസിൽ അറസ്റ്റ് ചെയ്യുന്നത് കഴിഞ്ഞ ശനിയാഴ്ചയാണ്.
കൂട്ടുപ്രതികളെപ്പോലെ താൽക്കാലിക വീസയിൽ കാനഡയിലെത്തിയ അമൻദീപ് പിന്നീട് കുറ്റകൃത്യങ്ങളിൽ ഏർപ്പെടുകയായിരുന്നു. നിരോധിത ഖലിസ്ഥാൻ ടൈഗർ ഫോഴ്സിന്റെ (കെടിഎഫ്) കാനഡയിലെ തലവനായിരുന്നു നിജ്ജാർ.