‘പ്രതികൾ 25 കോടി കൈപ്പറ്റി; പണം നിയമപരമല്ല എന്നറിഞ്ഞ് തിരിമറി നടത്തി’: കരുവന്നൂരിൽ ഇ.ഡി
Mail This Article
കൊച്ചി ∙ കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുകേസിൽ പ്രതികള്‍ക്ക് നേരിട്ടും അല്ലാതെയും കോടികളുടെ കള്ളപ്പണം വെളുപ്പിക്കലിൽ പങ്കുണ്ടെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കേസിലെ പ്രതികളായ പി.ആർ.അരവിന്ദാക്ഷൻ, പി.സതീഷ്കുമാർ, സി.കെ.ജിൽസ് എന്നിവരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്ന വേളയിലാണ് ഹൈക്കോടതിയിൽ ഇ.ഡി ഇക്കാര്യം പറഞ്ഞത്. പ്രതിഭാഗത്തിന് മറുപടി സമർപ്പിക്കാൻ സമയമനുവദിച്ച ജസ്റ്റിസ് സി.എസ്.ഡയസ് കേസ് വീണ്ടും ഈ മാസം 29നു പരിഗണിക്കാൻ മാറ്റി.
പ്രതികളുടെ നടപടികൾ കള്ളപ്പണം വെളുപ്പിക്കൽ തടയുന്ന നിയമമനുസരിച്ച് കുറ്റകരമാണ് എന്ന് ഇ.ഡിക്കു വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ ലക്ഷ്മൺ സുന്ദരേശൻ വാദിച്ചു. ഇടനിലക്കാരനായ സതീഷ്കുമാർ മുഖ്യപ്രതി പി.പി.കിരൺ വഴി അനധികൃത വായ്പയായും മറ്റും 25 കോടി രൂപയെങ്കിലും കൈപ്പറ്റിയിട്ടുണ്ട്. ഇതിൽ 14 കോടിയോളം രൂപ മറ്റു പ്രതികൾക്ക് കൈമാറിയിട്ടുണ്ടെന്നും ഈ പണം നിയമപരമല്ലെന്ന് അറിഞ്ഞു തന്നെയാണ് മറ്റു പ്രതികൾ തിരിമറി നടത്തിയതെന്നും ഇ.ഡി പറഞ്ഞു. ഈ തുക കള്ളപ്പണമല്ലെന്ന് സ്ഥാപിക്കാൻ ശ്രമമുണ്ടായെന്നും ഇത് രാജ്യത്തിനെതിരായ കുറ്റകൃത്യമായി കണക്കാക്കണമെന്നും ഇ.ഡി വാദിച്ചു.
കൂട്ടുപ്രതികളുടെ മൊഴി കണക്കിലെടുത്തുള്ള ഇ.ഡിയുടെ അവകാശവാദങ്ങൾ അംഗീകരിക്കാനാകില്ല എന്നാണ് പ്രതികൾ വാദിച്ചത്. കൂട്ടുപ്രതികളുടെ മൊഴികൾ എങ്ങനെ തെളിയിക്കുമെന്ന് ഇതിനിടെ കോടതി ആരാഞ്ഞു. ആദായ നികുതി റിട്ടേൺ, പ്രതികളുമായി ബന്ധമുള്ള ദേവി ഫിനാൻസിന്റെ ബാലൻസ് ഷീറ്റ്, ബാങ്ക് അക്കൗണ്ട് രേഖകൾ, വിചാരണ കോടതിയുടെ കണ്ടെത്തലുകൾ എല്ലാം ഇക്കാര്യങ്ങൾ തെളിയിക്കുന്നതാണെന്നായിരുന്നു ഇ.ഡിയുടെ മറുപടി. വടക്കാഞ്ചേരി നഗരസഭ കൗൺസിലറായ പി.ആർ.അരവിന്ദാക്ഷൻ കേസിൽ മൂന്നാം പ്രതിയും സതീഷ് കുമാറും പി.പി.കിരണും ഒന്നും രണ്ടും പ്രതികളുമാണ്.