ആളൂർ സ്റ്റേഷനിൽനിന്ന് കാണാതായ പൊലീസുകാരനെ കണ്ടെത്തി; കണ്ടെത്തിയത് തഞ്ചാവൂരിലെ ലോഡ്ജിൽ
Mail This Article
ചാലക്കുടി∙ ഈ മാസം എട്ടു മുതൽ ദുരൂഹസാഹചര്യത്തിൽ അപ്രത്യക്ഷനായ ആളൂർ പൊലീസ് സ്റ്റേഷനിലെ സീനിയർ സിപിഒയെ കണ്ടെത്തി. വിജയരാഘവപുരം സ്വദേശി പി.എ.സലേഷിനെ (34) ആണ് കണ്ടെത്തിയത്. തമിഴ്നാട്ടിലെ തഞ്ചാവൂരിൽനിന്ന് ഇന്ന് ഉച്ചയോടെയാണ് ഇയാളെ കണ്ടെത്തിയത്. ചാലക്കുടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് തഞ്ചാവൂർ പുതിയ ബസ് സ്റ്റാൻഡിനു സമീപമുള്ള ലോഡ്ജിൽനിന്ന് സലേഷിനെ കണ്ടെത്തിയത്. സലേഷിനെ വിശദമായി ചോദ്യം ചെയ്താൽ മാത്രമേ മാറിനിൽക്കാനുള്ള കാരണം വ്യക്തമാകൂ.
കഴിഞ്ഞ ദിവസം എടിഎം കാർഡ് ഉപയോഗിച്ചതോടെയാണ് സലേഷ് തഞ്ചാവൂർ പ്രദേശത്ത് ഉണ്ടെന്ന് പൊലീസ് കണ്ടെത്തിയത്. തുടർന്ന് ചാലക്കുടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം തഞ്ചാവൂരിലേക്കു പോയി. അവിടെ നടത്തിയ വിശദമായ പരിശോധനയ്‌ക്കൊടുവിലാണ് ലോഡ്ജിൽവച്ച് കണ്ടെത്തിയത് പാലത്തിങ്കൽ അയ്യപ്പന്റെ മകനാണ് സലേഷ്.
ഈ മാസം 8നു പൊലീസ് സ്‌റ്റേഷനിലേയ്ക്കു ഡ്യൂട്ടിക്ക് എന്നു പറഞ്ഞു പോയ സലേഷ് തിരികെ എത്താതായതോടെ ബന്ധുക്കൾ പരാതി നൽകുകയായിരുന്നു. തുടർന്നു ചാലക്കുടി പൊലീസ് കേസ് റജിസ്‌റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചെങ്കിലും തുമ്പൊന്നും ലഭിച്ചില്ല.
ചാലക്കുടി കെഎസ്‌ആർടിസി ബസ് സ്‌റ്റാൻഡിനു സമീപം കണ്ടെത്തിയ സലേഷിന്റെ ബൈക്ക് പൊലീസ് സ്‌റ്റേഷനിലേക്കു മാറ്റിയിരുന്നു. സലേഷിന്റെ കയ്യിലുണ്ടായിരുന്ന മൊബൈൽ ഫോണിൽ ബന്ധപ്പെട്ടെങ്കിലും അത് സ്വിച്ച് ഓഫായിരുന്നു. ഇടയ്ക്ക് ഫോൺ ഓൺ ആയെങ്കിലും ലൊക്കേഷൻ കണ്ടെത്താനായില്ല.
മുൻപു മാള സ്‌റ്റേഷനിലും സലേഷ് ജോലി ചെയ്‌തിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്‌ഥർ മാനസികമായി സമ്മർദത്തിലാക്കിയതാണോ തിരോധാനത്തിനു കാരണം എന്നതും അന്വേഷണ വിധേയമാക്കണമെന്ന ആവശ്യം ഉയർന്നിരുന്നു. ഇതിനിടെയാണ് തഞ്ചാവൂരിൽവച്ച് സലേഷിനെ കണ്ടെത്തിയത്.