ADVERTISEMENT

ഫോർട്ട്കൊച്ചി∙ തോപ്പുംപടി ബീച്ച് റോഡ് ജംക്‌ഷനു സമീപം കടയിൽ കയറി യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയെ തോപ്പുംപടി പൊലീസ് അറസ്റ്റ് ചെയ്തു. മുണ്ടംവേലി അത്തിപ്പൊഴി പുത്തൻപാടത്ത് അലൻ ജോസിനെയാണു (24) മട്ടാഞ്ചേരി അസി.പൊലീസ് കമ്മിഷണർ കെ.ആർ. മനോജ്, തോപ്പുംപടി ഇൻസ്പെക്ടർ എ. ഫിറോസ് എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. മൂലങ്കുഴി കരുവേലിപ്പറമ്പിൽ സ്റ്റാൻലിയുടെ മകൻ ബിനോയ് സ്റ്റാൻലിയാണു (46) കൊല്ലപ്പെട്ടത്. 

ബുധനാഴ്ച വൈകിട്ട് ഏഴേ മുക്കാലോടെ സൗദി സെന്റ് ആന്റണീസ് സ്കൂളിനു സമീപത്തെ സ്വകാര്യ സ്ഥാപനത്തിൽ എത്തിയ അലൻ അവിടത്തെ ജീവനക്കാരനായിരുന്ന ബിനോയിയെ കത്തി കൊണ്ടു കുത്തി കൊലപ്പെടുത്തുകയായിരുന്നു. 28 കുത്തുകളാണു ബിനോയിയുടെ ശരീരത്തിലേറ്റതെന്നു പൊലീസ് പറഞ്ഞു.

കടയിൽ മറ്റാരും ഇല്ലാതിരുന്ന സമയത്താണു പ്രതിയെത്തിയത്. പുറത്തു നല്ല മഴയായിരുന്നതിനാൽ സംഭവം ആരും അറിഞ്ഞില്ല. രക്തം കടയുടെ പുറത്തേക്ക് ഒഴുകി വന്നതു ശ്രദ്ധയിൽപെട്ട വഴിയാത്രക്കാരനാണു വിവരം പൊലീസിൽ അറിയിച്ചത്. മുൻ വൈരാഗ്യമാണു കൊലപാതകത്തിനു കാരണമായതെന്നു പൊലീസ് പറയുന്നു. 

ലഹരിക്ക് അടിമയായ പ്രതിയെ അതിൽ നിന്നു മോചിപ്പിക്കുന്നതിനു കൗൺസിലിങ് വിദഗ്ധ കൂടിയായ ബിനോയിയുടെ ഭാര്യ ശ്രമിച്ചിരുന്നു. ഇതാണു വൈരാഗ്യത്തിനു കാരണമായത്. സൈക്യാട്രിസ്റ്റിന്റെ അടുക്കൽ കൊണ്ടു പോയതോടെ ഭ്രാന്തനെ പോലെയാണു തന്നെ ആളുകൾ കാണുന്നതെന്നും ജോലിക്കു പോകാൻ പോലും കഴിയുന്നില്ലെന്നും അലൻ ബിനോയിയോടു പറയുന്നതു സിസിടിവി ദൃശ്യത്തിലുണ്ട്.

ബിനോയിയെ കൊലപ്പെടുത്താൻ പ്രത്യേകം കത്തി വാങ്ങി തക്കം പാർത്തു നടക്കുകയായിരുന്നു അലൻ. തന്നെ കൊലപ്പെടുത്തുമെന്ന് അലൻ പറഞ്ഞിട്ടുള്ള കാര്യം ബിനോയി അടുത്ത സുഹൃത്തുക്കളുമായി പങ്കുവച്ചിരുന്നു. സംഭവശേഷം ഒളിവിൽ പോയ പ്രതിയ അത്തിപ്പൊഴിയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.

തോപ്പുംപടി എസ്ഐ അനുരാജ്, അസി.പൊലീസ് കമ്മിഷണറുടെ സ്ക്വാഡ് അംഗങ്ങളായ എസ്ഐ എം.പി. മധുസൂദനൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ അനീഷ്, എഡ്വിൻ റോസ്, സിവിൽ പൊലീസ് ഓഫിസർ‌മാരായ ഉമേഷ് ഉദയൻ, ബേബി ലാൽ, എം.എ. ജോൺ, സജി, വിനോദ്, ബിബിൻ മോൻ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

English Summary:

Kochi Shop Employee Murder: Accused Alan Arrested

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com